സിദ്ദീഖ് കാപ്പന്റെ ജാമ്യഹരജി വീണ്ടും സുപ്രിം കോടതിയിൽ; വൈകിയതെന്തെന്ന് ചീഫ് ജസ്റ്റിസ്
|രണ്ട് വർഷമായി കാപ്പൻ ജയിലിലാണെന്ന് അഭിഭാഷകർ അറിയിച്ചു
ന്യൂഡൽഹി: യുപിയിലെ ഹാഥ്റസ് കൂട്ടബലാത്സംഗ- കൊലക്കേസിൽ വാർത്താ റിപ്പോർട്ടിങ്ങിന് പോകവെ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യഹരജി ചീഫ് ജസ്റ്റിസിന് മുൻപിൽ ഉന്നയിച്ച് അഭിഭാഷകർ. രണ്ട് വർഷമായി കാപ്പൻ ജയിലിലാണെന്ന് അഭിഭാഷകർ അറിയിച്ചു. ജാമ്യാപേക്ഷ നൽകാൻ വൈകിയതെന്താണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ ചോദിച്ചു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത് ഈ മാസം ആദ്യം മാത്രമാണെന്നും അതിനാലാണ് ജാമ്യാപേക്ഷ വൈകിയതെന്നും അഭിഭാഷകർ മറുപടി നൽകി.
കഴിഞ്ഞ ദിവസം കാപ്പനടക്കമുള്ളവർ സഞ്ചരിച്ച കാറിന്റെ ഡ്രൈവർക്ക് യുപി അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഹാഥ്രസ് യുഎപിഎ കേസിലെ കുറ്റാരോപിതരിൽ ഒരാളായ മുഹമ്മദ് ആലാമിനാണ് ജാമ്യം അനുവദിച്ചത്. കേസിൽ ഇതാദ്യമായാണ് ഒരാൾക്ക് ജാമ്യം ലഭിക്കുന്നത്. സിദ്ധീഖ് കാപ്പൻ, കാംപസ് ഫ്രണ്ട് നേതാക്കളായ അതീഖുർറഹ്മാൻ, മസൂദ് അഹ്മദ് എന്നിവർക്കൊപ്പമാണ് ആലമും അറസ്റ്റിലായത്.
എന്നാൽ, സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം അലഹബാദ് ഹൈക്കോടതി തള്ളുകയായിരുന്നു. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ച് ആണ് ജാമ്യാപേക്ഷ തള്ളിയത്. ഇതിനിടെ, കാപ്പന്റെ ശബ്ദവും കൈയെഴുത്തും ഉള്‍പ്പെടെ പരിശോധിച്ച് വീണ്ടും അന്വേഷണം നടത്തണമെന്ന യു.പി പൊലീസിന്റെ ആവശ്യം മഥുര അഡീഷണല്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അനില്‍കുമാര്‍ പാണ്ഡെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യാപേക്ഷയുമായി സിദ്ധീഖ് കാപ്പന്റെ അഭിഭാഷകർ സുപ്രിം കോടതിയെ സമീപിച്ചത്.