'ദേവഗൗഡയുടെ ആരോപണം അസംബന്ധം'; ജെഡിഎസിൽ നടക്കുന്നത് ദേവഗൗഡ അറിയുന്നില്ലെന്ന് യെച്ചൂരി
|കർണാടകയിൽ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിന് പിണറായി വിജയന്റെ പിന്തുണ ലഭിച്ചുവെന്നായിരുന്നു ദേവഗൗഡയുടെ വെളിപ്പെടുത്തൽ.
കർണാടകയിലെ ബിജെപി-ജെഡിഎസ് സഖ്യത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയുണ്ടെന്ന എച്ച്.ഡി ദേവഗൗഡയുടെ ആരോപണങ്ങളെ തള്ളി സിപിഎം. ദേവഗൗഡയുടെ ആരോപണം അസംബന്ധമാണെന്നും ജെഡിഎസിൽ നടക്കുന്നതെന്തെന്ന് ദേവഗൗഡ അറിയുന്നില്ലെന്നും യെച്ചൂരി പ്രതികരിച്ചു.
ആരോപണങ്ങളെ തള്ളി നേരത്തേ മന്ത്രി കെ.കൃഷ്ണൻകുട്ടിയും മാത്യു ടി.തോമസുമടക്കം രംഗത്തു വന്നിരുന്നു. ആരോപണങ്ങളിൽ പേരുൾപ്പെട്ട ഇരുവരും ദേവഗൗഡ പറയുന്നത് പോലെ ഒരു ചർച്ചയും നടന്നിട്ടില്ലെന്നാണ് ആവർത്തിച്ചത്.
കർണാടകയിൽ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിന് പിണറായി വിജയന്റെ പിന്തുണ ലഭിച്ചുവെന്നായിരുന്നു ദേവഗൗഡയുടെ വെളിപ്പെടുത്തൽ. എൻഡിഎയുമായി ചേരാനുള്ള ജെഡിഎസിന്റെ തീരുമാനത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചതിനെ തുടർന്നാണ് നീക്കവുമായി മുന്നോട്ടു പോയതെന്നാണ് ദേവഗൗഡ പറയുന്നത്.
എൻഡിഎ സഖ്യത്തിന്റെ ഭാഗമാകാനുള്ള നീക്കത്തെ എതിർത്തതിന്റെ പേരിൽ എന്തുകൊണ്ട് സിഎം ഇബ്രാഹിമിനെ മാത്രം പുറത്താക്കിയെന്നും കേരളമുൾപ്പടെയുള്ള മറ്റ് സംസ്ഥാനങ്ങളും നീക്കത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ടല്ലോയെന്നും മാധ്യമങ്ങൾ ചോദ്യമുന്നയിച്ചപ്പോളാണ് ദേവഗൗഡ നിർണായകമായ വെളിപ്പെടുത്തൽ നടത്തിയത്.
തമിഴ്‌നാടും കേരളവുമുൾപ്പടെയുള്ള മറ്റ് സംസ്ഥാന കമ്മിറ്റികൾ നീക്കത്തിന് നേരത്തേ തന്നെ പിന്തുണ നൽകിയിരുന്നുവെന്നും പാർട്ടിയുടെ നിലനിൽപ്പിന്റെ കാര്യമായതിനാൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ നീക്കത്തെ അംഗീകരിച്ചുവെന്നും ദേവഗൗഡ പറയുന്നു.
ഇടതു സർക്കാരിൽ മന്ത്രിയായ കെ.കൃഷ്ണൻകുട്ടിയും സഖ്യത്തിന് അനുകൂലമായിരുന്നെന്നും അതുകൊണ്ടു തന്നെയാണ് അദ്ദേഹം ഇപ്പോഴും ജെഡിഎസിന്റെ മന്ത്രിയായി തുടരുന്നതെന്നുമാണ് ദേവഗൗഡയുടെ മറ്റൊരു വെളിപ്പെടുത്തൽ.