India
അസമില്‍ ദുരിതം നിറച്ച് പെരുമഴ; 45 ലക്ഷം പേരെ ബാധിച്ചു, മരണസംഖ്യ 107 ആയി
India

അസമില്‍ ദുരിതം നിറച്ച് പെരുമഴ; 45 ലക്ഷം പേരെ ബാധിച്ചു, മരണസംഖ്യ 107 ആയി

Web Desk
|
24 Jun 2022 3:37 AM GMT

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ട് കുട്ടികളടക്കം ഏഴ് പേരാണ് വെള്ളപ്പൊക്കത്തില്‍ മരിച്ചത്

അസം: അസമിനെ ദുരിതത്തിലാഴ്ത്തി പേമാരി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ട് കുട്ടികളടക്കം ഏഴ് പേരാണ് വെള്ളപ്പൊക്കത്തില്‍ മരിച്ചത്. ഇതോടെ മരണസംഖ്യ 107 ആയി. ഇതില്‍ 17 പേര്‍ മണ്ണിടിച്ചിലിലാണ് മരിച്ചത്.


കച്ചാർ, ബാർപേട്ട എന്നിവിടങ്ങളിൽ നിന്ന് രണ്ടും ധുബ്രിയിൽ നിന്നും ബജാലി, താമുൽപൂർ ജില്ലകളിൽ നിന്ന് ഓരോന്നുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 4,536 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളപ്പൊക്കത്തിൽ നട്ടംതിരിയുകയാണ്. 10.32 ലക്ഷത്തിലധികം ആളുകളെ ബാധിച്ച ബാർപേട്ട ജില്ലയാണ് തൊട്ടുപിന്നിൽ. ഇവിടെ 5.03 ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു.


30 ജില്ലകളെയാണ് പ്രളയം സാരമായി ബാധിച്ചത്. 759 ദുരിതാശ്വാസ ക്യാമ്പുകളിലായി 2.84 ലക്ഷം പേരാണ് കഴിയുന്നത്. ധുബ്രി, ശിവസാഗർ, നാഗോൺ ജില്ലകളിൽ ബ്രഹ്മപുത്ര, ദിസാങ്, കോപിലി നദികൾ അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്.അസമിലെ വെള്ളപ്പൊക്ക സാഹചര്യം കേന്ദ്രം തുടർച്ചയായി നിരീക്ഷിച്ചു വരികയാണെന്നും വെല്ലുവിളി മറികടക്കാൻ എല്ലാ സഹായവും നൽകാൻ സംസ്ഥാന സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ''കരസേനയുടെയും എൻ.ഡി.ആർ.എഫിന്‍റെയും സംഘങ്ങൾ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലുണ്ട്. അവർ ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ നടത്തുകയും ദുരിതബാധിതരെ സഹായിക്കുകയും ചെയ്യുന്നു'' പ്രധാനമന്ത്രി പറഞ്ഞു.



വെള്ളപ്പൊക്കത്തിൽ 173 റോഡുകൾക്കും 20 പാലങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. 100869.7 ഹെക്ടറിലെ വിളകളെയും 33,77,518 മൃഗങ്ങളെയും പ്രളയം ബാധിച്ചു. 84 മൃഗങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി.



Related Tags :
Similar Posts