![Six year Girl, Drowned In Water Tank, Head Smashed After Failed Rape Attempt in Up Six year Girl, Drowned In Water Tank, Head Smashed After Failed Rape Attempt in Up](https://www.mediaoneonline.com/h-upload/2024/01/01/1404514-43.webp)
യു.പിയിൽ ബലാത്സംഗശ്രമം ചെറുത്ത ആറ് വയസുകാരിയെ തലയടിച്ച് തകർത്ത് വാട്ടർ ടാങ്കിൽ മുക്കിക്കൊന്ന് 43കാരൻ
![](/images/authorplaceholder.jpg?type=1&v=2)
കൊലയ്ക്കു ശേഷം ഗ്രാമത്തിൽ തന്നെ നിന്ന പ്രതി, പെൺകുട്ടിയെ കണ്ടെത്താൻ ഗ്രാമവാസികളെ സഹായിക്കുന്നതായി കുറച്ചുനേരം നടിച്ചു.
ആഗ്ര: ബലാത്സംഗ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ആറ് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി വാച്ച്മാൻ. ഉത്തർപ്രദേശിലെ ആഗ്ര ജില്ലയിലെ എത്മദ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞദിവസമായിരുന്നു കൊടും ക്രൂരത. സംഭവത്തിൽ സ്വകാര്യ കൃഷിയിടത്തിലെ വാച്ച്മാനായ രാജ്വീർ സിങ്ങി(43) നെ പൊലീസ് അറസ്റ്റ് ചെയ്തു.
അലഞ്ഞുതിരിയുന്ന കന്നുകാലികളിൽ നിന്ന് വിളകൾ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട കാവൽക്കാരനായ രാജ്വീർ സിങ് പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും വിജയിക്കാതെ വന്നപ്പോൾ കല്ലുകൊണ്ട് തലയടിച്ച് തകർക്കുകയും വയലിലെ വാട്ടർ ടാങ്കിൽ മുക്കിക്കൊല്ലുകയുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഡിസംബർ 30നാണ് പെൺകുട്ടിയുടെ മൃതദേഹം ഗ്രാമത്തിലെ പാടത്ത് കണ്ടെത്തുന്നത്. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 302 പ്രകാരം എത്മദ്പൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി ഡെപ്യൂട്ടി കമ്മീഷണർ സൂരജ് കുമാർ റായ് പറഞ്ഞു.
കൊലയ്ക്കു ശേഷം ഗ്രാമത്തിൽ തന്നെ നിന്ന പ്രതി, പെൺകുട്ടിയെ കണ്ടെത്താൻ ഗ്രാമവാസികളെ സഹായിക്കുന്നതായി കുറച്ചുനേരം നടിച്ചു. എന്നാൽ തലേദിവസം ഉച്ചയ്ക്ക് രണ്ടു മണിയോടെ പെൺകുട്ടിക്കൊപ്പം അവസാനമായി കണ്ടത് ഇയാളെയാണെന്ന് നാട്ടുകാർക്ക് മനസിലായതോടെ അവർ പ്രതിയെ തടഞ്ഞുവച്ചു.
'തുടർന്ന് പൊലീസെത്തി കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ താൻ പെൺകുട്ടിയെ വയലിൽ വച്ച് പിടികൂടി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായി രാജ്വീർ സിങ് സമ്മതിച്ചു. എന്നാൽ അവൾ ഒച്ചവച്ച് പ്രതിയുടെ ലൈംഗികാതിക്രമ ശ്രമം പരാജയപ്പെടുത്തി. ഇതോടെ അയാൾ അവളെ വയലിലെ വാട്ടർ ടാങ്കിൽ മുക്കുകയും കല്ലെടുത്ത് തലയിൽ ശക്തിയായി അടിക്കുകയായിരുന്നു'- റായ് പറഞ്ഞു.
രാജ്വീർ സിങ്ങിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇയാൾക്കെതിരെ തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.