അറ്റകുറ്റപ്പണിക്കായി യുപി ആശുപത്രിയിലെ കേടായ ലിഫ്റ്റ് തുറന്നപ്പോള്‍ പുരുഷന്റെ അസ്ഥികൂടം; ഞെട്ടിത്തരിച്ച് ജീവനക്കാര്‍
|സെപ്തംബര്‍ 1നാണ് അസ്ഥികൂടം കണ്ടെത്തിയത്.
ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ കേടായ ലിഫ്റ്റ് അറ്റകുറ്റപ്പണിക്കായി 24 വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നപ്പോള്‍ കണ്ട കാഴ്ച കണ്ടു ഞെട്ടിയിരിക്കുകയാണ് ജീവനക്കാര്‍. ഒരു പുരുഷന്റെ അസ്ഥികൂടമാണ് ബാസ്തി ജില്ലയിലെ കൈലി ഒപെക് ആശുപത്രിയിലെ ലിഫ്റ്റില്‍ കണ്ടെത്തിയത്. സെപ്തംബര്‍ 1നാണ് അസ്ഥികൂടം കണ്ടെത്തിയത്.
പൊലീസും ഫോറന്‍സിക് വിഭാഗവും അസ്ഥികൂടം വിശദമായി പരിശോധിച്ചു. സാമ്പിള്‍ ഡി.എന്‍.എ പരിശോധനക്ക് അയച്ചതായി യുപി താക് റിപ്പോര്‍ട്ട് ചെയ്യുന്നു. 1991ലാണ് 500 കിടക്കകളുള്ള ഒപെക് ആശുപത്രിയുടെ നിര്‍മാണം ആരംഭിക്കുന്നത്. 1997 വരെ ആശുപത്രിയിലെ ലിഫ്റ്റ് പ്രവര്‍ത്തിച്ചിരുന്നതായി പൊലീസ് പറയുന്നു. അസ്ഥികൂടം ആരുടേതാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കേസുമായി ബന്ധപ്പെട്ട് 24 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്.
ലിഫ്റ്റില്‍ കുടുങ്ങി ശ്വാസം മുട്ടി മരിച്ചതാണോ അതോ ആരെങ്കിലും കൊലപ്പെടുത്തി ലിഫ്റ്റില്‍ മറവ് ചെയ്തതാണോ എന്നും വ്യക്തമല്ല. ഡി.എന്‍.എ ഫലം ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂ. ഈ സംഭവത്തില്‍ എന്തെങ്കിലും രേഖാമൂലമുള്ള പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ബാസ്തി അഡീഷണല്‍ സൂപ്രണ്ട് ദീപേന്ദ്ര നാഥ് ചൌധരി പറഞ്ഞു.