പൊതുതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തോട് പോരാടാൻ ബി.ജെ.പിക്ക് ഭയമുണ്ടെന്ന് തേജസ്വി യാദവ്
|രാജ്യത്തിന്‍റെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്
പറ്റ്‍ന: ദാരിദ്ര്യം, വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷകർ, വികസനം എന്നിവയെക്കുറിച്ച് സംസാരിക്കേണ്ട സമയത്ത് സമൂഹത്തിൽ വിദ്വേഷത്തിന്‍റെ വിഷം പടർത്താൻ ചിലർ ആഗ്രഹിക്കുന്നുവെന്ന് ആർ.ജെ.ഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് . താന്‍ മാത്രമല്ല, എല്ലാ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളും ബി.ജെ.പിയുടെ ലക്ഷ്യമാണെന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ സ്വീകരിച്ച നടപടികളെ പരാമർശിച്ച് യാദവ് പറഞ്ഞു.
രാജ്യത്തിന്‍റെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യത്തോട് പോരാടാൻ ബി.ജെ.പിക്ക് ഭയമുണ്ടെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. രേവാരി എം.എല്‍.എയായ ചിരഞ്ജീവ് റാവുവിന്‍റെ കുടുംബ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു യാദവ്. തേജസ്വിയുടെ സഹോദരി അനുഷ്കയുടെ ഭര്‍ത്താവ് കൂടിയാണ് ചിരഞ്ജീവ്. ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, മുതിർന്ന കോൺഗ്രസ് നേതാവ് കുമാരി സെൽജ, ഹരിയാന കോൺഗ്രസ് പ്രസിഡന്റ് ഉദയ് ഭാൻ, രാജ്യസഭാ എംപി ദീപേന്ദർ സിംഗ് ഹൂഡ, പാർട്ടി മുതിർന്ന നേതാവ് കിരൺ ചൗധരി, ഹരിയാന കോൺഗ്രസ് എംഎൽഎ ഗീത ഭുക്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.
കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി സർക്കാർ പരാജയമാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് ഭൂപീന്ദർ ഹൂഡ മാധ്യമപ്രവർത്തകരോട് പറഞ്ഞു."ഹരിയാനയിൽ ജെജെപി-ബിജെപി സ്വാർത്ഥതയുടെ കൂട്ടുകെട്ടാണ്, സംസ്ഥാനത്തെ ജനങ്ങൾ ഇപ്പോൾ മാറ്റത്തിന് മനസൊരുക്കിയിട്ടുണ്ട്, അടുത്ത വർഷം സംസ്ഥാനത്ത് നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അധികാരത്തിൽ കൊണ്ടുവരും," ഹൂഡ കൂട്ടിച്ചേര്‍ത്തു.