India
കുനോയിലെ ചീറ്റകള്‍ക്ക് കാവലാകാന്‍ സ്നിഫര്‍ ഡോഗ് സ്ക്വാഡ്
India

കുനോയിലെ ചീറ്റകള്‍ക്ക് കാവലാകാന്‍ സ്നിഫര്‍ ഡോഗ് സ്ക്വാഡ്

Web Desk
|
28 Sep 2022 6:27 AM GMT

ചീറ്റകളെ വേട്ടക്കാരില്‍ നിന്നും സംരക്ഷിക്കാനായിട്ടാണ് സ്നുിഫര്‍ ഡോഗ് സ്ക്വാഡിനെ വിന്യസിക്കുന്നത്

ഭോപ്പാല്‍: നമീബിയയില്‍ നിന്നും മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റകള്‍ക്ക് കാവലായി ഇനി സ്നിഫര്‍ ഡോഗ് സ്ക്വാഡും. ഹരിയാനയിലെ പഞ്ച്കുളയിലുള്ള ഐ.ടി.ബി.പി ഫോഴ്സിന്‍റെ പരിശീലന കേന്ദ്രത്തിൽ ജർമ്മൻ ഷെപ്പേർഡ് ഇനത്തില്‍ പെട്ട നായകള്‍ക്ക് പരിശീലനം നല്‍കിക്കൊണ്ടിരിക്കുകയാണ്. ചീറ്റകളെ വേട്ടക്കാരില്‍ നിന്നും സംരക്ഷിക്കാനായിട്ടാണ് സ്നുിഫര്‍ ഡോഗ് സ്ക്വാഡിനെ വിന്യസിക്കുന്നത്.

ചീറ്റപ്പുലികൾക്ക് പുതിയ ചുറ്റുപാടില്‍ സംരക്ഷണം നൽകുകയും അപകടം മണത്തറിയുകയും ചെയ്യുന്ന സ്ക്വാഡിന്‍റെ ഭാഗമായിട്ടാണ് ഈ നായകള്‍ പ്രവര്‍ത്തിക്കുക. കടുവയുടെ തൊലി, അസ്ഥികൾ, ആനക്കൊമ്പ്, രക്തചന്ദനം, മറ്റ് അനധികൃത വന ഉല്‍പന്നങ്ങൾ എന്നിവ കണ്ടെത്താനും അവർക്ക് പരിശീലനം നൽകും. ഡബ്ല്യു.ഡബ്ല്യു.എഫ്-ഇന്ത്യയുമായി (വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ഇന്ത്യ) സഹകരിച്ച് ഐ.ടി.ബി.പിയാണ് നായകളെ പരിശീലിപ്പിക്കുന്നതെന്ന് പരിശീലന കേന്ദ്രത്തിലെ ഐ.ജി ഈശ്വർ സിംഗ് ദുഹാൻ പറഞ്ഞു. മണം പിടിക്കല്‍, അനുസരണ, ട്രാക്കിംഗ് തുടങ്ങിയ ഗുണങ്ങൾ വളർത്തിയെടുക്കുന്ന ഏഴ് മാസത്തെ പരിശീലനത്തിന് ശേഷം ഈ നായകള്‍ സ്നിഫര്‍ ഡോഗ് സ്ക്വാഡില്‍ ചേരുമെന്ന് എ.എന്‍.ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത വര്‍ഷം ഏപ്രിലില്‍ ആയിരിക്കും ഈ നായകളെ പുറത്തിറക്കുക.

മനുഷ്യാവശിഷ്ടങ്ങൾ, സ്‌ഫോടകവസ്തുക്കൾ, നിയമവിരുദ്ധ മയക്കുമരുന്ന്,കറൻസി, രക്തം, അനധികൃത മൊബൈൽ ഫോണുകൾ പോലുള്ള നിരോധിത ഇലക്‌ട്രോണിക്‌സ് എന്നിവ കണ്ടെത്തുന്നതിന് വേണ്ടി പരിശീലനം സിദ്ധിച്ച നായകളാണ് സ്നിഫർ നായകൾ (അന്വേഷണ നായകൾ). ഗന്ധം ഉപയോഗപ്പെടുത്തിയാണ് ഇത്തരം നായകൾ പ്രധാനമായും തിരച്ചിൽ നടത്തുന്നത്. വന്യജീവി ജീവശാസ്ത്രജ്ഞർ ഗവേഷണ സംബന്ധിയായും ഇവയെ ഉപയോഗപ്പെടുത്തുന്നുണ്ട്.

ഏഴ് പതിറ്റാണ്ടിന് ശേഷമാണ് രാജ്യത്ത് ചീറ്റപ്പുലികളെത്തിയത്. പ്രധാനമന്ത്രിയുടെ ജന്‍മദിനത്തിലാണ് കുനോ ദേശീയോദ്യാനത്തിലേക്ക് ചീറ്റകളെ തുറന്നുവിട്ടത്. അഞ്ച് ആണ്‍ ചീറ്റകളെയും മൂന്ന് പെണ്‍ ചീറ്റകളെയുമാണ് ഇന്ത്യയിലെത്തിച്ചത്.

Similar Posts