India
Solidarity to protest in Bangladesh; Student unions organized march
India

ബംഗ്ലാദേശിലെ പ്രതിഷേധത്തിന് ഐക്യദാർഢ്യം; മാർച്ച് സംഘടിപ്പിച്ച് വിദ്യാർഥി സംഘടനകൾ

Web Desk
|
19 July 2024 4:09 PM GMT

നൂറുകണക്കിന് പ്രവർത്തകരാണ് അക്കാദമി ഓഫ് ഫൈൻ ആർട്‌സിന് സമീപം തടിച്ചുകൂടിയത്

കൊൽക്കത്ത: സംവരണത്തിനെതിരെ അയൽരാജ്യമായ ബം​ഗ്ലാദേശിൽ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊൽക്കത്തയിൽ പ്രതിഷേധ മാർച്ച്. നിരവധി ഇടതുപക്ഷ വിദ്യാർഥി യൂണിയനുകളും മനുഷ്യാവകാശ സംഘടനകളും വെള്ളിയാഴ്ച കൊൽക്കത്തയിലെ ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷന് സമീപം റാലി സംഘടിപ്പിച്ചു. ബം​ഗ്ലാദേശിലെ പ്രതിഷേധക്കാർക്കെതിരെ സുരക്ഷാ സേനയുടെ നടപടിക്കെതിരെ പ്രവർത്തകർ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകരാണ് അക്കാദമി ഓഫ് ഫൈൻ ആർട്‌സിന് സമീപം തടിച്ചുകൂടിയത്. ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷനിലേക്ക് നീങ്ങാൻ ശ്രമിച്ച ഇവരെ ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലീസ് തടഞ്ഞു. പൊലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി, തുടർന്ന് നിരവധി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് ലാൽബസാറിലെ കൊൽക്കത്ത പൊലീസ് ആസ്ഥാനത്തേക്ക് കൊണ്ടുപോയി.

‌‌ബംഗ്ലാദേശിൽ ആയുധമേന്തി തെരുവിൽ ഇറങ്ങിയ ആയിരക്കണക്കിന് വിദ്യാർഥികളും പൊലീസും ഏറ്റുമുട്ടി. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധക്കാർക്ക് നേരെ വെടിയുണ്ടകളും ടിയർ ​ഗ്യാസും പ്രയോഗിച്ചു. ഇൻ്റർനെറ്റ്, മൊബൈൽ സേവനങ്ങൾ വിച്ഛേദിച്ചതിനോടൊപ്പം വെള്ളിയാഴ്ച തലസ്ഥാനമായ ധാക്കയിൽ ആളുകൾ ഒത്തുകൂടുന്നതും നിരോധിച്ചു. നിരവധി പ്രതിഷേധക്കാർ ഇതിനോടകം രാജ്യത്ത് മരണപ്പെട്ടു.

രാജ്യത്തെ സർക്കാർ ജോലികളിലുള്ള സംവരണത്തിനെതിരെയാണ് വിദ്യാർഥി പ്രതിഷേധം. കടുത്ത തൊഴിലില്ലായ്മ നേരിടുന്ന രാജ്യത്ത് സർക്കാർ ജോലികളിൽ 56 ശതമാനം സംവരണമാണ്. സ്വതന്ത്യത്തിനായി 1971ലെ വിമോചന യുദ്ധത്തിൽ പങ്കെടുത്തവരുടെ പിൻഗാമികൾക്കുള്ള 30 ശതമാനം സംവരണം നിർത്തണമെന്ന് ആവശ്യപ്പെട്ടാണ് ധാക്കയിൽ വിദ്യാർഥി പ്രതിഷേധം അരങ്ങേറിയത്.

Related Tags :
Similar Posts