സീതാറാം യെച്ചൂരി സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ജനറൽ സെക്രട്ടറി: ജയറാം രമേശ്
|യെച്ചൂരി ടു ഇൻ വൺ സെക്രട്ടറിയാണെന്നാണ് കോൺഗ്രസ് മാധ്യമ വിഭാഗം തലവൻ ആർഎസ്പി ദേശീയ സമ്മേളനവേദിയിൽ അഭിപ്രായപ്പെട്ടത്
ന്യൂഡൽഹി: സീതാറാം യെച്ചൂരി സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ജനറൽ സെക്രട്ടറിയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. യെച്ചൂരി ടു ഇൻ വൺ സെക്രട്ടറിയാണെന്നാണ് കോൺഗ്രസ് മാധ്യമ വിഭാഗം തലവൻ ആർഎസ്പി ദേശീയ സമ്മേളനവേദിയിൽ അഭിപ്രായപ്പെട്ടത്. കോൺഗ്രസിനെ സ്വാധീനിക്കാൻ യെച്ചൂരിക്കും രാജയ്ക്കും ഇന്ന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇടത് പാർട്ടികളും കോൺഗ്രസും തമ്മിൽ സംസ്ഥാന തലത്തിൽ വിഭിന്ന അഭിപ്രായം ഉണ്ടായേക്കാമെന്നും എന്നാൽ ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസും ഇടത് പാർട്ടികളും ഒറ്റക്കെട്ടാണെന്നും ജയറാം ചൂണ്ടിക്കാട്ടി. കേരളത്തിലും ത്രിപുരയിലെ മൽസരം ഉണ്ടായേക്കാമെന്നും പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ സാമ്പത്തികമായും സാമൂഹ്യമായും രാഷ്ട്രിയമായും വിഭജിക്കുകയാണെന്നു ജയറാം രമേശ് കുറ്റപ്പെടുത്തി. ഏകീകരണത്തിന്റെ പേരിൽ രാജ്യത്തെ വൈവിധ്യത്തെ ഇല്ലാതാക്കിയെന്നും രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കോൺഗ്രസിന് മാത്രമല്ല രാജ്യത്തിന് തന്നെ ഗുണം ചെയ്യുമെന്നും ജയറാം രമേശ് പറഞ്ഞു.