ഏക സിവിൽകോഡ്; കരട് റിപ്പോർട്ട് ഈ മാസം 15ന് ഉത്തരാഖണ്ഡ് സർക്കാരിന് സമർപ്പിക്കും
|ഉത്തരാഖണ്ഡിൽ ഏക സിവില്‍കോഡ് നടപ്പിലാക്കിയ ശേഷം വിവിധ സംസ്ഥാനങ്ങളിലും നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: ഏക സിവിൽകോഡ് സംബന്ധിച്ച് പഠിക്കുന്ന വിദഗ്ധ സമിതി കരട് റിപ്പോർട്ട് ഈ മാസം 15 ന് സമർപ്പിക്കും. ഉത്തരാഖണ്ഡ് സർക്കാരിനാണ് കരട് സമർപ്പിക്കുക. വിദഗ്ധ സമിതി ഒരു വട്ടം കൂടി നാളെ ഡൽഹിയിൽ യോഗം ചേരും. രഞ്ജന പ്രകാശ് ദേശായി അധ്യക്ഷനായ ഒരു സമിതിയെ ഉത്തരാഖണ്ഡ് സർക്കാർ നിയോഗിച്ചിരുന്നു. ഈ സമിതി കരട് രേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടുള്ള അന്തിമ തയ്യാറെടുപ്പുകളിലാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു.
ഈ റിപ്പോർട്ടുകളുൾപ്പെടെ പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം ഉത്തരാഖണ്ഡ് സർക്കാർ എടുക്കുക. നാളെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി ഈ സമിതി യോഗം ചേരും. കരട് രേഖ ലഭിച്ചതിന് ശേഷം ഉത്തരാഖണ്ഡ് സർക്കാർ പ്രത്യേക നിയമസഭായോഗം ചേരും. ഇതിന് ശേഷമായിരിക്കും സർക്കാർ ഏകസിവിൽകോഡിൽ അന്തിമ തീരുമാനമെടുക്കുക. ഉത്തരാഖണ്ഡിൽ ഏക സിവില്‍കോഡ് നടപ്പിലാക്കിയ ശേഷം വിവിധ സംസ്ഥാനങ്ങളിലും നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ.