India
Social media exposes the double standard of ANI in LPG cylinder price hike, Social media exposes ANI double standard, criticism against ANI, LPG cylinder price hike
India

'വില കുറയുമ്പോൾ ക്രെഡിറ്റ് മോദിക്ക്; കൂടുമ്പോൾ പഴി കമ്പനികൾക്ക്'; എ.എൻ.ഐയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടി സോഷ്യൽ മീഡിയ

Web Desk
|
1 Oct 2023 9:29 AM GMT

കഴിഞ്ഞ മാസം പാചകവാതക സിലിണ്ടർ വില കുറച്ചപ്പോൾ മോദിയുടെ സമ്മാനമായിരുന്നു. ഇപ്പോൾ വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടർ വില കൂട്ടിയപ്പോൾ കമ്പനികളുടെ പേരുനൽകി മോദിയെ 'രക്ഷിച്ചിരിക്കുകയാണ്' എ.എൻ.ഐ

ന്യൂഡൽഹി: ഇന്ധന, പാചകവാതക വിലക്കയറ്റത്തിൽ മോദിയെ രക്ഷിച്ചും വില കുറയുമ്പോൾ ക്രെഡിറ്റ് നൽകിയും വാർത്താ ഏജൻസിയായ എ.എൻ.ഐയുടെ ഇരട്ടത്താപ്പ്. ഇന്നു പാചക വാതക വില കുത്തനെ കൂട്ടിയപ്പോഴാണ് പഴി എണ്ണക്കമ്പനികളുടെ തലയിൽ ഏജൻസി ചാർത്തിനൽകിയിരിക്കുന്നത്. ഇതിനു പിന്നാലെയാണ് സോഷ്യൽ മീഡിയ എ.എൻ.ഐയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നത്.

വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില 209 രൂപയാണ് ഇന്നു കൂട്ടിയത്. 19 കി.ഗ്രാം വരുന്ന സിലിണ്ടറിന്റെ വിലയിലാണ് ഈ വർധന. ഇതോടെ 1,731.50 രൂപയാണ് ഡൽഹിയിൽ വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില. പുതുക്കിയ നിരക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

അതേസമയം, വില കൂട്ടിയതിന്റെ പഴി കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും തലയിൽനിന്ന് ഊരിക്കൊടുത്താണ് വാർത്ത എ.എൻ.എ റിപ്പോർട്ട് ചെയ്തത്. എണ്ണ മാർക്കറ്റിങ് കമ്പനികൾ വില വർധിപ്പിച്ചുവെന്നാണ് ഏജൻസിയുടെ ഔദ്യോഗിക 'എക്‌സ്' ഹാൻഡിലിൽ ചേർത്തിരിക്കുന്നത്. ഇതിനിടയാണ് കഴിഞ്ഞ ആഗസ്റ്റ് 29ന് ഇതേ ഹാൻഡിലിൽ വന്ന മറ്റൊരു പോസ്റ്റ് സോഷ്യൽ മീഡിയ ഓർമിപ്പിക്കുന്നത്. ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന്റെ വിലയിൽ 200 രൂപ കുറയ്ക്കാൻ പ്രധാനമന്ത്രി മോദി തീരുമാനിച്ചു എന്നായിരുന്നു അന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്തത്.

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ പ്രസ്താവന ഉദ്ധരിച്ചായിരുന്നു വാർത്താ ഏജൻസിയുടെ പോസ്റ്റ്. രക്ഷാബന്ധൻ ദിനത്തോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം വന്നത്. രക്ഷാബന്ധൻ ദിനത്തിൽ രാജ്യത്തെ സ്ത്രീകൾക്കുള്ള മോദിയുടെ സമ്മാനമെന്നും പോസ്റ്റിൽ ഠാക്കൂർ അവകാശപ്പെട്ടിരുന്നു. കേരളത്തിനുള്ള ഓണസമ്മാനമെന്ന തരത്തിലും ഇതിനെ ദേശീയമാധ്യമങ്ങളും സംഘ്പരിവാർ ഹാൻഡിലുകളും ആഘോഷിച്ചു.

എ.എൻ.ഐയുടെ തലക്കെട്ട് വിരുത് ഇഷ്ടപ്പെട്ടുവെന്നാണ് രണ്ട് പോസ്റ്റുകളുടെയും സ്‌ക്രീൻഷോട്ട് പങ്കുവച്ച് ഫാക്ട്‌ചെക്കിങ് മാധ്യമസ്ഥാപനമായ 'ആൾട്ട്‌ന്യൂസ്' സഹസ്ഥാപകൻ മുഹമ്മദ് സുബൈർ കുറിച്ചത്. കഴുത രാജ്യത്തിനുവേണ്ടിയല്ല, യജമാനനു വേണ്ടിയാണ് ദിവസവും 18 മണിക്കൂർ ഇങ്ങനെ പണിയെടുക്കുന്നതെന്ന് ഒരു എക്‌സ് ഉപയോക്താവ് വിമർശിച്ചു. ബി.ജെ.പിയുടെ സോഷ്യൽ മീഡിയ ആഖ്യാനങ്ങളുണ്ടാക്കുന്ന വിഭാഗമാണ് എ.എൻ.ഐ എന്നാൺ ഒരു കോൺഗ്രസ് പ്രവർത്തകന്റെ ആരോപണം. നല്ലത് എന്തെങ്കിലും സംഭവിച്ചാൽ മോദിയുടെ പേരിലും അല്ലെങ്കിൽ എണ്ണക്കമ്പനികളുടെയും പേരിലാകും. എ.എൻ.ഐയുടെ ഇരട്ടത്താപ്പ് പലതവണ പുറത്തായതാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

Summary: 'Credit to PM Modi when prices fall; Blame to companies when prices go up'; Social media exposes the double standard of ANI in LPG cylinder price hike

Similar Posts