ഗുജറാത്ത് കലാപത്തില്‍ നിരാഹാരം പ്രഖ്യാപിച്ചപ്പോള്‍ മോദി നേരില്‍ കണ്ട് ചര്‍ച്ച നടത്തി; വസ്തുത മനസിലാക്കണമെന്ന് ആവശ്യപ്പെട്ടു-സ്മൃതി ഇറാനി
|'മുലായം സിങ്ങിന്റെ കാലിൽ തൊട്ടുവന്ദിക്കാൻ വരെ ഞാൻ ഒരുക്കമാണ്. ലാലുപ്രസാദ് യാദവുമായും ശരദ് പവാറുമായും ഞാൻ ഒരിക്കലും കയർത്തു സംസാരിച്ചിട്ടില്ല'
ന്യൂഡൽഹി: ഗുജറാത്ത് കലാപത്തിൽ തനിക്കെതിരെ നിലപാടെടുക്കുംമുൻപ് വസ്തുതകൾ മനസിലാക്കണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്ര മോദി നേരിൽ കണ്ടെന്ന് ബിജെപി നേതാവ് സ്മൃതി ഇറാനി. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജി ആവശ്യപ്പെട്ട് നിരാഹാരം പ്രഖ്യാപിച്ച താൻ അങ്ങനെയാണ് മോദിയുടെ ടീമിലെ പ്രധാന അംഗമായി മാറിയതെന്നും അവർ പറഞ്ഞു. 'ഇന്ത്യൻ എക്സ്പ്രസി'നു നൽകിയ അഭിമുഖത്തിലാണ് സ്മൃതി ഇറാനി ഇക്കാര്യം വെളിപ്പെടുത്തിയത്.
ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് മോദി മുസ്‍ലിംകളെ ലക്ഷ്യമിട്ടു നടത്തിയ 'നുഴഞ്ഞുകയറ്റ', 'മംഗല്യസൂത്ര' പരാമർശങ്ങളെ അഭിമുഖത്തിൽ സ്മൃതി ന്യായീകരിച്ചു. ഇതൊന്നും മതപരമായ വിഷയങ്ങളല്ലെന്നും ഭരണഘടനാ പ്രശ്നങ്ങളാണെന്നും അവര്‍ പറഞ്ഞു. എനിക്കെതിരെ അധിക്ഷേപം നടത്തരുതെന്ന രാഹുൽ ഗാന്ധി പ്രവര്‍ത്തകരോട് ആഹ്വനം ചെയ്തത് അമേഠിയിൽ ഞാൻ നടത്തിയ പ്രവർത്തനങ്ങൾക്ക് ലഭിച്ച ദേശീയാംഗീകാരം തിരിച്ചറിഞ്ഞതുകൊണ്ടാണ്. എതിർപക്ഷത്തായിരുന്നിട്ടും മുലായം സിങ് യാദവ്, ലാലുപ്രസാദ് യാദവ്, ശരദ് പവാർ തുടങ്ങിയ വലിയ നേതാക്കൾക്കെതിരെ താൻ കയർത്തു സംസാരിച്ചിട്ടില്ലെന്നും സ്മൃതി പറഞ്ഞു.
2002 ഗുജറാത്ത് കലാപത്തെ തുടർന്ന് മോദി മുഖ്യമന്ത്രി പദവി രാജിവയ്ക്കുംവരെ നിരാഹാരമിരിക്കുമെന്നു പ്രഖ്യാപിച്ച് ദേശീയശ്രദ്ധ ആകർഷിച്ചയാളാണ് താങ്കൾ, ഇതിനുശേഷം താങ്കളാണോ അതോ മോദിയാണോ മാറിയതെന്ന ചോദ്യത്തോട് സ്മൃതിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു:
''മോദിയുടെ നേതൃശേഷിക്കും സംഘാടന മികവിനുമുള്ള അംഗീകാരമായാണ് ഞാൻ ഇതിനെ കരുതുന്നത്. അന്നെനിക്ക് 27 വയസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹം എന്നെ നേരില്‍ക്കണ്ടു വിഷയങ്ങൾ ചർച്ച ചെയ്തു. വസ്തുതകൾ തിരിച്ചറിയണമെന്നും സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. വസ്തുതകൾ പരിശോധിച്ച് എന്നെ വിധിക്കൂ എന്നാണ് മോദി എന്നോട് പറഞ്ഞത്. അദ്ദേഹത്തിന്റെ രക്തത്തിനു വേണ്ടി ദാഹിക്കുന്നവരായിരുന്നു 2004നുശേഷം കേന്ദ്രം ഭരിച്ചത്.
ഞാൻ മോദിയുടെ പ്രധാന ടീമിൽ അംഗമായിമാറി പിന്നീട്. അദ്ദേഹത്തിന്റെ മന്ത്രിസഭയിലും രണ്ടുതവണ അംഗമായി. 2014ൽ അദ്ദേഹം അമേഠിയിൽ വന്നപ്പോൾ ഗാന്ധി വലയത്തിലുള്ള ആരോ ഞാൻ ആരാണെന്നു ചോദിച്ചു. അവൾ എന്റെ കൊച്ചുപെങ്ങളാണെന്നാണ് അന്ന് അദ്ദേഹം അതിനു മറുപടി നൽകിയത്. ഒരു മനുഷ്യനെന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ മഹാമനസ്‌കത മാത്രമല്ല, രാഷ്ട്രീയ സംഘാടകൻ എന്ന നിലയ്ക്കുള്ള പക്വത കൂടിയാണതു കാണിക്കുന്നത്.പത്തു വർഷത്തോളം അധികാരത്തിലുണ്ടായിരുന്ന യുപിഎ സർക്കാർ എല്ലാ സർക്കാർ സംവിധാനങ്ങളും ഉപയോഗിച്ചിട്ടും അദ്ദേഹത്തിനു കളങ്കമുണ്ടാക്കാനായില്ല.''
ബിജെപിക്ക് ഒറ്റ മുസ്‌ലിം എംപിയുമില്ലെന്നും, കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 'മംഗല്യസൂത്ര' പരാമർശങ്ങളുമായി ഹിന്ദു വികാരം ഉണർത്താൻ മോദി ശ്രമിച്ച കാര്യവും ഉണർത്തിയപ്പോൾ സ്മൃതിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു:
''മുസ്‌ലിംകളും ബിജെപിക്ക് വോട്ട് ചെയ്തിട്ടുണ്ട്. ഇല്ലെങ്കിൽ ഞങ്ങൾ ഇന്ന് എത്തിനിൽക്കുന്ന സ്ഥാനത്തുണ്ടാകുമായിരുന്നില്ല. സ്വത്തവകാശത്തെക്കുറിച്ച് മോദി പറഞ്ഞത് കോൺഗ്രസിന്റെ പ്രചാരണത്തിനുള്ള പ്രതികരണമായിരുന്നു. തങ്ങൾ അധികാരത്തിൽ വന്നാൽ എല്ലാവരുടെയും സ്വത്തുക്കൾ പിടിച്ചെടുത്ത് തോന്നിയ പോലെ പുനർവിതരണം നടത്തുമെന്നാണ് അവർ പറഞ്ഞത്. അതു സാം പിത്രോദ മാത്രം പറഞ്ഞ കാര്യമല്ല, കോൺഗ്രസിന്റെ നിലപാടാണ്. ഇപ്പോഴിതാ വഖഫിന്റെ മറവിൽ കർഷകരുടെ ഭൂമി പിടിച്ചെടുക്കാൻ അനുവദിക്കില്ലെന്ന് കർണാടകയിൽ സിദ്ധരാമയ്യ പറയുന്നു. അദ്ദേഹവും മുസ്‌ലിം വിരുദ്ധനാണോ? അല്ലല്ലോ. ഇത് കോൺഗ്രിസന്റെ മൂക്കിനു താഴെയാണു സംഭവിക്കുന്നത്. ജാർഖണ്ഡിൽ അനധികൃത കുടിയേറ്റക്കാരും നുഴഞ്ഞുകയറ്റക്കാരും ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുന്നുണ്ട്. ഈ സമുദായത്തിനുള്ള എന്തെങ്കിലും സേവനം പ്രധാനമന്ത്രി മുടക്കിയതിന്റെ ഉദാഹരണം പറയാൻ കഴിയുമോ?''
കശ്മീരിന്റെ പ്രത്യേകാവകാശം റദ്ദാക്കിയതും 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' പദ്ധതിയുമൊന്നും മതവിഷയങ്ങളല്ലെന്നും ഭരണഘടനാ വിഷയങ്ങളാണെന്നും അവർ പറഞ്ഞു. 2014-19 കാലയളവിൽ വൻ ഭൂരിപക്ഷം ലഭിച്ചിട്ടും ബിജെപി രാമക്ഷേത്രം സ്ഥാപിക്കാൻ നിർബന്ധം പിടിച്ചില്ല. കോടതി അന്തിമ തീരുമാനം കൈക്കൊള്ളുന്നതുവരെ ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. നികുതിപ്പണം കൊണ്ടല്ലല്ലോ രാമക്ഷേത്രം നിർമിച്ചത്.
അനധികൃത കുടിയേറ്റവും നുഴഞ്ഞുകഴറ്റവുമൊന്നും മതവിഷയങ്ങളല്ലെന്നും സുരക്ഷാ പ്രശ്‌നങ്ങളാണെന്നും മോദിയുടെ തെരഞ്ഞെടുപ്പു കാലത്തെ 'ഗുസ്‌പേഠിയാ' പരാമർശത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ച് സ്മൃതി ന്യായീകരിച്ചു. നിയമവിരുദ്ധമായി നമ്മുടെ അതിർത്തിയിലൂടെ ആളുകളെ നുഴഞ്ഞുകയറാനും ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങളും ഭൂമിയും വരുമാനമാർഗവുമെല്ലാം കവർന്നെടുക്കാനും അനുവദിക്കണമെന്ന് ഇന്ത്യക്കാർ പറയില്ല. അതു ന്യൂനപക്ഷ വിരുദ്ധ പരാമർശമല്ലെന്നും അവർ പറഞ്ഞു.
അമേഠിയിൽ താൻ ചെയ്ത പ്രവർത്തനങ്ങൾക്കും സംഭാവനകൾക്കും ദേശീയതലത്തിൽ വലിയ തോതിൽ സ്വീകാര്യത ലഭിച്ചെന്ന തിരിച്ചറിവിലാണ് തനിക്കെതിരെ അധിക്ഷേപങ്ങളൊന്നും നടത്തരുതെന്ന് രാഹുൽ ഗാന്ധി കോൺഗ്രസ് പ്രവർത്തകരോട് ആവശ്യപ്പെട്ടതെന്നും സ്മൃതി ഇറാനി പറഞ്ഞു. ആ കുടുംബത്തിന്റെ തട്ടകത്തിൽ അവർക്ക് ഒന്നായി ചെയ്യാനാകാത്ത കാര്യങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. മുൻപ് അത്തരം സംഭാവനകൾക്ക് ദേശീയാംഗീകാരം ലഭിച്ചിരുന്നില്ല. ഇപ്പോൾ പലതരത്തിലുള്ള ആശയവിനിമയ മാർഗങ്ങൾ വന്നതോടെ രാജ്യത്തുടനീളമുള്ള ജനങ്ങൾ അറിഞ്ഞുതുടങ്ങി.
ഞാൻ ബിജെപി പ്രവർത്തകയായ ശേഷം മുലായം സിങ് യാദവ്, ലാലുപ്രസാദ് യാദവ്, ശരദ് പവാർ ഉൾപ്പെടെയുള്ള വലിയ രാഷ്ട്രീയ വ്യക്തിത്വങ്ങൾ അപ്പുറത്തുണ്ടായിരുന്നു. രണ്ടര ദശകത്തോളം ഇവർക്കെതിരെ നിലയുറപ്പിച്ചയാളാണ് ഞാൻ. എന്നാൽ, ഞങ്ങൾക്കിടയിലൊരു അകലമുണ്ടായിരുന്നു. മുലായം സിങ് എന്നെക്കാൾ പ്രായമുള്ളയാളാണ്. അദ്ദേഹത്തിന്റെ കാലിൽ തൊട്ടുവന്ദിക്കാൻ വരെ ഞാൻ ഒരുക്കമാണ്. ലാലുപ്രസാദ് യാദവുമായും ശരദ് പവാറുമായും താൻ ഒരിക്കലും കയർത്തു സംസാരിച്ചിട്ടില്ലെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.
Summary: 'I was all of 27 then and he had a sit-down conversation with me and said to look at the facts': BJP leader Smriti Irani on her hunger strike against narendra modi during 2002 Gujarat riots