India
eastern nagaland no vote
India

പ്രത്യേക സംസ്ഥാനം വേണമെന്നാവശ്യം; നാഗാലാൻഡിലെ ആറ് ജില്ലകളിൽ വോട്ട് ചെയ്യാൻ ആളില്ല

Web Desk
|
19 April 2024 9:41 AM GMT

രാവിലെ 11 മണി വരെ ആരും വോട്ട് രേഖപ്പെടുത്തിയിട്ടില്ല

കൊഹിമ: പ്രത്യേക സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട് ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ അനിശ്ചിതകാല ബന്ദ് പ്രഖ്യാപിച്ചതോടെ നാഗാലാൻഡിലെ ആറ് ജില്ലകളിൽ വോട്ട് ചെയ്യാൻ ആരുമെത്തിയില്ലെന്ന് റിപ്പോർട്ട്. മേഖലയിലെ ഏഴ് ഗോത്രവർഗ സംഘടനകളുടെ ഉന്നത ബോഡിയാണ് ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ. മേഖലയിൽ സ്ഥിതിഗതികൾ സമാധാനപരമാണെങ്കിലും ജില്ല ഭരണകൂടത്തിന്റെയും മറ്റു അത്യാഹിത സേവനങ്ങളുടെയും ഒഴികെ ജനങ്ങളോ വാഹനങ്ങളോ സഞ്ചരിക്കുന്നി​ല്ലെന്നാണ് റിപ്പോർട്ട്.

കിഴക്കൻ മേഖലയിലെ ആറ് ജില്ലകളിലെ 738 പോളിങ് സ്റ്റേഷനുകളിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് നാഗാലാൻഡിലെ അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ അവ ലോറിംഗ് പറഞ്ഞു. എന്നാൽ, സംഘടന ജനങ്ങളോട് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തതിനാൽ രാവിലെ 11 മണി വരെ ആരും വോട്ട് രേഖപ്പെടുത്തിയിട്ടില്ല. വൈകീട്ട് നാലോടെ പോളിങ് അവസാനിക്കും. നാല് ലക്ഷത്തിന് മുകളിൽ വോട്ടർമാർ ഈ ജില്ലകളിലായുണ്ട്.

ചാങ്, കൊന്യാക്, സാങ്തം, ഫോം, യിംഖിയുങ്, ഖിയാംനിയുങ്കൻ, തിഖിർ എന്നിങ്ങനെ ഏഴ് നാഗാ ഗോത്രങ്ങളാണ് ഈ ജില്ലകളിലുള്ളത്. പ്രത്യേക സംസ്ഥാനപദവി വേണമെന്ന ആവശ്യത്തെ സുമി ഗോത്രത്തിലെ ഒരു വിഭാഗവും പിന്തുണയ്ക്കുന്നുണ്ട്. ആറ് ജില്ലകൾ വർഷങ്ങളായി അവഗണിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി 2010 മുതൽ സംഘടന പ്രത്യേക സംസ്ഥാനം ആവശ്യപ്പെടുന്നുണ്ട്.

അതേസമയം, തെരഞ്ഞെടുപ്പ് സമയത്ത് അനാവശ്യ സ്വാധീനം ചെലുത്താനുള്ള ശ്രമമായാണ് ബന്ദിനെ വീക്ഷിക്കുന്നതെന്ന് നാഗാലാൻഡ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ആർ. വ്യാസൻ പറഞ്ഞു. ഇതുസംബന്ധിച്ച് വ്യാഴാഴ്ച രാത്രി സംഘടനക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. സ്വതന്ത്രമായ തെരഞ്ഞെടുപ്പിന് വിഘാതം സൃഷ്ടിക്കുന്നത് കുറ്റകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ലോക്സഭാ സീറ്റാണ് സംസ്ഥാനത്തുള്ളത്. എൻ.ഡി.എയുടെ ഭാഗമായ നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയും കോൺഗ്രസുമാണ് ഇവിടെ മത്സരം. നിലവിലെ എം.പി തൊകെഹൊ യെപ്തൊമി ആണ് എൻ.ഡി.പി.പിയുടെ സ്ഥാനാർഥി. എസ്. സുപോങ്‌മെറെൻ ജമീർ ആണ് കോൺഗ്രസിനായി മത്സരിക്കുന്നത്.

Similar Posts