ഇ.ഡി കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി; സിദ്ദിഖ് കാപ്പന്‍റെ മോചനം നീളുന്നു
|യു.എ.പി.എ കേസിൽ സുപ്രിംകോടതി ജാമ്യം അനുവദിച്ച സിദ്ദിഖ് കാപ്പന് ഇ.ഡി കേസിൽ കൂടി ജാമ്യം ലഭിക്കാതെ പുറത്തിറങ്ങാനാവില്ല
മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരായ ഇ.ഡി കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. സെപ്തംബര്‍ 29ലേക്കാണ് മാറ്റിയത്. ലഖ്‌നൌ ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഇതോടെ യു.എ.പി.എ കേസില്‍ സുപ്രിംകോടതി ജാമ്യം നല്‍കിയിട്ടും സിദ്ദിഖ് കാപ്പന്‍റെ മോചനം നീളുകയാണ്.
എ.എസ്.ജി രാജു കേസിൽ ഹാജരാകണമെന്ന ഇ.ഡിയുടെ ആവശ്യത്തെ തുടർന്നാണ് കേസ് കഴിഞ്ഞ തവണ മാറ്റിയത്. യു.എ.പി.എ കേസിൽ സുപ്രിംകോടതി ജാമ്യം അനുവദിച്ച കാപ്പന് ഇ.ഡി കേസിൽ കൂടി ജാമ്യം ലഭിക്കാതെ പുറത്തിറങ്ങാനാവില്ല. നിലവിൽ ഉത്തർപ്രദേശിലെ മഥുര സെൻട്രൽ ജയിലിലാണ് സിദ്ദിഖ് കാപ്പനുള്ളത്.
ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദിഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബർ 9നാണ് സിദ്ദിഖ് കാപ്പന് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. രണ്ടു വര്‍ഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് യു.എ.പി.എ കേസില്‍ ജാമ്യം ലഭിച്ചത്.
ഉപാധികളോടെയാണ് ജാമ്യം. കാപ്പന്‍ ആറാഴ്ച ഡല്‍ഹിയില്‍ തുടരണം. വിചാരണ കോടതിയുടെ അനുമതിയില്ലാതെ ഡല്‍ഹി വിട്ടുപോകാന്‍ പാടില്ല. ആറാഴ്ചയ്ക്ക് ശേഷം സിദ്ദിഖ് കാപ്പന് ഡല്‍ഹി വിടാമെന്നും സുപ്രിംകോടതി വ്യക്തമാക്കി. കേരളത്തിലെത്തിയാലും എല്ലാ തിങ്കളാഴ്ചയും സ്റ്റേഷനിലെത്തി ഒപ്പുവെക്കണം. എന്നാല്‍ ഇ.ഡി കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ഇന്നും സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാനാവില്ല.
രണ്ട് യു.പി സ്വദേശികള്‍ ജാമ്യം നില്‍ക്കണമെന്ന വ്യവസ്ഥ പാലിക്കാന്‍ സിദ്ദിഖ് കാപ്പന് കഴിഞ്ഞിട്ടുണ്ട്. ലഖ്‌നൗ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. രൂപ്‍രേഖയാണ് ജാമ്യം നില്‍ക്കാന്‍ തയ്യാറായവരില്‍ ഒരാള്‍.