സിദ്ധു മൂസേവാലയുടെ അവസാന ഗാനം യൂട്യൂബ് നീക്കം ചെയ്തു
|പഞ്ചാബിലെ ജല പ്രശ്നത്തെ ആസ്പദമാക്കി രചിച്ച ഗാനം സിദ്ധുവിന്റെ മരണത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പാണ് റെക്കോർഡ് ചെയ്തത്
പഞ്ചാബ്: ഗായകൻ സിദ്ധു മൂസേവാലയുടെ മരണശേഷം പുറത്തിറങ്ങിയ അവസാന ഗാനം യൂട്യൂബിൽ നിന്ന് നീക്കം ചെയ്തു. പഞ്ചാബും ഹരിയാനയും തമ്മിൽ ഏറെക്കാലമായി നിലനിൽക്കുന്ന പ്രശ്നമായ സത്ലജ്-യമുന ലിങ്ക് കനാലിനെ പരാമർശിക്കുന്ന 'എസ്.വൈ.എൽ' എന്ന ഗാനമാണ് യൂട്യൂബ് നീക്കം ചെയ്തത്. വിവാദ വിഷയമായതിനാൽ കേന്ദ്രസർക്കാറിന്റെ നിർദേശ പ്രകാരമാണ് ഗാനം നീക്കം ചെയ്തത് എന്നാണ് യൂട്യൂബ് നൽകുന്ന വിശദീകരണം.
ഗാനം എഴുതിയതും സംഗീതം നൽകിയതും ആലപിച്ചതും സിദ്ധു മൂസേവാലെ തന്നെയായിരുന്നു. ജൂൺ 23 ന് പുറത്തിറങ്ങിയ ഈ ഗാനത്തിന് 2.7 കോടി കാഴ്ചക്കാരായിരുന്നു ഉണ്ടായിരുന്നത്. പഞ്ചാബിലെ ജലപ്രശ്നത്തെ ആസ്പദമാക്കി രചിച്ച ഗാനം മരണത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പാണ് റെക്കോർഡ് ചെയ്തത്. സിദ്ധു മൂസേവാലെയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.
മെയ് 29 ന് പഞ്ചാബിലെ മാൻസ ജില്ലയിലെ ജവഹർകെ ഗ്രാമത്തിൽ വെച്ച് അക്രമികളുടെ വെടിയേറ്റാണ് സിദ്ധു കൊല്ലപ്പെടുന്നത്. പഞ്ചാബ് പൊലീസ് സുരക്ഷ പിൻവലിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം. കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘം ഗോൾഡി ബ്രാർ ഫേസ്ബുക്ക് പോസ്റ്റിൽ മൂസ് വാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തിരുന്നു. പഞ്ചാബി റാപ്പറുടെ കൊലപാതകത്തിൽ മുഖ്യപ്രതിയായ ലോറൻസ് ബിഷ്ണോയിയുടെ അടുത്ത സഹായിയാണ് ഗോൾഡി ബ്രാർ.