India
Sikh community worried about Uniform Civil Code, Sikh community leaders to meet Law Commission in UCC, Sikh community in UCC, Uniform Civil Code
India

ഏക സിവിൽകോഡിനെതിരെ സിഖ് നേതാക്കൾ; ആശങ്കയുമായി സമുദായം

Shaheer
|
5 July 2023 12:11 PM GMT

ഏക സിവിൽകോഡിൽ ആശങ്ക രേഖപ്പെടുത്തി പഞ്ചാബിൽ ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലിദൾ ലോ കമ്മിഷന് കത്തെഴുതിയിട്ടുണ്ട്. വിഷയം ചർച്ച ചെയ്യാനായി ജൂലൈ ഏഴിന് ഡൽഹി ഗുരുദ്വാര സിഖ് നേതാക്കളുടെ യോഗവും വിളിച്ചിട്ടുണ്ട്

ന്യൂഡൽഹി: ഏക സിവിൽകോഡ് നീക്കത്തിൽ ആശങ്കയുമായി രാജ്യത്തെ സിഖ് സമൂഹം. കേന്ദ്ര സർക്കാർ നീക്കം തങ്ങളുടെ മതകീയ സ്വത്വത്തെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തകർക്കുമെന്ന ആശങ്ക പര്യസമാക്കി വിവിധ സിഖ് രാഷ്ട്രീയ പാർട്ടികളും സംഘടനകളും സാമൂഹികപ്രവർത്തകരും രംഗത്തുണ്ട്.

സമുദായത്തിന്റെ ഉത്കണ്ഠകൾ അറിയിച്ച് പഞ്ചാബിൽ ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലിദൾ(സാദ്) ലോ കമ്മിഷന് കത്തെഴുതിയിട്ടുണ്ട്. ഏക സിവിൽകോഡ് വിഷയം ചർച്ച ചെയ്യാനായി ജൂലൈ ഏഴിന് ഡൽഹി ആസ്ഥാനമായുള്ള സിഖ് ഗുരുദ്വാര പ്രബന്ധക് സമിതി യോഗം വിളിച്ചുചേർത്തിരിക്കുകയാണ്. യോഗത്തിലേക്ക് വിവിധ സിഖ് സംഘടനാ പ്രതിനിധികൾക്ക് ക്ഷണമുണ്ട്. അതേസമയം, പുതിയ പശ്ചാത്തലത്തിൽ സിഖ് പേഴ്‌സനൽ ലോ ബോർഡ് രൂപീകരിക്കാനുള്ള നീക്കവും ഒരു ഭാഗത്ത് സമുദായത്തിലെ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കുന്നു.

അക്കമിട്ടുനിരത്തി ആശങ്കകൾ; ലോ കമ്മിഷന് കത്ത്

സമുദായത്തിന്റെ ആശങ്കകൾ അക്കമിട്ടുനിരത്തിയാണ് ശിരോമണി അകാലിദൾ പഞ്ചാബ് ഘടകം ലോ കമ്മിഷന് കത്തയച്ചിരിക്കുന്നത്. ഏക സിവിൽകോഡ് തയാറാക്കുമ്പോൾ സിഖ് മതാവകാശങ്ങളും ആചാരങ്ങളും മതകീയ സ്വത്വവും സംരക്ഷിക്കാനുള്ള നടപടികളുണ്ടാകണമെന്ന് കത്തിൽ സംസ്ഥാന അധ്യക്ഷൻ പരംജിത് സിങ് സർണ ആവശ്യപ്പെട്ടു.

കത്തിൽ പ്രത്യേകം അക്കമിട്ടുനിരത്തിയ കാര്യങ്ങൾ ഇങ്ങനെയാണ്:

1. സിഖ് ആചാര്യൻ ഗുരു ഗോബിന്ദ് സിങ് നിർദേശിച്ച അഞ്ച് കക്കാറുകൾക്ക്(വസ്ത്ര, ആചാര നിർദേശങ്ങൾ) ഒരു വിധത്തിലും തടസമുണ്ടാകരുത്: കൃപാൺ(വാൾ), കേഷ്(തലമുടിയും താടിയും നീട്ടിവളർത്തുകയും തലപ്പാവ് ധരിക്കുകയും ചെയ്യൽ), കങ്ക(തലമുടിയും താടിയും ചീകിയൊതുക്കാനുള്ള പ്രത്യേക ചീപ്പ്), കരാ(വള), കച്ചെര(അടിവസ്ത്രം) എന്നിവയിൽ മാറ്റമില്ലാതെ തുടരാൻ അനുവാദമുണ്ടാകണം. ഇവ ദൈനംദിന ജീവിതത്തിൽ കൊണ്ടുനടക്കാൻ ഒരുതരത്തിലും വിലക്കോ വിഘാതമോ ഉണ്ടാകരുത്.

2. സായുധസംഘമായ നിഹാംഗുകൾക്ക് സംരക്ഷണം വേണം: സമുദായത്തിന്റെ മതകീയവും സാംസ്‌കാരികവുമായ പാരമ്പര്യത്തിന്റെ ഭാഗമാണ് നിഹാംഗുകളും അവരുടെ സായുധ പ്രവർത്തനങ്ങളും. ഇതിന് ഒരു തരത്തിലും വിലക്കുണ്ടാകരുത്.

3. ആനന്ദ് മാര്യേജ് ആക്ട് സംരക്ഷിക്കണം: രാജ്യത്തെ സിഖ് സമൂഹം പിന്തുടരുന്ന വിവാഹനിയമമാണ് ആനന്ദ് മാര്യേജ് ആക്ട്. ഈ നിയമത്തിൽ കൈക്കടത്തലോ മാറ്റിത്തിരുത്തലോ പാടില്ല. സിഖ് സമൂഹത്തിന്റെ മൗലികമായ മതകീയാവകാശങ്ങളുടെ പ്രധാന ഭാഗമാണിത്.

4. സിഖ് സ്വത്വം മാറ്റമില്ലാതെ നിലനിർത്തണം: നൂറ്റാണ്ടുകളായി വേറിട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും പാരമ്പര്യവും പിന്തുടരുന്ന സമുദായമാണ് സിഖുകാർ. സിഖ് സ്വത്വത്തിലും പാരമ്പര്യത്തിലും ഒരു തരത്തിലും ഇടപെടലുണ്ടാകരുത്. സിഖ് സമുദായത്തിന്റെ സാംസ്‌കാരിക, മതകീയ പൈതൃകത്തെ ആദരിക്കുകയും പരിരക്ഷിക്കുകയും വേണം.

5. സ്വന്തമായി സ്ഥാപനങ്ങൾ തുടങ്ങാനും നടത്താനുമുള്ള അവകാശം നിലനിർത്തണം: ചരിത്രപരമായി ഒരുപാട് മതസ്ഥാപനങ്ങൾ സിഖുകാർക്കുണ്ട്. സാമൂഹികജീവിതത്തിലും സമുദായത്തിന്റെ പുരോഗതിയിലും സുപ്രധാന പങ്കുള്ളവയാണ് ഈ സ്ഥാപനങ്ങളെല്ലാം. ഇത്തരം സ്ഥാപനങ്ങൾ ആരംഭിക്കാനും നടത്താനുമുള്ള അവകാശം സിഖ് സമുദായത്തിനുണ്ടായിരിക്കണം.

6. സിഖുകാർക്കു കുടുംബാസൂത്രണം പാടില്ല: സിഖുകാർ രാജ്യത്ത് ന്യൂനപക്ഷ സമുദായമാണ്. അതുകൊണ്ട് സിഖുകാർക്ക് ഒരുതരത്തിലുമുള്ള കുടുംബാസൂത്രണവും പാടില്ല. ഭാവിയിൽ ഇത്തരം നിയമങ്ങൾ സിഖുകാർക്കെതിരെ അടിച്ചേൽപിക്കരുത്.

യോഗം വിളിച്ച് ഡൽഹി ഗുരുദ്വാര

ഏക സിവിൽകോഡിൽ നിലപാട് രൂപീകരിക്കാനും നടപടികൾ സ്വീകരിക്കാനുമായി ജൂലൈ ഏഴിന് ഡൽഹിയിൽ യോഗം വിളിച്ചുചേർത്തിരിക്കുകയാണ് സിഖ് ഗുരുദ്വാര ഭരണസമിതി. രാജ്യത്തെ എല്ലാ സിഖ് സംഘടനകൾക്കും പാർട്ടികൾക്കും നേതാക്കൾക്കും യോഗത്തിലേക്ക് ക്ഷണമുണ്ട്. ഏക സിവിൽകോഡ് സിഖ് സമൂഹത്തെ എങ്ങനെ ബാധിക്കുമെന്ന കാര്യങ്ങൾ ചർച്ച ചെയ്യുക തന്നെയാണ് യോഗത്തിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം.

തങ്ങളുടെ മതാചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ബാധിക്കുന്ന ഏതു നിയമഭേദഗതിയെയും ശക്തമായി എതിർക്കുമെന്നാണ് ഡൽഹി സിഖ് ഗുരുദ്വാര ഭരണസമിതി അധ്യക്ഷൻ ഹർമീത് സിങ് കൽക വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ സിഖ് എസ്.സി വിഭാഗത്തിന് ഗുരുദ്വാരയ്ക്കകത്ത് പ്രാർത്ഥിക്കാൻ അനുമതിയില്ല. ഏക സിവിൽകോഡ് പ്രകാരം ഇക്കാര്യത്തിൽ മാറ്റമുണ്ടാകുമോയെന്ന് ഹർമീത് ചോദിക്കുന്നു.

സിഖ് വിവാഹനിയമങ്ങളിൽ മാറ്റമുണ്ടാകരുതെന്നും ആവശ്യമുണ്ട്. സിഖുകാർ വിവാഹത്തിനു പിന്തുടരുന്ന ആനന്ദ് മാര്യേജ് ആക്ടിൽ വിവാഹമോചനം അടക്കമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്നില്ല. അതിനാൽ, നിലവിൽ ഇന്ത്യൻ ശിക്ഷാനിയമവും ഹിന്ദു മാര്യേജ് ആക്ടുമാണ് സിഖ് സമൂഹം പിന്തുടരുന്നത്. ഏക സിവിൽകോഡ് വന്നാൽ അതു തങ്ങളുടെ വിവാഹ, വിവാഹമോചന നിയമങ്ങളെ ബാധിക്കാനിടയുണ്ടെന്ന ആശങ്കയും നേതാക്കൾ പങ്കുവയ്ക്കുന്നു.

മറ്റൊരു വിഷയം അന്തരാവകാശവും സ്വത്തവകാശവുമായി ബന്ധപ്പെട്ട നിയമങ്ങളാണ്. ഏക സിവിൽകോഡ് വന്നാൽ തങങളുടെ സ്വത്തു വിതരണത്തെ അതു ബാധിക്കുമെന്നാണ് സിഖ് സമൂഹം പറയുന്നത്.

സിഖ് വ്യക്തിനിയമം വരുമോ?

പുതിയ രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലം ഒരു സിഖ് വ്യക്തിനിയമം തയാറാക്കാനുള്ള അവസരമാക്കി മാറ്റുകയാണ് മറ്റൊരു വിഭാഗം. ഡൽഹി കേന്ദ്രമായുള്ള സാമൂഹിക പ്രവർത്തകരുടെയും ബുദ്ധിജീവികളുടെയും കൂട്ടായ്മയായ 'ദ സിഖ് കലക്ടീവ്' ആണ് പേഴ്‌സനൽ ലോ തയാറാക്കാനുള്ള ആലോചന പുറത്തുവിട്ടിരിക്കുന്നത്.

തിലക് നഗറിലെ ഗുരുദ്വാര മുഖർജി പാർക്കിൽ സിഖ് കലക്ടീവിന്റെ നേതൃത്വത്തിൽ അടുത്തിടെ ഒരു യോഗം ചേർന്നിരുന്നു. ഡൽഹിയിലെ സിഖ് സാമൂഹികപ്രവർത്തകരാണ് യോഗത്തിൽ പങ്കെടുത്തത്. ഇതിലാണ് സിഖ് വ്യക്തിനിയമം തയാറാക്കാൻ തീരുമാനമായത്. തങ്ങളൊരു വ്യതിരിക്തമായ സമൂഹമാണെന്നും സിവിൽ ലോ ഏകീകരണത്തിന്റെ പേരിൽ നേരത്തെ തന്നെ ഒരുപാട് പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും സിഖ് കലക്ടീവ് നേതാവ് ജഗൻമോഹൻ സിങ് ചൂണ്ടിക്കാട്ടുന്നു.

സിഖ് വ്യക്തിനിയമം തയാറാക്കുന്നതിനായി രൂപീകരിച്ച സമിതിയുടെ കൺവീനർ കൂടിയാണ് ജഗൻമോഹൻ. ഹർമീത് സിങ്, മൻമീത് സിങ് എന്നിവരാണ് സമിതിയിലുള്ള മറ്റ് അംഗങ്ങൾ. സിഖ് സമുദായത്തിലെ നിയമവിദഗ്ധരും ആക്ടിവിസ്റ്റുകളും രാഷ്ട്രീയ നേതാക്കളും ബുദ്ധിജീവികളുമെല്ലാം സമിതിയിലുണ്ടാകുമെന്ന് കലക്ടീവ് അറിയിച്ചിട്ടുണ്ട്.

Summary: Sikh community worried about Uniform Civil Code as the community leaders plan to meet Law Commission

Similar Posts