പഞ്ചാബിലും ഉത്തർപ്രദേശിലും ഇന്ന് നിശബ്ദ പ്രചാരണം; രണ്ട് സംസ്ഥാനങ്ങളും നാളെ പോളിംഗ് ബൂത്തിലേക്ക്
|പഞ്ചാബിൽ ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്
ആദ്യ ഘട്ടത്തിൽ മടിച്ചു നിന്നിരുന്ന അകാലിദളും പ്രചാരണത്തിൽ സജീവമായതോടെ പഞ്ചാബിൽ ത്രികോണമത്സരമായി. ആം ആദ്മി പാർട്ടി വൻ വിജയ പ്രതീക്ഷയിലാണ്. കഴിഞ്ഞ തവണ നേടിയ സീറ്റുകൾ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും അധികാരം നിലനിർത്താനുള്ളവ ലഭിക്കുമെന്നാണ് കോൺഗ്രസിന്റെ വിശ്വാസം.
മുൻ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് നേതാവുമായ അമരീന്ദർ സിംഗ്,ബിജെപിയുമായി ചേർന്ന് പുതിയ പരീക്ഷണത്തിലാണ്. താരമണ്ഡലങ്ങൾ, മുൻപെങ്ങുമില്ലാത്ത കടുത്തപോരിലൂടെയാണ് കടന്നുപോകുന്നത്. പിസിസി അധ്യക്ഷൻ നവജ്യോത് സിദ്ദുവും ഉപമുഖ്യമന്ത്രി ഓ പി സോണിയും എതിരാളികളിൽ നിന്നും വലിയ വെല്ലുവിളിയാണ് നേരിടുണ്ട്. സിദ്ധുവിനെ തോൽപ്പിക്കുമെന്നു അകാലിദൾ സ്ഥാനാർത്ഥി ബിക്രം സിങ് മജീദിയ മീഡിയ വണിനോട് പറഞ്ഞു.
16 ജില്ലകളിലെ രണ്ട് കോടി 15 ലക്ഷം വോട്ടർമാരാണ് ഉത്തർപ്രദേശിലെ മൂന്നാം ഘട്ടത്തിൽ നാളെ ജനവിധി തേടുന്നത്. 59 മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ 49 ഉം നേടിയത് ബിജെപിയായിരുന്നു. 29 സീറ്റുകൾ യാദവ ശക്തികേന്ദ്രമാണ്. ബിജെപിയും എസ്പിയും നേർക്ക് നേർ പോരാടുമ്പോൾ അഖിലേഷ് യാദവിന്റെ മത്സരമാണ് രാജ്യശ്രദ്ധ നേടുന്നത്. സമാജ് വാദി പാർട്ടി അധ്യക്ഷനായ അഖിലേഷിനെ നേരിടാൻ കേന്ദ്രമന്ത്രി എസ് പി സിങിനെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്.