India
Siddaramaiah Was Scared If It Were Me DK Shivakumar Sparks Buzz
India

അന്ന് സിദ്ധരാമയ്യ പേടിച്ചു, ഞാനായിരുന്നെങ്കില്‍ നടപ്പാക്കുമായിരുന്നു: ഡി.കെ ശിവകുമാര്‍

Web Desk
|
28 Jun 2023 11:16 AM GMT

കെമ്പഗൗഡ ഒന്നാമന്റെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ശിവകുമാറിന്‍റെ പരാമര്‍ശം.

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കുറിച്ച് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ നടത്തിയ പരാമര്‍ശം ചര്‍ച്ചയാവുകയാണ്. നേരത്തെ മുഖ്യമന്ത്രിയായിരിക്കെ 2017ല്‍ സിദ്ധരാമയ്യ നടപ്പാക്കാന്‍ ഭയന്ന ഒരു പദ്ധതി, താനായിരുന്നെങ്കില്‍ നടപ്പാക്കുമായിരുന്നു എന്നാണ് ശിവകുമാര്‍ പറഞ്ഞത്. കെമ്പഗൗഡ ഒന്നാമന്റെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ശിവകുമാറിന്‍റെ പരാമര്‍ശം.

ടണലുകളും ഫ്ലൈ ഓവറുകളും നിര്‍മിക്കാന്‍ നിരവധി അഭ്യര്‍ഥനകള്‍ തനിക്ക് വരുന്നുണ്ടെന്ന് ഡി.കെ പറഞ്ഞു. ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള വെല്ലുവിളികളെ കുറിച്ച് ഡി.കെ പറഞ്ഞതിങ്ങനെ- "2017ല്‍ നഗരത്തില്‍ നിര്‍മിക്കാന്‍ തീരുമാനിച്ച സ്റ്റീല്‍ ഫ്ലൈ ഓവറിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയും ബെംഗളൂരു നഗരവികസന മന്ത്രിയായിരുന്ന കെ.ജെ ജോര്‍ജും ഭയന്നിരുന്നു. ഞാനായിരുന്നുവെങ്കില്‍ പ്രതിഷേധക്കാര്‍ക്ക് മുന്നില്‍ കീഴടങ്ങില്ലായിരുന്നു. പദ്ധതിയുമായി മുന്നോട്ടു പോകുമായിരുന്നു".

ഡി.കെ ശിവകുമാര്‍ ഈ പരാമര്‍ശം നടത്തുമ്പോള്‍ സിദ്ധരാമയ്യ വേദിയിലുണ്ടായിരുന്നില്ല. സര്‍ക്കാര്‍ രൂപീകരിച്ച് ഒരുമാസം കഴിയുമ്പോഴാണ് കര്‍ണാടക പി.സി.സി അധ്യക്ഷന്‍ കൂടിയായ ശിവകുമാറിന്‍റെ പരാമര്‍ശം. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്‍റെ മിന്നുംജയത്തിനു പിന്നാലെ മുഖ്യമന്ത്രി പദത്തിലെത്താന്‍ സിദ്ധരാമയ്യയും ഡി.കെയും രംഗത്തെത്തിയത് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരുന്നു. മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രിസ്ഥാനവും ശിവകുമാറിന് ഉപമുഖ്യമന്ത്രിസ്ഥാനവും നല്‍കിയത്. ഒരാള്‍ക്ക് ഒരു പദവി എന്ന നിബന്ധനയില്‍ ഡി.കെയ്ക്ക് ഇളവു നല്‍കി. പി.സി.സി അധ്യക്ഷ സ്ഥാനത്തു തുടരാന്‍ അദ്ദേഹത്തെ അനുവദിച്ചു.

ശിവകുമാറിന്റെ പരാമർശത്തെ കുറിച്ച് ചോദിച്ചപ്പോൾ, മന്ത്രി പ്രിയങ്ക് ഖാർഗെയുടെ പ്രതികരണമിങ്ങനെ- "സിദ്ധരാമയ്യ പേടിച്ചുപോയെന്ന് ഞാൻ പറയില്ല. മുഖ്യമന്ത്രി പൊതുജനാഭിപ്രായം മാനിക്കണമല്ലോ. ചിലപ്പോൾ തെറ്റായ വിവരങ്ങളുടെ ഒഴുക്കില്‍ നല്ല തീരുമാനങ്ങൾ വൈകും. അതാണ് ഉപമുഖ്യമന്ത്രി ഉദ്ദേശിച്ചതെന്ന് ഞാന്‍ കരുതുന്നു".

Summary- D K Shivakumar has said he would have gone ahead with a project that Chief Minister Siddaramaiah was scared to proceed with in his earlier term.

Similar Posts