മകന് 30 കോടിയുടെ സ്വത്തുണ്ട്, എന്നാല്‍ ഒരു നേരത്തെ ഭക്ഷണം പോലും തന്നില്ല; മക്കളുടെ ക്രൂരത വിവരിച്ച് മരിച്ച ഹരിയാന ദമ്പതികളുടെ കത്ത്
|മകന് മഹേന്ദറിനൊപ്പം ബദ്രയിലാണ് ദമ്പതികള്‍ ആദ്യം താമസിച്ചിരുന്നത്
ചണ്ഡീഗഡ്: കഴിഞ്ഞ ശനിയാഴ്ചയാണ് ഹരിയാനയില്‍ വൃദ്ധദമ്പതികള്‍ സള്‍ഫസ് ഗുളികകള്‍ കഴിച്ച് ജീവനൊടുക്കിയത്. മക്കളുടെ ക്രൂരതകള്‍ വിവരിച്ചുകൊണ്ടുള്ള ഒരു കുറിപ്പും കണ്ടെടുത്തിരുന്നു. മകന് 30 കോടിയുടെ സ്വത്തുണ്ടായിട്ടും തങ്ങള്‍ പട്ടിണിയിലായിരുന്നുവെന്നാണ് കുറിപ്പില്‍ പറയുന്നത്.
ജഗദീഷ് ചന്ദ്ര ആര്യ (78), ഭാര്യ ഭഗ്ലി ദേവി (77) എന്നിവരെയാണ് ചാർഖി ദാദ്രിയിൽ ബദ്രയിലെ ശിവ് കോളനിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മരിക്കുന്നതിന് മുമ്പ് കൺട്രോൾ റൂമിൽ വിളിച്ച വൃദ്ധ ദമ്പതികൾ തന്നെയാണ് പൊലീസിൽ വിവരമറിയിച്ചത്. മകന് മഹേന്ദറിനൊപ്പം ബദ്രയിലാണ് ദമ്പതികള്‍ ആദ്യം താമസിച്ചിരുന്നത്. എന്നാല്‍ ആറു വര്‍ഷം മുന്‍പ് ഇയാള്‍ മരിച്ചപ്പോള്‍ മരുമകള്‍ നീലത്തിനൊപ്പം താമസം തുടങ്ങി. പിന്നീട് നീലം അവരെ പുറത്താക്കുകയും വൃദ്ധസദനത്തില്‍ കഴിയാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി ആര്യ ആരോപിച്ചു. തുടര്‍ന്ന് 30 കോടിയുടെ സ്വത്തുണ്ടെന്ന് പറയപ്പെടുന്ന മകനൊപ്പം താമസിക്കാന്‍ തുടങ്ങിയപ്പോള്‍ തങ്ങള്‍ക്ക് പഴകിയ ഭക്ഷണമാണ് നല്‍കിയിരുന്നതെന്നും കുറിപ്പില്‍ പറയുന്നു.
"എന്റെ ഭാര്യക്ക് പക്ഷാഘാതം വന്നു, ഞങ്ങൾ മറ്റൊരു മകൻ വീരേന്ദറിനൊപ്പം താമസിക്കാൻ തുടങ്ങി, പക്ഷേ അവൻ ഞങ്ങൾക്ക് ബാക്കിയുള്ള ഭക്ഷണം തന്നു." ജഗദീഷ് ചന്ദ്ര കുറിപ്പിലെഴുതി. ഒടുവില്‍ മനംമടുത്ത ദമ്പതികള്‍ ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. മകന് വീരേന്ദറിന്റെയും രണ്ട് മരുമക്കളുടെയും പേരുകള്‍ ദമ്പതികള്‍ കുറിപ്പിലെഴുതിയിട്ടുണ്ട്. തന്റെ പേരിലുള്ള സ്വത്ത് ബദ്രയിലെ ആര്യസമാജിന് നൽകണമെന്നും കുടുംബാംഗങ്ങളെ ശിക്ഷിക്കണമെന്നും കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തന്റെ മാതാപിതാക്കള്‍ അസുഖം മൂലം വിഷമത്തിലായിരുന്നുവെന്നും അതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും വീരേന്ദര്‍ പറഞ്ഞു.എന്നാൽ ആത്മഹത്യാ കുറിപ്പിൽ പേരുള്ള എല്ലാവര്‍ക്കെതിരെയും പൊലീസ് കേസെടുത്ത് അന്വേഷിക്കുകയാണ്.