'അതൊന്ന് കാണിക്കാമോ?'; കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ എഎൻഐ എഡിറ്റർ സ്മിത പ്രകാശിനെ നിർത്തിപ്പൊരിച്ച് കപിൽ സിബൽ
|പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത് കള്ളമെന്നും സിബല്‍
ന്യൂഡൽഹി: കോൺഗ്രസ് പ്രകടനപത്രികയിൽ സ്വത്ത് വിതരണത്തെ കുറിച്ച് പറയുന്നുണ്ടെന്ന എഎൻഐ എഡിറ്റർ സ്മിത പ്രകാശിന്റെ അവകാശവാദത്തിന് ചുട്ടമറുപടി നൽകി കപിൽ സിബൽ. പോഡ്കാസ്റ്റ് വിത്ത് സ്മിത പ്രകാശ് എന്ന അഭിമുഖ പരിപാടിക്കിടെയാണ് രാജ്യസഭാ എംപി കൂടിയായ സിബൽ പ്രകടന പത്രികയെ കുറിച്ച് വസ്തുനിഷ്ഠമായി സംസാരിച്ചത്.
കോൺഗ്രസ് പ്രകടന പത്രിക ആസ്തി വിതരണത്തെ കുറിച്ച് സംസാരിക്കുന്നു എന്നാണ് പ്രോഗ്രാമിനിടെ സ്മിത പറഞ്ഞത്. ഉടൻ തന്നെ കപിൽ സിബൽ അത് കാണിക്കൂ എന്നാവശ്യപ്പെട്ടു. വായിക്കാനും അഭ്യർത്ഥിച്ചു. ഇതോടെ പത്രികയെ കുറിച്ചുള്ള വ്യാഖ്യാനമാണ് ഇതെന്നായി സ്മിത. ഈ വേളയിൽ നിങ്ങൾ വൈരുധ്യമാണല്ലോ പറയുന്നത് എന്ന് സിബൽ ചൂണ്ടിക്കാട്ടി. ഭരണഘടനയിലെ 39-ാം ആർട്ടിക്കിളാണ് കോൺഗ്രസ് പ്രകടനപത്രികയിലുള്ളത്. അതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
വ്യാഖ്യാനം അതിൽ നിന്ന് വ്യത്യസ്തമാണ് എന്നാണ് സ്മിത ചൂണ്ടിക്കാട്ടിയത്. ഈ വേളയിൽ, പ്രധാനമന്ത്രി നരേന്ദ്രമോദി യാഥാർത്ഥ്യത്തിൽ നിന്ന് ഏറെ അകലെയുള്ള കാര്യങ്ങളാണ് പറയുന്നതെന്ന് സിബൽ ചൂണ്ടിക്കാട്ടി.
രാജ്യത്തെ വിഭവങ്ങളുടെ ആദ്യത്തെ അവകാശം മുസ്‌ലിംകൾക്കാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞിട്ടുണ്ടല്ലോ എന്ന് സ്മിത പറഞ്ഞപ്പോള്‍, താനും ആ മന്ത്രിസഭയുടെ ഭാഗമായിരുന്നു, വസ്തുനിഷ്ഠമായി സംസാരിക്കണം, നിങ്ങൾ സംവരണത്തെയും വിഭവത്തെയും കൂട്ടിക്കുഴയ്ക്കുകയാണ് എന്ന് സിബൽ ചൂണ്ടിക്കാട്ടി.
രാമക്ഷേത്രം ഈ തെരഞ്ഞെടുപ്പിൽ വിഷയമാകില്ലെന്ന് അഭിമുഖത്തിൽ സിബൽ വ്യക്തമാക്കി. 'രാം മന്ദിർ ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാകില്ലെന്ന് ഉദ്ഘാടന വേളയിൽ തന്നെ ഞാൻ പറഞ്ഞതാണ്. നാലഞ്ചു ദിവസമേ അതു നീണ്ടു നിൽക്കൂ. മന്ദിർ, മന്ദിർ എന്നു പറഞ്ഞ് എത്ര നാൾ കൊണ്ടുപോകും.' - അദ്ദേഹം ചോദിച്ചു.