സത്യപ്രതിജ്ഞയുടെ പിറ്റേന്ന് സിക്കിം മുഖ്യമന്ത്രിയുടെ ഭാര്യ എം.എൽ.എ സ്ഥാനം രാജിവെച്ചു
|ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച കൃഷ്ണകുമാരി 5,302 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്
ഗാംഗ്ടോക്ക്: സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്ങിന്റെ ഭാര്യ കൃഷ്ണ കുമാരി റായി സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസത്തിന് ശേഷം എംഎൽഎ സ്ഥാനം രാജിവച്ചു. കൃഷ്ണകുമാരി റായിയുടെ രാജി സ്പീക്കർ എ.എൻ ഷെർപ്പ സ്വീകരിച്ചതായി സിക്കിം നിയമസഭാ സെക്രട്ടറി ലളിത് കുമാർ ഗുരുങ് അറിയിച്ചു.
അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ 32 അസംബ്ലി സീറ്റുകളിൽ 31 എണ്ണവും സംസ്ഥാനത്തെ ഏക ലോക്‌സഭാ മണ്ഡലവും നേടിയാണ് പ്രേം സിംഗ് തമാംഗിൻ്റെ സിക്കിം ക്രാന്തികാരി മോർച്ച (എസ്‌കെഎം) സംസ്ഥാനത്ത് വന്‍ വിജയം സ്വന്തമാക്കിയത്. നാംചി-സിംഗിതാങ് സീറ്റിൽ നിന്നാണ് കൃഷ്ണ കുമാരി വിജയിച്ചത്.സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്ഡിഎഫ്) സ്ഥാനാർത്ഥി ബിമൽ റായിയെയാണ് പരാജയപ്പെടുത്തിയത്. ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച കൃഷ്ണകുമാരി 5,302 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പോൾ ചെയ്ത വോട്ടിൻ്റെ 71.6 ശതമാനം അവർ നേടിയിരുന്നു.
എന്നാൽ ഭാര്യ രാജിവെച്ചത് പാർട്ടിയുടെ ഏകകണ്ഠമായ തീരുമാനമാണെന്ന് മുഖ്യമന്ത്രി പ്രേംസിങ് തമങ് സോഷ്യൽമീഡിയയിൽ അറിയിച്ചു.'എസ്‌കെഎം പാർട്ടിയുടെ പാർലമെന്ററി കമ്മിറ്റിയുടെ അഭ്യർത്ഥന മാനിച്ചാണ് ഭാര്യ തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും ഇപ്പോൾ പാർട്ടിയുടെ ക്ഷേമത്തിന് വേണ്ടി സ്ഥാനമൊഴിഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാജിക്ക് പിന്നാലെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് കൃഷ്ണകുമാരി നന്ദി പറഞ്ഞു.' ഇത്ര പെട്ടെന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല... രാഷ്ട്രീയത്തെ ഒരു സാമൂഹിക പ്രവർത്തനമായാണ് ഞാൻ എപ്പോഴും കാണുന്നത്. വളരെ വേദനയോടെ, ഞാൻ ഔദ്യോഗികമായി രാജിക്കത്ത് സമർപ്പിച്ച വിവരം അറിയിക്കുന്നു. ജനങ്ങളെ സേവിക്കുന്നതിന്, ഒരു സ്ഥാനവും ആവശ്യമില്ലെന്ന് ഞാൻ എപ്പോഴും ഉറച്ചു വിശ്വസിക്കുന്നു. അക്കാര്യം ഇപ്പോഴും ഉറപ്പ് നല്‍കുന്നു'. കൃഷ്ണകുമാരി പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.