പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി; എം.പി സുശീല്‍ കുമാര്‍ റിങ്കു ബി.ജെ.പി.യില്‍
|ആം ആദ്മി പാര്‍ട്ടിയുടെ ഏക ലോക്‌സഭാംഗമാണ് സുശീല്‍ കുമാര്‍ റിങ്കു
ഡൽഹി: ജലന്ധര്‍ മണ്ഡലത്തിലെ എം.പിയും, ആം ആദ്മി പാര്‍ട്ടിയുടെ ഏക ലോക്സഭാംഗവുമായ സുശീല്‍ കുമാര്‍ റിങ്കു ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെത്തിയാണ് റിങ്കു അംഗത്വം സ്വീകരിച്ചത്.
' ജലന്ധറിലുള്ളവര്‍ക്ക് ഞാന്‍ നല്‍കിയ വാഗ്ദാനങ്ങള്‍ എനിക്ക് നിറവേറ്റാന്‍ സാധിച്ചില്ല. കാരണം ആം ആദ്മി പാര്‍ട്ടി എന്നെ പിന്തുണച്ചില്ല. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും പ്രവര്‍ത്തനങ്ങള്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്'. ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം റിങ്കു പറഞ്ഞു.
റിങ്കുവിനൊപ്പം ജലന്ധര്‍ വെസ്റ്റിലെ എ.എ.പി എം.എല്‍.എ ശീതള്‍ അംഗുറലും ബി.ജെ.പി.യില്‍ ചേര്‍ന്നു.
'ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ് ബി.ജെ.പി വിവിധ തലങ്ങളിൽ നിന്ന് ആളുകൾ ഞങ്ങളുടെ കുടുംബത്തോടൊപ്പം ചേരുന്നു. സുശീല്‍ കുമാര്‍ റിങ്കുവിനെയും ശീതള്‍ അംഗുറലിനെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു. പഞ്ചാബിലെ സാഹചര്യം മാറുകയാണ്, 2047 ഓടെ ഇന്ത്യയെ വികസിതമാക്കാന്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും'. കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
ബി.ജെ.പിയില്‍ ചേരാനുള്ള ഇരുനേതാക്കളുടെയും തീരുമാനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. ഭാവിയിലെ തെരഞ്ഞെടുപ്പിൽ ജലന്ധറില്‍ നിന്ന് ശീതള്‍ അംഗുറലിനെയും ഹോഷിയാപൂരില്‍ നിന്ന് സുശീല്‍ റിങ്കുവിനെയും ബി.ജെ.പി മത്സരിപ്പിക്കുമെന്നാണ് റിപ്പോർട്ട് .