India
Solver Gang
India

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ 'വില്ലൻ'; ആരാണ് 'സോൾവർ ഗ്യാങ്‌?

Web Desk
|
22 Jun 2024 4:15 PM GMT

14ല്‍ അധികം പേരാണ് ഇതുവരെ അറസ്റ്റിലായത്. അതിലൊരാള്‍ ബിഹാര്‍ സര്‍ക്കാരിലെ ജൂനിയര്‍ എന്‍ജിനീയറാണ്.

നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളും ചോദ്യ പേപ്പര്‍ ചോര്‍ച്ചയും നിരവധി വിദ്യാര്‍ഥികളുടെ സ്വപ്നമാണ് തകര്‍ത്തത്. പരീക്ഷ വീണ്ടും നടത്തണമെന്ന് വിദ്യാര്‍ഥികളും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടുകഴിഞ്ഞു.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് നിരവധി പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ അറസ്റ്റിലായത്. ലക്ഷങ്ങള്‍ കൊടുത്താണ് വിദ്യാര്‍ഥികള്‍ ചോദ്യപേപ്പര്‍ സ്വന്തമാക്കിയിട്ടുള്ളത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 30 ലക്ഷം വരെയെന്നൊക്കെ കണക്കുകളുണ്ട്. സോള്‍വര്‍ ഗ്യാങ് എന്നറിയപ്പെടുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് പറയപ്പെടുന്നത്. സമൂഹമാധ്യമങ്ങളെ ഉപയോഗിച്ചാണ് ഇവരുടെ പ്രവര്‍ത്തന രീതി.

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വളരെ കരുതലോടെ നടത്തുന്ന നീറ്റ് പ്രവേശന പരീക്ഷയിലെ ചോദ്യപേപ്പര്‍ അത്ര നിസാരമായി ചോര്‍ത്താനാവില്ല. വലിയ ആസൂത്രണം പിന്നിലുണ്ടെന്ന് വ്യക്തം. ആദ്യം പിടിയിലായവരൊക്കെ ഈ സംഘത്തിന്‍റെ ഇങ്ങേത്തലയ്ക്കലെ കണ്ണികളായിരുന്നു. അനുരാഗ് യാദവും സിക്കന്ദര്‍ യദുവേന്ദുവുമെല്ലാം വെറും കരുക്കള്‍ മാത്രമായിരുന്നു. ബിഹാര്‍ സര്‍ക്കാറിലെ ജൂനിയര്‍ എന്‍ജിനീയറാണ് സിക്കന്ദര്‍. ഉന്നത ബന്ധം ഇയാളില്‍ മാത്രം ഒതുങ്ങില്ലെന്ന് ഉറപ്പാണ്. പ്രതികളെ പിടിക്കണമെന്ന ഉറച്ച വാശിയില്‍ അന്വേഷണവുമായി മുന്നോട്ടുപോയാല്‍ പലരും കുടുങ്ങുമെന്ന് ഉറപ്പ്. അതായത് അധികൃതരുടെ അറിവോടെയല്ലാതെ കുറ്റകൃത്യം നടക്കില്ലെന്ന് പകല്‍പോലെ വ്യക്തം.

എന്താണ് സോള്‍വര്‍ ഗ്യാങ്? ആരാണവര്‍

‘സോള്‍വര്‍ ഗ്യാങ്’ എന്നറിയപ്പെടുന്ന ഒരു നെറ്റ്‌വർക്ക് വഴി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ചോദ്യപേപ്പറുകള്‍ അപ്ലോഡ് ചെയ്യുന്നതാണ് സംഘത്തിന്റെ പ്രവര്‍ത്തന രീതി. സമൂഹമാധ്യമങ്ങളിലൂടെ ശൃംഖല പോലെയാണ് ഗ്യാങിന്റെ പ്രവര്‍ത്തനം. മാതൃകാ ചോദ്യപേപ്പറുകളും അതിലെ ഉത്തരങ്ങളുമൊക്കെ എത്തിച്ച് വിശ്വാസ്യത നേടി എടുക്കുകയാണ് സംഘം ആദ്യം ചെയ്യുന്നത്. രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്താന്‍ പാകത്തിലുള്ള കണക്ഷന്‍ ഇവര്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.

വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സികളും കോച്ചിങ് സെന്ററുകളും വഴിയാണ് ഇവര്‍ വിദ്യാര്‍ഥികളെ ബന്ധപ്പെടുന്നത്. നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ കുടുംബങ്ങളെ കാണുകയും സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും ചെയ്യുന്നു.

അതേസമയം എവിടെ നിന്നാണ് ഇവർ പ്രവർത്തനം ഏകോപിപ്പിക്കുന്നത് എന്നത് ഇപ്പോഴും വ്യക്തമല്ല.14ല്‍ അധികം പേരാണ് ഇതുവരെ അറസ്റ്റിലായത്. അതിലൊരാള്‍ ബിഹാര്‍ സര്‍ക്കാരിലെ ജൂനിയര്‍ എന്‍ജിനീയറാണ്. ബിഹാര്‍ സാമ്പത്തിക കുറ്റാന്വേഷണ യൂണിറ്റാണ് ചോര്‍ത്തലിന് പിന്നില്‍ സോള്‍വര്‍ ഗ്യാങ്' ആണെന്ന് വ്യക്തമാക്കിയത്. ബിഹാറില്‍ മാത്രമല്ല, ഗുജറാത്ത്, യുപി, മഹാരാഷ്ട്ര അടക്കം മറ്റ് സംസ്ഥാനങ്ങളിലും ക്രമക്കേട് നടന്നിട്ടുണ്ട്. എന്‍.ടി.എ ഉന്നത ഉദ്യോഗസ്ഥര്‍ക്കടക്കം ക്രമക്കേടില്‍ പങ്കുണ്ടെന്നാണ് സൂചന.

മുഖ്യസൂത്രധാരന്‍ പിടിയിലെന്ന് പൊലീസ്

ഗ്രേറ്റര്‍ നോയിഡയിലെ നീംക ഗ്രാമത്തില്‍ നിന്നുള്ള രവി അത്രിയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് മുഖ്യ സൂത്രധാരനെന്ന് പറയപ്പെടുന്നത്. ഇയാളെ ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് (എസ്ടിഎഫ്) അറസ്റ്റ് ചെയ്തതാണ് ഒടുവിലത്തെ വാര്‍ത്ത. വിവിധ സംസ്ഥാനങ്ങളിലുടനീളം പരീക്ഷാപേപ്പര്‍ ചോര്‍ച്ചയില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന രവി അത്രിയാണ് ബുദ്ധികേന്ദ്രമെന്നാണ് പൊലീസ് പറയുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഒരു വിദ്യാര്‍ത്ഥിയും കൂട്ടാളികളും ഉള്‍പ്പെടെ നിരവധി പേരെ ചോദ്യം ചെയ്തതില്‍ നിന്നാണ് അത്രിയിലേക്ക് പൊലീസ് എത്തിയത്.

അത്രിയും മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു. 2007ലാണ് അത്രിയുടെ കുടുംബം അദ്ദേഹത്തെ മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ കോട്ടയിലേക്ക് അയക്കുന്നത്. 2012ൽ പരീക്ഷ പാസായ അദ്ദേഹം പിജിഐ റോഹ്തക്കിൽ പ്രവേശനം നേടിയെങ്കിലും നാലാം വർഷം പരീക്ഷയെഴുതിയില്ല. അപ്പോഴേക്കും 'പരീക്ഷാ മാഫിയയുമായി' സമ്പർക്കം പുലർത്തുകയും മറ്റ് ഉദ്യോഗാർത്ഥികളുടെ പ്രോക്സിയായി ഇരിക്കുന്നതിലേക്കും എത്തുകയായിരുന്നു. അവിടം മുതല്‍ തുടങ്ങിയ ബന്ധമാണ് സോള്‍വര്‍ ഗ്യാങിലേക്ക് വരെ അത്രി എത്തുന്നത്. ഈ പരീക്ഷാ മാഫിയ ആരെന്നുള്‍പ്പെടെ ഉത്തരംകിട്ടാത്ത ചോദ്യങ്ങള്‍ കേസുമായി ബന്ധപ്പെട്ട് അനവധിയാണ്.

Similar Posts