India
ടി.ആർ.എസ് എം.എൽ.എമാരെ വിലയ്ക്കെടുക്കാൻ ബി.ജെ.പി ശ്രമിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത്
India

ടി.ആർ.എസ് എം.എൽ.എമാരെ വിലയ്ക്കെടുക്കാൻ ബി.ജെ.പി ശ്രമിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത്

Web Desk
|
29 Oct 2022 10:51 AM GMT

കഴിഞ്ഞദിവസം പിടിയിലായ, പൂജാരിയുടെ വേഷം കെട്ടിയ രാമചന്ദ്ര ഭാരതി എന്നയാള്‍ ടി.ആര്‍.എസ് എം.എല്‍.എയോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്.

ന്യൂഡൽഹി: തെലങ്കാനയിലെ ടി.ആർ.എസ് എം.എൽ.എമാരെ വിലയ്ക്കെടുക്കാൻ ബി.ജെ.പി ശ്രമിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത്. ബി.ജെ.പിയിൽ ചേരണമെന്ന് എം.എൽ.എമാരോട് കഴിഞ്ഞദിവസം പിടിയിലായ ദല്ലാൾമാരിൽ ഒരാൾ ആവശ്യപ്പെടുന്നതാണ് ശബ്ദരേഖ. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആണ് നിർണായക ശബ്ദരേഖ പുറത്തുവിട്ടത്. കഴിഞ്ഞദിവസം നടന്ന ശ്രമത്തിന്റെ ശബ്ദരേഖയാണ് പുറവന്നിട്ടുള്ളത്.

കേവലം തെലങ്കാനയില്‍ മാത്രമല്ല, ഡല്‍ഹിയിലെ ആം ആദ്മി എം.എല്‍.എമാരെയും വിലയ്‌ക്കെടുക്കാനുള്ള നീക്കങ്ങള്‍ നടന്നിട്ടുള്ളതായി ശബ്ദരേഖയില്‍ വ്യക്തമാണെന്ന് സിസോദിയ പറഞ്ഞു. ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന്റെ തെളിവാണിതെന്ന് സിസോദിയ പറഞ്ഞു. ഒരു എം.എല്‍.എയ്ക്ക് 100 കോടിയാണ് വിലയിട്ടിരിക്കുന്നത്. അങ്ങനെയെങ്കില്‍ ഡല്‍ഹിയില്‍ മാത്രം 1000 കോടിയിലേറെ രൂപ വേണ്ടിവരുമെന്നും ഈ തുക ബി.ജെ.പി എങ്ങനെയാണ് കണ്ടെത്തുന്നതെന്നും സിസോദിയ ചോദിക്കുന്നു.

"ശബ്ദരേഖയിൽ, ബി.ജെ.പി ബ്രോക്കർ ഒരു ടി.ആർ.എസ് എം.എൽ.എയെ ബി.ജെ.പിയിൽ ചേരാൻ ആവശ്യപ്പെടുന്നത് കേൾക്കാം. ഇതു കൂടാതെ 43 ഡൽഹി എം.എൽ.എമാരെയും വിലയ്ക്കു വാങ്ങാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഇതിനായി തങ്ങൾ പണം മാറ്റിവച്ചിട്ടുണ്ടെന്നും അയാൾ പറയുന്നു. ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി ഷായും ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷുമായും സംസാരിച്ചിച്ചിട്ടുണ്ടെന്നും അയാൾ പറയുന്നുണ്ട്"- സിസോദിയ പറഞ്ഞു.

കഴിഞ്ഞദിവസം പിടിയിലായ, പൂജാരിയുടെ വേഷം കെട്ടിയ രാമചന്ദ്ര ഭാരതി എന്നയാള്‍ ടി.ആര്‍.എസ് എം.എല്‍.എയോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. തെലങ്കാനയിലെ ഫാംഹൗസില്‍ നടത്തിയ റെയ്ഡില്‍ ഈ വിവാദ പൂജാരിയും നന്ദകുമാര്‍ എന്നയാളും ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റിലായിരുന്നു.

ഒരു എം.എല്‍.എയ്ക്ക് 25 കോടിയാണ് ആദ്യം വാഗ്ദാനം ചെയ്തത്. പിന്നീട് ഇത് 100 കോടിയായി വര്‍ധിപ്പിക്കുകയായിരുന്നു. ബി.ജെ.പിയില്‍ ചേരണം എന്നാണ് ശബ്ദരേഖയില്‍ ആവശ്യപ്പെടുന്നത്. ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ സി.ബി.ഐ, ഇ.ഡി തുടങ്ങിയ കേന്ദ്ര ഏജന്‍സികളുടെ ഒരു അന്വേഷണവും ഭയപ്പെടേണ്ടതില്ലെന്നും അവരെല്ലാം ഞങ്ങളുടെ ആളുകളാണെന്നും ശബ്ദരേഖയില്‍ പറയുന്നുണ്ട്.

നവംബര്‍ മൂന്നിന് തെലങ്കാനയില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിനു ശേഷം നിരവധി ടി.ആര്‍.എസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് നേതാക്കള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ നാല് പേരെ പിടികൂടിയതോടെ ഇതുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും എം.എല്‍.എമാരെ വിലയ്ക്കു വാങ്ങാന്‍ ശ്രമിച്ചിട്ടില്ലെന്നുമുള്ള വാദവുമായി ബി.ജെ.പി സംസ്ഥാന നേതാക്കള്‍ രംഗത്തുവരികയും ചെയ്തു. എന്നാല്‍ ഈ വാദമെല്ലാം പൊളിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ശബ്ദരേഖ.

കഴിഞ്ഞദിവസമാണ് തങ്ങളെ ബി.ജെ.പിയിലേക്ക് മാറാൻ നിർബന്ധിക്കുന്നെന്ന് ആരോപിച്ച് നാല് ടി.ആർ.എസ് എം.എൽ.എമാർ രംഗത്തെത്തിയത്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സൈബരാബാദ് പൊലീസ് മൊയ്നാബാദിലെ അസീസ് നഗറിൽ തന്തൂർ എം.എൽ.എ രോഹിത് റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിൽ പരിശോധന നടത്തി ബി.ജെ.പി ബന്ധമുള്ള നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

പരിശോധനയിൽ ഇവരിൽ നിന്ന് വൻ തോതിൽ പണവും കണ്ടെത്തി. അന്വേഷണം പുരോഗമിക്കുകയാണെന്ന് സൈബരാബാദ് കമ്മീഷണർ വ്യക്തമാക്കി.

Similar Posts