സിഖ് സംഘടനകൾ സംഘടിച്ച് പൊലീസിനെ എതിർക്കണം; വീഡിയോ സന്ദേശവുമായി അമൃത്പാൽ സിങ്
|അമൃത്പാലിനെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്
ഡൽഹി: വീഡിയോ സന്ദേശവുമായി വാരിസ് പഞ്ചാബ് ദേ തലവൻ അമൃത്പാൽ സിങ്. തന്നെ ഇതുവരെ പിടികൂടിയിട്ടില്ലെന്നും സിഖ് സംഘടനകൾ സംഘടിച്ച് പൊലീസിനെ എതിർക്കണമെന്നും അമൃത്പാൽ സിങ് വീഡിയോ സന്ദേശത്തിൽ ആഹ്വാനം ചെയ്തു. പഞ്ചാബ് സർക്കാരിന് തന്നെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശ്യമുണ്ടെങ്കിൽ പൊലീസിന് തന്റെ വീട്ടിൽ വന്ന് അത് ആകാമായിരുന്നു, താൻ വഴങ്ങുമായിരുന്നുവെന്നും അമ്യത്പാൽ പറഞ്ഞു. മുഖ്യമന്ത്രി ഭഗവന്ത് മാനിനെയും, പഞ്ചാബ് പൊലീസിനെയും ഭയമില്ലെന്നും അമൃത് പാൽ.
#BREAKING
— Parteek Singh Mahal (@parteekmahal) March 29, 2023
In first a video after police action Waris Punjab De chief #AmritpalSingh asking to call Sarbat Khalsa on the occasion of Baisakhi and also talking about arrest of his aides and later their detention in Assam jail. pic.twitter.com/sNKvN4Idiv
അതേസമയം പഞ്ചാബിലെ സുവർണ ക്ഷേത്രത്തിന് മുൻപിൽ പൊലീസ് സുരക്ഷ ശക്തമാക്കി. അമൃത്പാലിനെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. മാർച്ച് 18 മുതലാണ് അമൃത്പാലിനെ പിടികൂടാൻ പഞ്ചാബ് പൊലീസ് ശ്രമം ആരംഭിച്ചത്. അന്ന് പൊലീസിനെ കണ്ണുവെട്ടിച്ച് കടന്നു കളഞ്ഞ അമൃത്പാൽ സിങിന് വേണ്ടി 12 ദിവസങ്ങളായി നടത്തുന്ന തെരച്ചിൽ തുടരുകയാണ്. പഞ്ചാബിന് പുറമെ ഹരിയാന, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ഡൽഹി എന്നിവിടങ്ങളിലും നേപ്പാളിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു.
അമൃത്പാൽ സിങ് കീഴടങ്ങുമെന്ന് സൂചന വന്നതിന്റെ അടിസ്ഥാനത്തിൽ സുവർണ ക്ഷേത്രത്തിന് മുൻപിൽ പഞ്ചാബ് പൊലീസ് റൂട്ട് മാർച്ച് നടത്തി. എന്നാൽ കീഴടങ്ങാൻ ഉദ്ദേശ്യമില്ലെന്ന് അമൃത് പാൽ സിങ് പറഞ്ഞു. യുവാവിനെ തട്ടിക്കൊണ്ട് പോയെന്ന കുറ്റം ആരോപിച്ച് ഫെബ്രുവരി 16ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാണ് ഖാലിസ്ഥാൻവാദിയായ അമൃത്പാൽ സിങ്.