കെ റെയിലിനെ അനുകൂലിച്ചും ബുള്ളറ്റ് ട്രെയിനിനെ എതിര്‍ത്തും യെച്ചൂരി
|'ഹിജാബും മാംസം കഴിക്കുന്നതുമൊക്കെയാണ് ബിജെപിയ്ക്ക് പ്രശ്നം'
കണ്ണൂര്‍: ജാതി സെൻസസിനോട് സി.പി.എമ്മിന് യോജിപ്പെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നയ രൂപീകരണത്തിൽ ജാതി സെൻസസ് പ്രധാനമാണ്. നിലവിൽ കേന്ദ്ര സർക്കാരിന്‍റെ പക്കൽ പിന്നാക്ക വിഭാഗത്തെ സംബന്ധിക്കുന്ന കണക്കുകൾ ഇല്ലെന്നും യെച്ചൂരി പറഞ്ഞു.
കെ റെയിലിൽ സംസ്ഥാന സർക്കാരിനെ സീതാറാം യെച്ചൂരി പിന്തുണച്ചു. സിൽവർ ലൈൻ പദ്ധതി കേരളത്തിന്റെ വികസനത്തിന് അനിവാര്യം ആണെന്നാണ് സർക്കാർ നിലപാട്. ബുള്ളറ്റ് ട്രെയിനിന്റെയും കെ റെയിലിന്റെയും സാഹചര്യങ്ങൾ വ്യത്യസ്തമാണ്. മഹാരാഷ്ട്രയിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രശ്നങ്ങളുണ്ട്. നഷ്ടപരിഹാരം നൽകുന്ന സമീപനവും വ്യത്യസ്തമാണ്. കേരളത്തിലെ വികസന പ്രവർത്തനങ്ങൾ തുടരണമെന്നും യെച്ചൂരി പറഞ്ഞു.
ഹിന്ദുത്വത്തിനെതിരെ പോരാടാന്‍ ഇടത് പാർട്ടികള്‍ മാത്രം പോരെന്നും സീതാറാം യെച്ചൂരി പറഞ്ഞു. പുരോഗമന മതേതര സ്വഭാവമുള്ള എല്ലാ പ്രസ്ഥാനങ്ങളെയും ഒരുമിച്ച് നിർത്തണം. അതാണ് പാർട്ടി കോണ്‍ഗ്രസിലെ തീരുമാനമെന്നും യെച്ചൂരി പറഞ്ഞു.
ദൃഢനിശ്ചയത്തിന്റെയും പ്രശ്ന പരിഹാരത്തിന്റെയും തീരുമാനങ്ങൾ എടുത്താണ് പാർട്ടി കോൺഗ്രസ് സമാപിച്ചതെന്ന് യെച്ചൂരി പറഞ്ഞു. പോളിറ്റ് ബ്യൂറോയില്‍ ദലിത് പ്രാതിനിധ്യം ഇല്ലെന്ന ആരോപണത്തിനും പരിഹാരമായി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പാർട്ടിയുടെ ശക്തി വർദ്ധിപ്പിക്കാൻ എന്ത് ചെയ്യാൻ കഴിയുമെന്ന് പരിശോധിക്കുമെന്നും യെച്ചൂരി പറഞ്ഞു.
ഹിജാബും മാംസം കഴിക്കുന്നതുമൊക്കെയാണ് ബിജെപിയ്ക്ക് പ്രശ്നം. തൊഴിലില്ലായ്മയും ദാരിദ്ര്യവുമൊന്നും അവർക്ക് പ്രശ്നമില്ല. പ്രാദേശിക പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണാൻ പാർട്ടി ശ്രമിക്കും. അതിലൂടെയാണ് പാർട്ടിയുടെ വളർച്ച ലക്ഷ്യമിടുന്നതെന്നും യെച്ചൂരി വിശദീകരിച്ചു.