India
സിദ്ദീഖ് കാപ്പന്റെ ജാമ്യഹരജിയിൽ യു.പി സർക്കാറിന് നോട്ടീസ്
India

സിദ്ദീഖ് കാപ്പന്റെ ജാമ്യഹരജിയിൽ യു.പി സർക്കാറിന് നോട്ടീസ്

Web Desk
|
29 Aug 2022 7:11 AM GMT

കാപ്പനെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങൾക്ക് യാതൊരു തെളിവും ഹാജരാക്കാൻ യു.പി പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന്‌ അഭിഭാഷകർ കോടതിയെ അറിയിച്ചു.

ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യഹരജിയിൽ യു.പി സർക്കാറിന് സുപ്രിംകോടതി നോട്ടീസ് അയച്ചു. സെപ്തംബർ ഒമ്പതിനാണ് ഇനി കേസ് പരിഗണിക്കുക. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ച് കാപ്പന്റെ ജാമ്യഹരജി തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രിംകോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റിസായി അധികാരമേറ്റ ശേഷം ജസ്റ്റിസ് യു.യു ലളിത് ആദ്യമായി പരിഗണിച്ചത് സിദ്ദീഖ് കാപ്പന്റെ ജാമ്യഹരജിയാണ്. ഹാഥ്‌റസിൽ കലാപം സൃഷ്ടിച്ചു, പണം വിതരണം ചെയ്തു തുടങ്ങിയ കാര്യങ്ങളാണ് സിദ്ദീഖ് കാപ്പനെതിരായ കുറ്റപത്രത്തിൽ പറയുന്നത്. എന്നാൽ അദ്ദേഹം ജീവിതത്തിൽ ഇതുവരെ ഹാഥ്‌റസ് സന്ദർശിച്ചിട്ടില്ല, മാധ്യമപ്രവർത്തകനായ കാപ്പൻ ഹാഥ്‌റസിൽ ദലിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാനയി പോകുന്നതിനിടെ അവിടെ എത്തുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്‌തെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചു.

കാപ്പനെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങൾക്ക് യാതൊരു തെളിവും ഹാജരാക്കാൻ യു.പി പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും അഭിഭാഷകർ കോടതിയിൽ വ്യക്തമാക്കി. കാപ്പന്റെ ഡൽഹിയിലെ താമസസ്ഥലത്ത് റെയ്ഡ് നടത്തിയപ്പോൾ എകെ 47ന്റെ ചിത്രം കണ്ടെത്തി, എക്കൗണ്ടിൽ 25,000 രൂപയുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് തെളിവായി യു.പി പൊലീസ് പറയുന്നത്. ഇതെല്ലാം അർഥശൂന്യമായ വാദങ്ങളാണെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചു.

ഹാഥ്‌റസിൽ ദലിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാനായി പോകുന്നതിനിടെ 2020 ഒക്ടോബറിലാണ് സിദ്ദീഖ് കാപ്പൻ അറസ്റ്റിലായത്. രണ്ടുവർഷത്തോളമായി അദ്ദേഹം യു.പി ജയിലിലാണ്. സിദ്ദീഖ് കാപ്പൻ സഞ്ചരിച്ച കാർ ഓടിച്ചിരുന്ന മുഹമ്മദ് ആലിത്തിന് കഴിഞ്ഞ ആഴ്ച ജാമ്യം ലഭിച്ചിരുന്നു. യുഎപിഎ ചുമത്തിയതിനെ തുടർന്ന് മുഹമ്മദ് ആലവും ജയിലിലായിരുന്നു.

Similar Posts