India
six crore seized from bjp mlas home in karnataka, arrest of son in bribery case
India

ബി.ജെ.പി എംഎൽഎയുടെ വീട്ടിൽ നിന്ന് ആറ് കോടി അനധികൃത പണം പിടിച്ചെടുത്ത് അഴിമതി വിരുദ്ധ സംഘം; നടപടി കൈക്കൂലിക്കേസിൽ മകന്റെ അറസ്റ്റിന് പിന്നാലെ

Web Desk
|
3 March 2023 12:57 PM GMT

ഇതു കൂടാതെ കെ.എസ്.ഡി.എൽ ഓഫീസിൽ നിന്ന് 1.7 കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

ബെംഗളുരു: കർണാടകയിൽ ബി.ജെ.പി എം.എൽ.എയുടെ വീട്ടിൽ ‌അനധികൃതമായി സൂക്ഷിച്ച ആറ് കോടി രൂപ കണ്ടെടുത്ത് ലോകായുക്ത അഴിമതിവിരുദ്ധ സംഘം. സർക്കാർ സ്ഥാപനമായ കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് ചെയർമാനും ചാന്നാ​ഗിരി എം.എൽ.എയുമായ മഡൽ വീരുപക്ഷപ്പയുടെ വസതിയിൽ നിന്നാണ് ഭീമമായ തുക പിടിച്ചെടുത്തത്.

ഇതു കൂടാതെ കെ.എസ്.ഡി.എൽ ഓഫീസിൽ നിന്ന് 1.7 കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്. മകൻ പ്രശാന്ത് മഡലിനെ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത ഉദ്യോ​ഗസ്ഥർ പിടികൂടിയതിനു പിന്നാലെയാണ് എംഎൽഎയുടെ വസതിയിലും ഓഫിസിലും റെയ്ഡ് നടന്നത്.

വ്യാഴാഴ്ച വൈകിട്ട് ബംഗളൂരു ക്രസന്റ് റോഡിലുള്ള എംഎൽഎയുടെ ഓഫീസിൽവെച്ച് കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു മകൻ വലയിലായത്. ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സിവറേജ് ബോർഡിന്റെ (ബി.ഡബ്ല്യു.എസ്.എസ്.ബി) ചീഫ് അക്കൗണ്ട്‌സ് ഓഫീസറായ പ്രശാന്തിനെ കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ്‌സ് ലിമിറ്റഡിന്റെ ഓഫീസിൽ വച്ചാണ് പിടികൂടിയത്. തുടർന്ന് പ്രശാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

സോപ്പും മറ്റ് ഡിറ്റർജന്റുകളും നിർമിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ വാങ്ങുന്നതിന് കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രശാന്ത് പിടിയിലായത്. ഇതോടൊപ്പമാണ് ഈ ഓഫീസിൽ നിന്ന് 1.7 കോടിയും കണ്ടെെടുത്തത്. ഇതിനു പിന്നാലെയാണ് എംഎൽഎയുടെ വസതിയിലും ഓഫീസുകളിലും സംഘം റെയ്ഡ് നടത്തിയത്.

എംഎൽഎയെയും അഴിമതി വിരുദ്ധ വിഭാഗം ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. പ്രശാന്ത് പിതാവിന് വേണ്ടി കൈക്കൂലി വാങ്ങുന്നുണ്ടെന്ന് സംശയിക്കുന്നതായി ലോകായുക്ത ഉദ്യോ​ഗസ്ഥർ പറഞ്ഞു. അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് കണ്ടെത്തിയ പണത്തിന്റെ ഉറവിടം തങ്ങൾ അന്വേഷിക്കുകയാണെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

അതേസമയം, കൈക്കൂലി-അനധികൃത പണ വിവാദത്തെ തുടർന്ന് വിരുപക്ഷപ്പ കെ.എസ്.ഡി.എൽ ചെയർമാൻ സ്ഥാനം രാജിവച്ചു. ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. സംഭവത്തിൽ പ്രതിപക്ഷമായ കോൺഗ്രസ് ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തി. ബി.ജെ.പി ഭാരതീയ ജനതാ പാർട്ടി അല്ല എന്നാൽ "ഭ്രഷ്ട് ജനതാ പാർട്ടി" (അഴിമതി ജനതാ പാർട്ടി) ആണെന്ന് കോൺ​ഗ്രസ് ആഞ്ഞടിച്ചു.

''40 ശതമാനം അഴിമതിയുടെ വൃത്തികെട്ട ദുർഗന്ധം മൈസൂർ സാൻഡൽ സോപ്പിന്റെ മനോഹരമായ ഗന്ധവും മലിനമാക്കി. ആദ്യം, കെ.എസ്.ഡി.എൽ ചെയർമാനും ബി.ജെ.പി എംഎൽഎയുമായ വിരുപക്ഷപ്പയുടെ മകൻ 40 ലക്ഷം കൈക്കൂലി വാങ്ങവെ പിടിക്കപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ, അയാളുടെ വീട്ടിൽ നിന്ന് ആറു കോടി പിടിച്ചെടുത്തു''- കോൺ​ഗ്രസ് നേതാവ് രൺദീപ് സുർജേവാല ട്വീറ്റ് ചെയ്തു.

Similar Posts