സിദ്ദു മൂസെവാലയുടെ ശരീരത്തിൽ 19 ബുള്ളറ്റുകൾ, 15 മിനുട്ടിൽ മരണം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
|മാൻസയിലേക്കുള്ള യാത്രക്കിടെയാണ് മൂസെവാലയുടെ വാഹനം തടഞ്ഞുനിർത്തി അജ്ഞാതരായ അക്രമികൾ വെടിയുതിർത്തത്. പഞ്ചാബിലെ പുതിയ എഎപി സർക്കാർ മൂസെവാലയുടെ സുരക്ഷ എടുത്തുകളഞ്ഞിന് പിന്നാലെയാണ് അദ്ദേഹം വെടിയേറ്റു മരിച്ചത്.
പട്യാല: പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ ശരീരത്തിൽ തുളഞ്ഞുകയറിയത് 19 ബുള്ളറ്റുകൾ. വെടിയേറ്റ് 15 മിനുട്ടിൽ തന്നെ ജീവൻ നഷ്ടമായെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മെയ് 29നാണ് പഞ്ചാബിലെ മാൻസ ജില്ലയിൽവെച്ച് സിദ്ദു മൂസെവാലയെ മാഫിയാസംഘം വെടിവെച്ചുകൊലപ്പെടുത്തിയത്.
മൂസെവാലയുടെ ശരീരത്തിന്റെ വലതുഭാഗത്താണ് ഭൂരിഭാഗം ബുള്ളറ്റുകളും പതിച്ചത്. കിഡ്‌നി, ലിവർ, ശ്വാസകോശം, നട്ടെല്ല് എന്നിവിടങ്ങളിലെല്ലാം ബുള്ളറ്റുകൾ തുളഞ്ഞുകയറിയിട്ടുണ്ട്. 15 മിനുട്ടിനുള്ളിൽ തന്നെ മരണം സംഭവിച്ചിരിക്കാമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നു.
മാൻസയിലേക്കുള്ള യാത്രക്കിടെയാണ് മൂസെവാലയുടെ വാഹനം തടഞ്ഞുനിർത്തി അജ്ഞാതരായ അക്രമികൾ വെടിയുതിർത്തത്. പഞ്ചാബിലെ പുതിയ എഎപി സർക്കാർ മൂസെവാലയുടെ സുരക്ഷ എടുത്തുകളഞ്ഞിന് പിന്നാലെയാണ് അദ്ദേഹം വെടിയേറ്റു മരിച്ചത്.
കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാഫിയാതലവൻ ഗോൾഡി ബ്രാർ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. കഴിഞ്ഞ വർഷം നടന്ന അകാലി നേതാവ് വിക്കി മിദ്ദുഖേരയുടെ കൊലപാതകത്തിന് പ്രതികാരമായാണ് ഗായകനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.