സിദ്ദീഖ് കാപ്പൻ തിങ്കളാഴ്ച ജയിൽമോചിതനായേക്കും; കടമ്പയായി ഇ.ഡി കേസിലെ ജാമ്യം
|ജാമ്യം നേടി ആറാഴ്ച ഡൽഹിയിൽ കഴിയണമെന്നും അതിനുശേഷം കേരളത്തിലേക്ക് പോകാമെന്നുമാണ് സുപ്രിംകോടതി ഉത്തരവിൽ പറയുന്നത്
ന്യൂഡൽഹി: മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് ഇനിയുള്ള കടമ്പ ഇ.ഡി കേസിലെ ജാമ്യം. തിങ്കളാഴ്ച കാപ്പന് പുറത്തിറങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ജാമ്യം നൽകിയുള്ള സുപ്രിംകോടതി വിധി തന്നെയാണ് പ്രതീക്ഷ പകരുന്നത്. ഡൽഹിയിലെത്തിയാൽ ജൻപുരയിൽ സിദ്ദീഖ് കാപ്പന് താമസിക്കാൻ വസതി ഒരുക്കുന്ന തിരക്കിലാണ് ഭാര്യ റൈഹാനത്ത്.
മൂന്നു ദിവസത്തിനുള്ളിൽ കോടതിയിൽ ഹാജരാക്കണമെന്ന സുപ്രിംകോടതി ഉത്തരവുള്ളതിനാൽ ഇ.ഡി കേസിലും ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സുപ്രിംകോടതിയിലെത്തുന്നതുവരെ കോടതി നടപടികൾ ഇഴഞ്ഞാണ് നീങ്ങിയതെങ്കിലും ഡൽഹിയിലെത്തിയതോടെ അതിവേഗമായിരുന്നു നടപടികൾ. ആഗസ്റ്റ് 29നു പരിഗണയ്‌ക്കെത്തിയ ജാമ്യാപേക്ഷയിൽ സെപ്റ്റംബർ ഒൻപത് ആയപ്പോഴേയ്ക്കും ജാമ്യം നൽകിയ വിധിയും ലഭിച്ചു.
ഹാഥ്റസിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് യു.പി പൊലീസ് കാപ്പനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. അലഹബാദ് ഹൈക്കോടതി നേരത്തെ കാപ്പന് ജാമ്യം നിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് ജാമ്യം തേടി സുപ്രിംകോടതിയെ സമീപിച്ചത്. ജാമ്യം നേടി ആറാഴ്ച ഡൽഹിയിൽ കഴിയണമെന്നും അതിനുശേഷം കേരളത്തിലേക്ക് പോകാമെന്നുമാണ് സുപ്രിംകോടതി ഉത്തരവിൽ പറയുന്നത്.
രാജ്യവ്യാപകമായി വർഗീയ സംഘർഷങ്ങളും ഭീകരതയും വളർത്തുന്നതിന് നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് സിദ്ദീഖ് കാപ്പനെന്നും ജാമ്യം നൽകരുതെന്നും യു.പി സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സുപ്രിംകോടതിയിലെത്തിയ സിദ്ദീഖ് കാപ്പന്റെ കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് യു.പി സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നത്. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം ലഭിച്ച ശേഷം ആറാഴ്ച ഡൽഹിയിൽ കഴിയണം. എല്ലാ തിങ്കളാഴ്ചയും ഡൽഹിയിലെ നിസാമുദ്ദീൻ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. പിന്നീട് ജന്മനാട്ടിലേക്ക് പോകാം. അവിടെയും പ്രാദേശിക പൊലീസ് സ്റ്റേഷനിൽ ഹാജകാരണം. പാസ്പോർട്ട് വിചാരണാ കോടതിയിൽ സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Summary: Siddique Kappan may be released from prison on Monday