India
Son Of Maudany Salahudeen Ayyoobi Response after he get permission to come kerala for 84 days
India

'എനിക്ക് 10 മാസം പ്രായമുള്ളപ്പോഴാണ് വാപ്പച്ചി അറസ്റ്റിലാവുന്നത്; എന്റെ ജീവിതത്തിലെ 23 വർഷവും അദ്ദേഹം ജയിലിലായിരുന്നു'; മഅ്ദനിക്കായി നിയമപോരാട്ടത്തിൽ ഒപ്പമുണ്ടായിരുന്ന മകൻ

Web Desk
|
17 April 2023 4:26 PM GMT

'പ്രതീക്ഷയാണ് മുന്നോട്ടുനയിച്ചത്. അതിന്റെ ഒന്നാമത്തെ ഘടകം വാപ്പച്ചി തന്നെയാണ്. ജനാധിപത്യ സംവിധാനത്തോടും കോടതികളോടുമുള്ള വാപ്പച്ചിയുടെ വിശ്വാസം തളരാതെ പിടിച്ചുനിൽക്കാൻ പ്രചോദനമായിട്ടുണ്ട്'.

ന്യൂഡൽഹി: മഅ്ദനിയുടെ 13 വർഷമായുള്ള നിയമപോരാട്ടത്തിനാണ് ഇന്ന് പരിസമാപ്തിയായത്. 84 ദിവസത്തേങ്കിലും മഅ്ദനിക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച് നാട്ടിലെത്താനുള്ള ഉത്തരവ് സമ്പാദിച്ച നിയമപോരാട്ടത്തിന് പ്രമുഖ അഭിഭാഷകൻ ഹാരിസ് ബീരാനാണ് നേതൃത്വം നൽകിയത്. ഈ പോരാട്ടത്തിൽ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നത് മഅ്ദനിയുടെ മകൻ സ്വലാഹുദ്ദീൻ അയ്യൂബിയാണ്. ഈയടുത്താണ് അയ്യൂബി അഭിഭാഷക കുപ്പായമണിഞ്ഞ് പിതാവിന്റെ നീതിക്കായുള്ള പോരാട്ടത്തിന്റെ നിയമവഴിയിൽ പങ്കാളിയായത്.

സുപ്രിംകോടതിയിൽ നിന്നുള്ള അനുകൂല ഉത്തരവിൽ വളരെയധികം സന്തോഷമുണ്ടെന്ന് സ്വലാഹുദ്ദീൻ അയ്യൂബി മീഡിയവണിനോട് പ്രതികരിച്ചു. സർവശക്തനായ ദൈവത്തിന് എല്ലാ സ്തുതികളും. അതോടൊപ്പം വാപ്പച്ചിക്ക് നിയമപോരാട്ടത്തിനായി പ്രവർത്തിച്ച കപിൽ സിബലും ഹാരിസ് ബീരാനും ഉൾപ്പെടെയുള്ള അഭിഭാഷകർക്കും നന്ദി. ഇതെല്ലാമൊരു നിമിത്തമാണെന്നും എല്ലാം ദൈവം എഴുതിയതാണെന്നും വിശ്വസിക്കാനാണ് ഇഷ്ടം. സന്തോഷം വരുമ്പോഴും വിഷമം വരുമ്പോഴും അങ്ങനെ വിശ്വസിക്കാനാണ് ഇഷ്ടമെന്നും അയ്യൂബി പറഞ്ഞു.

ഇന്ന് റമദാൻ 26, അഥവാ ഏറ്റവും പോരിശയേറിയ 27ാം രാവാണ്. അതോടൊപ്പം ഒരുപാട് മനുഷ്യരുടെ പ്രാർഥന ഉണ്ടായിട്ടുണ്ട്. കൂടാതെ, അറബി മാസപ്രകാരം വാപ്പച്ചിയുടെ പിറന്നാൾ കൂടിയാണ്. അതിനാൽ വലിയ സന്തോഷമുണ്ട്. ജീവിതത്തിൽ ഒരുപാട് മുന്നോട്ടുപോവാനുള്ള ഊർജം തരുന്ന ദിനമായി ഇന്നത്തെ ദിവസം ഉണ്ടാവും. എന്നും ഓർമിക്കുന്ന ദിനമായി അത് എന്നും നിലനിൽക്കും. പ്രതീക്ഷയാണ് മുന്നോട്ടുനയിച്ചത്. അതിന്റെ ഒന്നാമത്തെ ഘടകം വാപ്പച്ചി തന്നെയാണ്.

ജനാധിപത്യ സംവിധാനത്തോടും കോടതികളോടുമുള്ള വാപ്പച്ചിയുടെ വിശ്വാസം തളരാതെ പിടിച്ചുനിൽക്കാൻ പ്രചോദനമായിട്ടുണ്ട്. പിന്നെ ആയിരക്കണക്കിന് മനുഷ്യരുടെ സ്‌നേഹം നേരിട്ട് ഏറ്റുവാങ്ങിയിട്ടുണ്ട്. കാരണം, എനിക്ക് 10 മാസം പ്രായമുള്ളപ്പോഴാണ് വാപ്പച്ചിയെ അറസ്റ്റ് ചെയ്യുന്നത്. ഇന്ന് എനിക്ക് 25 വയസാണ് പ്രായം. ഇതിൽ 23 വർഷവും വാപ്പച്ചി ജയിലിലോ അതിന് സമാനമായ അവസ്ഥയിലോ ആണ്. ആ ഒരു കാലഘട്ടത്തിൽ സ്‌നേഹം തന്നെ മനുഷ്യരെ എന്നുമോർക്കും. മുന്നോട്ടുള്ള ജീവിതം അവർക്ക് തിരിച്ച് സ്‌നേഹം നൽകിക്കൊണ്ടായിരിക്കും.

വാപ്പച്ചി അനുഭവിച്ച നീതിനിഷേധത്തെ കുറിച്ച് ഞാനാദ്യം അറിയുന്നത്, ശംഖുഖത്ത് അദ്ദേഹം ജനങ്ങളോട് വിശദീകരിക്കുമ്പോഴാണ്. അന്ന് വാപ്പച്ചി തന്റെ മുറിച്ചുമാറ്റപ്പെട്ട കാലിൽ ഉപയോഗിക്കുന്ന ലിംപ് എടുത്ത് ജനങ്ങളെ കാണിച്ചിരുന്നു. അന്നാണ് ആ കാലിന്റെയവസ്ഥ നേരിട്ട് മനസിലാക്കുന്നതും ഇത്രയധികം പീഡനങ്ങൾ നേരിട്ടിട്ടുണ്ടെന്ന് ഉൾക്കൊണ്ടതും. ഒപ്പം ജയിൽ മോചിതനായ സന്തോഷവുമുണ്ടായി. എന്നാൽ ജീവിതത്തിൽ ബുദ്ധിയുറയ്ക്കുന്ന, കാഴ്ചപ്പാടുകൾ വളരുന്ന 13ാം വയസിൽ വാപ്പച്ചി വീണ്ടും അറസ്റ്റിലായി. അന്ന് ഞാൻ എട്ടാം ക്ലാസിലാണ്. പിന്നീടിന്നു വരെ ഇവരുടെ അസാന്നിധ്യത്തിലാണ് എന്റെ പഠനം, ജീവിതം, ജീവിതത്തിലെ സുപ്രധാന ഘട്ടങ്ങൾ ഒക്കെയുണ്ടായത്. അതുകൊണ്ടുതന്നെ ഇന്ന് സുപ്രിംകോടതിയിൽ നിന്നും ഈ കനിവ് ലഭിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചവരോട് ഒരുപാട് നന്ദിയുണ്ട്- സ്വലാഹുദ്ദീൻ അയ്യൂബി വിശദമാക്കി.

അതേസമയം, മഅ്ദനിക്ക് ജാമ്യം യാഥാർഥ്യമായി കിട്ടുന്നത് 13 വർഷത്തെ നിയമപോരാട്ടത്തിന് ശേഷം ഇന്നാണെന്ന് അഡ്വ. ഹാരിസ് ബീരാൻ പറഞ്ഞു. 38ാം വയസിൽ 1998ലാണ് കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ മഅ്ദനി അറസ്റ്റിലാവുന്നത്. ജാമ്യമില്ലാതെ അദ്ദേഹം ജയിലിൽ കിടന്നു. അതിനു ശേഷം നിരപരാധിയെന്ന് കണ്ട് വിചാരണ കോടതി വെറുതെവിട്ടു. അതിനു ശേഷം ഏകദേശം രണ്ട് വർഷത്തിനിടെ 2010ലാണ് ബാംഗ്ലൂർ സ്‌ഫോടനക്കേസിൽ മഅ്ദനിയെ അറസ്റ്റ് ചെയ്യുന്നത്.

2014 അവസാനം വരെയും അദ്ദേഹം ജയിലിൽ തന്നെയായിരുന്നു. ഇതിനു ശേഷമാണ് സുപ്രിംകോടതി അദ്ദേഹത്തിന് വ്യവസ്ഥകളോടെ ജാമ്യം നൽകുന്നത്. ബാംഗ്ലൂരിൽ തന്നെ നിൽക്കണം എന്നതായിരുന്നു വ്യവസ്ഥ. നാല് മാസം കൊണ്ട് വിചാരണ പൂർത്തിയാക്കാം എന്ന് പ്രോസിക്യൂഷൻ പറഞ്ഞതനുസരിച്ചാണ് അങ്ങനെ ചെയ്തത്. എന്നാൽ ആ അവകാശവാദം നടപ്പായില്ല. തുടർന്ന് എട്ട് വർഷത്തിനു ശേഷമാണ് വിചാരണ പൂർത്തിയാക്കിയത്. പ്രോസിക്യൂഷന്റെ ആ നിലപാട് മൂലമാണ് അദ്ദേഹത്തിന് ഇത്രയും നാൾ ബെംഗളൂരുവിൽ തന്നെ നിൽക്കേണ്ടിവന്നത്.

ആ അവസ്ഥയ്‌ക്കൊരു പരിഹാരമെന്ന നിലയ്ക്കാണ് ഇന്ന് സുപ്രിംകോടതി താൽക്കാലികമായി മൂന്ന് മാസത്തേങ്കിലും വ്യവസ്ഥയിൽ ഇളവ് നൽകി കേരളത്തിലേക്ക് പോകാമെന്ന് പറഞ്ഞിരിക്കുന്നത്. ഇന്നാണ് അദ്ദേഹം ആ ജാമ്യത്തിന്റെ എല്ലാ അവസ്ഥകളും അനുഭവിക്കാൻ പോവുന്നത്. സ്വന്തം വീട്ടിൽ നിൽക്കാനും പിതാവിനെ കാണാനും ഡോക്ടർമാരുടെ അടുത്ത് പോയി ചികിത്സിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം ലഭിച്ചത് ഇന്നാണ്. അടുത്ത മൂന്ന് മാസക്കാലം അദ്ദേഹത്തിന് ആ സ്വാതന്ത്ര്യം അനുഭവിക്കാം എന്നുള്ളതിനാൽ ജാമ്യം യാഥാർഥ്യമായി അദ്ദേഹത്തിന് കിട്ടുന്നത് 13 വർഷത്തെ നിയമപോരാട്ടത്തിന് ശേഷം ഇന്നാണ്- ഹാരിസ് ബീരാൻ വിശദമാക്കി.





Similar Posts