സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികൾ പൂർത്തിയായി; ഇ.ഡി കേസിൽ ജാമ്യം ലഭിക്കുന്ന മുറയ്ക്ക് പുറത്തിറങ്ങാൻ കഴിയും
|സുപ്രീംകോടതി സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും യുപി സ്വദേശികൾ ജാമ്യക്കാരാകണമെന്ന വ്യവസ്ഥയായിരുന്നു തടസം
ലക്നൗ: യു.എ.പി.എ കേസിൽ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികൾ പൂർത്തിയായി. ലക്നൗ മുൻ വിസി ജാമ്യക്കാരി ആയതോടെ കാര്യങ്ങൾ എളുപ്പമായി. ഇ.ഡി കേസിൽ ജാമ്യം ലഭിക്കുന്ന മുറയ്ക്ക് സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാൻ കഴിയും.
സുപ്രീംകോടതി സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും യുപി സ്വദേശികൾ ജാമ്യക്കാരാകണമെന്ന വ്യവസ്ഥയായിരുന്നു തടസം. ബുദ്ധിമുട്ട് മനസിലാക്കി ലഖ്നോ സർവകലാശാല മുൻ വിസി രൂപ് രേഖ വെർമ മുന്നോട്ട് വന്നതോടെയാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്. ഇരുണ്ടകാലത്ത് ഒരാൾക്ക് ചെയ്യാവുന്ന ഏറ്റവും ചെറിയ കാര്യമെന്നായിരുന്നു രൂപ് രേഖ വെർമ്മയുടെ പ്രതികരണം. 79 കാരിയായ ഇവർ സ്വന്തം കാറിന്റെ ആര്.സി ബുക്കിന്റെ പകർപ്പാണ് കോടതിയിൽ സമർപ്പിച്ചത്. ജാമ്യക്കാർ 1 ലക്ഷം രൂപയുടെ ആസ്തി തെളിയിക്കണമെന്ന വ്യവസ്ഥ അനുസരിച്ചാണ് നടപടി. മറ്റൊരു യുപി സ്വദേശിയും ജാമ്യം നിൽക്കാൻ തയാറായി.
ഇ.ഡി കേസിലെ ജാമ്യാപേക്ഷ വെള്ളിയാഴ്ചത്തേക്ക് മാറ്റി വച്ചിരിക്കുകയാണ്. അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു ലഖ്നോ ജില്ലാകോടതിയിൽ ഹാജരാകും എന്നറിയിച്ചതോടെയാണ് കേസ് മാറ്റിയത്. 45000 രൂപ സിദ്ദിഖ് കാപ്പന്റെ ബാങ്ക് അക്കൗണ്ടിൽ കണ്ടെത്തിയതാണ് ഇഡിയുടെ പ്രധാന കേസിന് ആധാരമായത്.