ഡ്രൈവിങ് ലൈസൻസ് പ്രക്രിയ ലളിതമാക്കുന്നു; പുതിയ നിയമങ്ങളുമായി കേന്ദ്ര ഗതാഗത മന്ത്രാലയം
|സ്വകാര്യ പരിശീലന കേന്ദ്രങ്ങളിൽ ഡ്രൈവിങ് ടെസ്റ്റ് നടത്താം
ന്യൂഡൽഹി: ഡ്രൈവിങ് ലൈസൻസ് നേടാനുള്ള പ്രക്രിയ ലളിതമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം പുതിയ നിയമങ്ങൾ അവതരിപ്പിച്ചു. ഇതുപ്രകാരം അപേക്ഷകർക്ക് ഇനി മുതൽ സ്വകാര്യ, സർക്കാർ അംഗീകൃത ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളിൽ ടെസ്റ്റ് നടത്താം. ടെസ്റ്റിനായി ആർ.ടി.ഒകളെ മാത്രം ആശ്രയിക്കുന്ന നിലവിലെ രീതിയിൽനിന്നുള്ള മാറ്റമാണിത്. 2024 ജൂൺ ഒന്നിന് പുതിയ നിയമം നിലവിൽ വരും.
ഡ്രൈവിങ് ലൈസൻസ് എടുക്കുന്ന വ്യക്തികൾക്ക് ടെസ്റ്റ് നടപടിക്രമങ്ങൾക്കായി അംഗീകൃത- സ്വകാര്യ ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാം. ഈ കേന്ദ്രങ്ങൾക്ക് ടെസ്റ്റുകൾ നടത്താനും സർട്ടിഫിക്കറ്റുകൾ നൽകാനുമുള്ള അനുമതിയുണ്ടാകും.
ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ആർ.ടി ഓഫീസ് വഴിയോ ലൈസൻസിനായി അപേക്ഷിക്കാം. അതേസമയം, ആവശ്യമായ രേഖകൾ സമർപ്പിക്കാനും ഡ്രൈവിങ് അഭിരുചി പ്രകടിപ്പിക്കാനും അപേക്ഷകർ മോട്ടോർ വാഹന വകുപ്പിന്റെ ഓഫിസിൽ എത്തേണ്ടതുണ്ട്.
പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ കൂടുതൽ കടുത്ത ശിക്ഷാ നടപടിയുണ്ടാകും. ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിലും വർധനവുണ്ട്. ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്കുള്ള പിഴ 1000 രൂപ മുതൽ 2000 രൂപ വരെ വർധിപ്പിക്കും. പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് പിടിക്കപ്പെട്ടാൽ അവരുടെ മാതാപിതാക്കൾ നിയമനടപടിയും 25,000 രൂപ പിഴയും നേരിടേണ്ടിവരും. കൂടാതെ വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കുകയും വാഹനമോടിച്ച വ്യക്തിക്ക് 25 വയസ്സ് തികയുന്നത് വരെ ലൈസൻസിന് അർഹതയും നൽകില്ല.
പ്രധാന മാറ്റങ്ങൾ
അപേക്ഷകർക്ക് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന് പകരം സ്വകാര്യ- സർക്കാർ അംഗീകൃത ഡ്രെവിങ് പരിശീലന കേന്ദ്രങ്ങളിൽ ടെസ്റ്റ് നടത്താം. ഈ കേന്ദ്രങ്ങൾ ടെസ്റ്റുകൾ നടത്തി സർട്ടിഫിക്കറ്റുകൾ നൽകും.
പുതിയ ലൈസൻസിനാവശ്യമായ രേഖകളുടെ ഡോക്യുമെന്റേഷൻ കാര്യക്ഷമമാക്കും. ഇരുചക്രവാഹനത്തിനാണോ ഫോർ വീലറിന് വേണ്ടിയാണോ അപേക്ഷിക്കുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കുമിത്. ഇത് ?ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയുടെ ആവശ്യകത കുറയ്ക്കും.
മലിനീകരണം കുറയ്ക്കുന്നതിന് ഏകദേശം 9,00,000 പഴയ സർക്കാർ വാഹനങ്ങൾ ഘട്ടം ഘട്ടമായി ഒഴിവാക്കും. കാർ മലിനീകരണ നിയന്ത്രണങ്ങൾ കർശനമാക്കാനും മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.
ലൈറ്റ് മോട്ടോർ വെഹിക്കിൾ പരിശീലനത്തിന് കുറഞ്ഞത് ഒരു ഏക്കറും ഹെവി മോട്ടോർ വെഹിക്കിൾ പരിശീലനത്തിന് രണ്ട് ഏക്കർ സ്ഥലവും സ്വകാര്യ ഡ്രെവിങ് സ്കൂൾ കേന്ദ്രങ്ങളിൽ ഉണ്ടായിരിക്കണം.
അനുയോജ്യമായ പരിശോധനാ സൗകര്യങ്ങൾ സ്കൂളുകൾ ലഭ്യമാക്കണം.
പരിശീലകർക്ക് ഹൈസ്കൂൾ ഡിപ്ലോമയും കുറഞ്ഞത് 5 വർഷത്തെ ഡ്രെവിങ് പരിചയവും ബയോമെട്രിക്സ്, ഐ.ടി സംവിധാനങ്ങളുമായി പരിചയവും ഉണ്ടായിരിക്കണം.
ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് എട്ട് മണിക്കൂർ തിയറിയും 21 മണിക്കൂർ പ്രായോഗിക പരിശീലനവും ഉൾപ്പെടെ നാലാഴ്ചയിൽ 29 മണിക്കൂർ ക്ലാസുണ്ടാകും.
ഹെവി മോട്ടോർ വാഹനങ്ങൾക്ക് എട്ട് മണിക്കൂർ തിയറിയും 31 മണിക്കൂർ പ്രായോഗിക പരിശീലനവും ഉൾപ്പെടെ ആറ് ആഴ്ചയിൽ 38 മണിക്കൂർ ക്ലാസാണ് വേണ്ടത്.