India
രാജ്യത്ത് ഏകാധിപത്യം വന്നപ്പോൾ, രാഹുലിന്റെ നേതൃത്വത്തിൽ വിപ്ലവവും വന്നു; ജയിലിൽ നിന്നിറങ്ങി സിദ്ദു
India

'രാജ്യത്ത് ഏകാധിപത്യം വന്നപ്പോൾ, രാഹുലിന്റെ നേതൃത്വത്തിൽ വിപ്ലവവും വന്നു'; ജയിലിൽ നിന്നിറങ്ങി സിദ്ദു

Web Desk
|
1 April 2023 3:46 PM GMT

ഭഗവന്ത് മൻ കടലാസ് മുഖ്യമന്ത്രിയാണെന്നും എന്തിനാണ് വലിയ വാഗ്ദാനങ്ങൾ നൽകി പഞ്ചാബികളെ വിഡ്ഡികളാക്കുന്നതെന്നും സിദ്ദു

പാട്യാല: വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഒരാൾ മരിച്ച കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞ മുൻ പി.സി.സി അധ്യക്ഷനും ക്രിക്കറ്ററുമായ നവജ്യോത് സിങ് സിദ്ദു മോചിതനായി. 34 വർഷം മുമ്പ് നടന്ന സംഭവത്തിൽ സുപ്രിംകോടതി ഒരു വർഷം തടവിന് ശിക്ഷിച്ചതോടെയായിരുന്നു പഞ്ചാബിലെ പ്രധാന കോൺഗ്രസ് നേതാവായ സിദ്ദു പാട്യാല ജയിലിലായിരുന്നത്. പത്ത് മാസമാണ് ഇദ്ദേഹം ജയിലിൽ കഴിഞ്ഞത്. ജയിലിൽ നിന്നറിങ്ങിയ സിദ്ദു വളരെ രൂക്ഷമായാണ് കേന്ദ്രസർക്കാറിനെതിരെ പ്രതികരിച്ചത്. 'ജനാധിപത്യം ചങ്ങലയിലാണ്, പഞ്ചാബ് ഈ രാജ്യത്തിന്റെ കവചമാണ്. ഏകാധിപത്യം വന്നപ്പോൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വിപ്ലവവും വന്നു' സിദ്ദു അഭിപ്രായപ്പെട്ടു.

ആംആദ്മി പാർട്ടി ഭരിക്കുന്ന പഞ്ചാബിൽ രാഷ്ട്രപതി ഭരണം കൊണ്ടുവരാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. തീവ്ര സിഖ് പ്രചാരകനായ അമൃത്പാൽ സിംഗിനും സംഘത്തിനുമെതിരെ നടക്കുന്ന നീക്കങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സിദ്ദുവിന്റെ പ്രതികരണം.

'പഞ്ചാബിൽ രാഷ്ട്രപതി ഭരണം കൊണ്ടുവരാൻ ഗൂഢാലോചനയുണ്ട്. അവർ പഞ്ചാബിനെ അശക്തമാക്കാൻ ശ്രമിക്കുകയാണ്. ഞാൻ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കും എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും ഒപ്പം മതിലുപോലെ നിലകൊള്ളും' സിദ്ദു വ്യക്തമാക്കി.

സംസ്ഥാന സർക്കാറിനും മുഖ്യമന്ത്രിക്കും എതിരെയും അദ്ദേഹം സംസാരിച്ചു. ഭഗവന്ത് മൻ കടലാസ് മുഖ്യമന്ത്രിയാണെന്നും എന്തിനാണ് വലിയ വാഗ്ദാനങ്ങൾ നൽകി പഞ്ചാബികളെ വിഡ്ഡികളാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇന്ന് നിശ്ചയിക്കപ്പെട്ടതിലും എട്ട് മണിക്കൂർ വൈകിയാണ് സിദ്ദുവിനെ ജയിലിൽനിന്ന് വിട്ടയച്ചത്. മാധ്യമങ്ങൾ പോയ ശേഷം തന്നെ മോചിപ്പിക്കാനാണ് സർക്കാർ കാത്തുനിന്നതെന്നും സിദ്ദു ആരോപിച്ചു.

സിദ്ദു ജയിലിലായത് എങ്ങനെ? ഏത് കേസിൽ?

1988ൽ ഉണ്ടായ ഒരു തർക്കത്തിനിടെ ഗുർനാം സിങ് എന്നയാൾ കൊല്ലപ്പെട്ട കേസിലാണ് 59കാരനായ സിദ്ദുവിനെ കോടതി ഒരു വർഷം തടവിന് ശിക്ഷിച്ചിരുന്നത്. 1988 ഡിസംബർ 27ന് ഉച്ചക്ക് വാഹനം നടുറോഡിൽ പാർക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തിൽ വന്ന ഗുർണാം സിങ് ചോദ്യം ചെയ്തു. ഇരുവരും തമ്മിലുള്ള വാക്കേറ്റം അടിപിടിയിൽ കലാശിക്കുകയായിരുന്നു. സിദ്ദുവിന്റെ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഗുർണാം ആശുപത്രിയിൽവെച്ച് മരിച്ചു. പഞ്ചാബ് ഹരിയാന ഹൈക്കോടതി മനപ്പൂർവമല്ലാത്ത നരഹത്യക്ക് മൂന്ന് വർഷം തടവ് വിധിച്ചെങ്കിലും 2018ൽ സുപ്രിംകോടതി ശിക്ഷ 1000 രൂപ പിഴയിലൊതുക്കി. മരിച്ചയാളുടെ ബന്ധുക്കൾ നൽകിയ പുനപ്പരിശോധനാ ഹരജിയിലാണ് സുപ്രിംകോടതി ഒരു വർഷത്തെ തടവുശിക്ഷ വിധിച്ചത്. കഴിഞ്ഞ വർഷം മേയിലായിരുന്നു ഈ വിധി.

സംസ്ഥാന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതിനെ തുടർന്ന് സിദ്ദു പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. അതിനിടെ, ജയിലിൽ കഴിയവേ സിദ്ദുവിന്റെ ഭാര്യ അയച്ച വൈകാരിക കത്ത് പുറത്തുവന്നിരുന്നു. നിങ്ങൾ അനുഭവിക്കുന്നതിനെക്കാൾ വലിയ വേദനയിലാണ് താൻ പുറത്ത് കഴിയുന്നതെന്ന് നവജോത് കൗർ ട്വീറ്റ് ചെയ്തു.

'ചെയ്യാത്ത കുറ്റത്തിന് അദ്ദേഹം ജയിൽശിക്ഷ അനുഭവിക്കുകയാണ്. ഓരോ ദിവസവും നിന്നെക്കാൾ വലിയ വേദനയിൽ പുറത്ത് കാത്തിരിക്കുകയാണ്. നിനക്ക് വീണ്ടും വീണ്ടും നീതി നിഷേധിക്കപ്പെടുകയാണ്. നിനക്ക് വേണ്ടി കാത്തിരിക്കാത്തതിന് ക്ഷമിക്കണം. കാൻസർ അതിന്റെ അതിന്റെ രണ്ടാംഘട്ടത്തിലേക്ക് പടർന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് ഒരു ശസ്ത്രക്രിയക്കായി പോവുകയാണ്. ആരെയും കുറ്റപ്പെടുത്താനില്ല, എല്ലാം ദൈവത്തിന്റെ തീരുമാനമാണ്''-നവജോത് കൗർ ട്വീറ്റ് ചെയ്തു.

Former Punjab PCC president and former cricketer Navjot Singh Sidhu, who was convicted in the case of a man's death during a parking dispute, has been released from jail.

Similar Posts