ദിഷ സാലിയന്‍റെ മരണം പ്രത്യേക സംഘം അന്വേഷിക്കും; ആദിത്യ താക്കറെയ്ക്ക് നുണപരിശോധന നടത്തണമെന്ന് ബി.ജെ.പി
|ബി.ജെ.പിയുടെയും ശിവസേനയിലെ ഏക്നാഥ് ഷിൻഡെ വിഭാഗത്തിന്‍റെയും എം.എൽ.എമാരാണ് ദിഷ സാലിയന്‍റെ മരണം നിയമസഭയില്‍ ഉന്നയിച്ചത്
മുംബൈ: അന്തരിച്ച നടന്‍ സുശാന്ത് സിങ് രാജ്പുതിന്‍റെ മാനേജരായിരുന്ന ദിഷ സാലിയന്‍റെ മരണം പ്രത്യേക സംഘം അന്വേഷിക്കും. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. 2020 ജൂണിലാണ് മലാഡിലെ പതിനാലാം നിലയിലുള്ള ഫ്ലാറ്റിൽ നിന്ന് വീണ് ദിഷ സാലിയൻ മരിച്ചത്.
ബി.ജെ.പിയുടെയും ശിവസേനയിലെ ഏക്നാഥ് ഷിൻഡെ വിഭാഗത്തിന്‍റെയും എം.എൽ.എമാരാണ് ദിഷ സാലിയന്‍റെ മരണം നിയമസഭയില്‍ ഉന്നയിച്ചത്. ദിഷയുടെ മരണത്തിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരാൻ മുന്‍മന്ത്രിയും ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെയ്ക്ക് നാർകോ ടെസ്റ്റ് നടത്തണമെന്ന് ബി.ജെ.പി എം.എൽ.എ നിതേഷ് റാണെ ആവശ്യപ്പെട്ടു. ശ്രദ്ധ വാക്കർ കേസിൽ അഫ്താബിന്റെ നാർക്കോ ടെസ്റ്റ് നടത്താമെങ്കില്‍ എന്തുകൊണ്ട് ആദിത്യ താക്കറെയ്ക്ക് നാര്‍കോ പരിശോധന നടത്തിക്കൂടാ എന്നാണ് എം.എല്‍.എയുടെ ചോദ്യം. ദിഷയെ കൊലപ്പെടുത്തിയതാണെന്നും ഈ കേസില്‍ ഉദ്ധവ് താക്കറെയുടെ മകന്‍ അകത്താകുമെന്നും ബി.ജെ.പി നേതാക്കള്‍ നേരത്തെയും ആരോപിച്ചിരുന്നു.
അതേസമയം അഴിമതിക്കാരനായ മുഖ്യമന്ത്രിയെ സംരക്ഷിക്കാനാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് ആദിത്യ താക്കറെ പ്രതികരിച്ചു. നാഗ്പൂർ ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റിന്റെ ഭൂമി ക്രമപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആദിത്യ താക്കറെ പരാമര്‍ശിച്ചത്- "നമ്മുടെ രാഷ്ട്രീയം ഒരിക്കലും ഇത്ര തരംതാണതായിരുന്നില്ല. ഒരു പെൺകുട്ടിയുടെ മരണത്തെ രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കുന്നു. തങ്ങളെ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണമെന്ന് ദിഷയുടെ മാതാപിതാക്കൾ രാഷ്ട്രപതിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ ഈ ഭരിക്കുന്ന സഖ്യം ആ മാതാപിതാക്കളുടെ ആവശ്യം പരിഗണിക്കുന്നില്ല. ഇത് സ്വേച്ഛാധിപത്യമാണ്. അവർ ഭയപ്പെട്ടതിനാലാണ് ഇതൊക്കെ നടക്കുന്നത്"- ആദിത്യ താക്കറെ പറഞ്ഞു.
28കാരിയായ ദിഷ 2020 ജൂൺ 8ന് മുംബൈയിലെ മലാഡിലെ ഫ്ലാറ്റിന്‍റെ പതിനാലാം നിലയില്‍ നിന്നാണ് വീണുമരിച്ചത്. അപകട മരണമെന്നാണ് മുംബൈ പൊലീസിന്‍റെ റിപ്പോര്‍ട്ട്. ആറ് ദിവസത്തിന് ശേഷം സുശാന്ത് സിങ് രാജ്പുതിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദിഷയുടെ മരണം സി.ബി.ഐ ഇതിനകം അന്വേഷിച്ചിട്ടുണ്ടെന്നും ആത്മഹത്യയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് അജിത് പവാർ പറഞ്ഞു. രാഷ്ട്രീയ ലാഭത്തിന് സർക്കാർ ഈ കേസ് ഉപയോഗിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ദിഷ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐക്ക് കൈമാറിയിട്ടില്ലെന്നും അന്വേഷണം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടിട്ടില്ലെന്നും പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല നല്‍കിക്കൊണ്ട് ഫട്നാവിസ് നിയമസഭയില്‍ പറഞ്ഞു.