India
എത്രകാലം നിശബ്ദയായിരിക്കും? നീതി കിട്ടുമെന്നാണ് പ്രതീക്ഷ: മന്ത്രി സന്ദീപ് സിങ്ങിനെതിരെ പീഡന പരാതി നല്‍കിയ കായികതാരം
India

'എത്രകാലം നിശബ്ദയായിരിക്കും? നീതി കിട്ടുമെന്നാണ് പ്രതീക്ഷ': മന്ത്രി സന്ദീപ് സിങ്ങിനെതിരെ പീഡന പരാതി നല്‍കിയ കായികതാരം

Web Desk
|
2 Jan 2023 3:04 AM GMT

അത്‍ലറ്റിക് കോച്ച് കൂടിയാണ് പരാതിക്കാരി

ഡല്‍ഹി: ഹരിയാന കായിക മന്ത്രി സന്ദീപ് സിങ്ങിനെതിരെ പീഡന പരാതി നല്‍കിയ വനിതാ കായിക താരം സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ വിജിനെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. കായിക മന്ത്രിയെ അറസ്റ്റ് ചെയ്താൽ പീഡനത്തിനിരയായ കൂടുതൽ സ്ത്രീകൾ മുന്നോട്ട് വരുമെന്ന് പരാതിക്കാരി പറഞ്ഞു.

"ഒരു വ്യക്തി എത്രകാലം നിശബ്ദത പാലിക്കും?" അത്‍ലറ്റിക് കോച്ച് കൂടിയായ പരാതിക്കാരി ചോദിക്കുന്നു. കഴിഞ്ഞ ഫെബ്രുവരി മുതൽ കായിക മന്ത്രി തന്നെ നിരന്തരം ശല്യം ചെയ്തെന്ന് അവര്‍ പറഞ്ഞു- "ശബ്ദമുയർത്തേണ്ട സമയം വന്നു. കായിക മന്ത്രി എന്നെ ഔദ്യോഗികമായും മാനസികമായും ഉപദ്രവിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ നവംബർ വരെ സോഷ്യൽ മീഡിയയിലൂടെ മന്ത്രി നിരന്തരം ശല്യം ചെയ്തു. മന്ത്രി അനുചിതമായി സ്പര്‍ശിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉപദ്രവം കാരണം എനിക്ക് സോഷ്യല്‍ മീഡിയ വിടേണ്ടിവന്നു. എന്‍റെ പരാതിയെ തുടർന്ന് കായിക മന്ത്രിക്കെതിരെ കേസെടുത്തു. എനിക്ക് നീതി ലഭിക്കുമെന്ന് വിശ്വാസമുണ്ട്"- മന്ത്രി അനിൽ വിജിനെ കണ്ട ശേഷം പരാതിക്കാരി പ്രതികരിച്ചു.

അതേസമയം തന്‍റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി സന്ദീപ് സിങ് പ്രതികരിച്ചു. കേസിന് പിന്നാലെ സന്ദീപ് സിങ് വകുപ്പൊഴിഞ്ഞ് മുഖ്യമന്ത്രിക്ക് കൈമാറി. തനിക്കെതിരെ ഉന്നയിച്ചത് വ്യാജ ആരോപണമാണെന്നും സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സന്ദീപ് സിങ് പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ താന്‍ കായിക വകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറുകയാണെന്നും സന്ദീപ് സിങ് പറഞ്ഞു.

ദേശീയ ഹോക്കി ടീമിന്റെ മുൻ ക്യാപ്റ്റൻ കൂടിയായ സന്ദീപ് സിങ്ങിനെ ജിമ്മില്‍ വെച്ചാണ് ആദ്യമായി കണ്ടതെന്നും പിന്നീട് അദ്ദേഹം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുകയായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു. ദേശീയ ഗെയിംസ് സർട്ടിഫിക്കറ്റിലെ അപാകത പരിഹരിക്കാന്‍ നേരിട്ടുവന്നു കാണാന്‍ മന്ത്രി ആവശ്യപ്പെട്ടു. രേഖകളുമായി അദ്ദേഹത്തിന്റെ ക്യാമ്പ് ഓഫീസിൽ വരാനാണ് ആവശ്യപ്പെട്ടത്. അവിടെ ചെന്നപ്പോൾ മന്ത്രി ലൈംഗികാതിക്രമം നടത്തിയെന്നും പരാതിക്കാരി പറഞ്ഞു.

Summary- The junior athletics coach who accused Haryana Sports Minister Sandeep Singh of molestation and official mental harassment today met the state's Home Minister Anil Vij, and said that more such women who have been harassed will come forward if the Sports Minister is arrested.

Similar Posts