ഏറ്റവും ഭയങ്കരനായ കുറ്റവാളിയുടെ മകന്‍; കൊള്ളയടിക്കല്‍ കേസില്‍ ആതിഖ് അഹമ്മദിന്‍റെ മകന്‍റെ ജാമ്യാപേക്ഷ തള്ളി
|വധശ്രമത്തിനും പണം തട്ടിയതിനും അഹമ്മദിനെതിരെ കേസെടുത്തിരുന്നു
പ്രയാഗ്‍രാജ്: 2021-ലെ കൊള്ളയടിക്കൽ കേസിൽ ഗുണ്ടാത്തലവനും എസ്.പി നേതാവുമായിരുന്ന ആതിഖ് അഹമ്മദിന്‍റെ മകന്‍ അലി അഹമ്മദിന്‍റെ ജാമ്യാപേക്ഷ അലഹാബാദ് ഹൈക്കോടതി തള്ളി. അലിക്ക് ജാമ്യം നല്‍കുന്നത് സാക്ഷികൾക്ക് മാത്രമല്ല, സമൂഹത്തിനും നിരന്തരമായ ഭീഷണിയാകുമെന്ന് കോടതി പറഞ്ഞു.
ഏറ്റവും ഭീകരനായ ക്രിമിനലുകളിൽ ഒരാളായ ആതിഖ് അഹമ്മദിന്റെ മകനാണ് പ്രതിയെന്നും ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ദിനേശ് കുമാർ സിംഗാണ് ഉത്തരവ് പുറപ്പെടുവിച്ചത്.വധശ്രമത്തിനും പണം തട്ടിയതിനും അഹമ്മദിനെതിരെ കേസെടുത്തിരുന്നു. ബി.എസ്.പി എം.എൽ.എ രാജു പാൽ വധക്കേസിലെ മുഖ്യസാക്ഷിയായിരുന്ന ഉമേഷ് പാൽ കൊലപ്പെടുത്തിയ കേസിലും അലിയുടെ പേര് വന്നിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ''കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കൊള്ളയടിക്കൽ, മോചനദ്രവ്യം, സ്വത്ത് തട്ടിയെടുക്കൽ, മറ്റ് ഹീനമായ കുറ്റകൃത്യങ്ങൾ എന്നിങ്ങനെ നൂറിലധികം ക്രിമിനൽ കേസുകളുള്ള ബാഹുബലി, മാഫിയ ഡോൺ, ആതിഖ് അഹമ്മദിന്റെ മകനാണ് കുറ്റാരോപിതനായ അപേക്ഷകൻ'' കോടതി പറഞ്ഞു.പ്രതി 'മാഫിയ ഡോൺ' ആണെന്നും കോടതി നിരീക്ഷിച്ചു.
അതിനിടെ, പ്രയാഗ്‌രാജ് ജില്ലാ ഭരണകൂടം ആതിഖ് അഹമ്മദിന്റെ സഹായി സഫ്ദർ അലിയുടെ വീട് വ്യാഴാഴ്ച പൊളിച്ചുനീക്കി.അനധികൃതമായ നിര്‍മിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് യുപി സര്‍ക്കാരിന്‍റെ നടപടി.
കഴിഞ്ഞ ഫെബ്രുവരി 24നായിരുന്നു ഉമേഷ് പാല്‍ കൊല്ലപ്പെട്ടത്. 2005ല്‍ രാജുപാല്‍ എംഎല്‍എയെ വധിച്ച സംഭവത്തിലെ സുപ്രധാന സാക്ഷിയായിരുന്നു ഉമേഷ്. ഇക്കാരണത്താല്‍ പൊലീസ് സുരക്ഷയില്‍ കഴിയുകയായിരുന്ന ഉമേഷിനെ അജ്ഞാത സംഘമെത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രയാഗ്‌രാജിലുള്ള ഉമേഷിന്റെ വസതിക്ക് പുറത്തുവച്ച് പട്ടാപ്പകലായിരുന്നു കൊലപാതകം.
ആക്രമണത്തില്‍ ഉമേഷിനൊപ്പമുണ്ടായിരുന്ന ഒരു പൊലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും മറ്റൊരു സുരക്ഷാ ജീവനക്കാരന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാജുപാല്‍ വധവുമായി ബന്ധപ്പെട്ട് നിലവില്‍ ജയിലില്‍ കഴിയുന്ന പ്രധാന പ്രതി ആതിഖ് അഹമ്മദിന്‍റെ (എസ്പിയുടെ മുന്‍ എംപി) സഹായികളാണ് ഉമേഷിനെ വധിച്ചതെന്നാണ് പ്രാഥമിക വിവരം. ഇതിന് വേണ്ടി ഗുജറാത്തിലെ സബര്‍മതി ജയിലില്‍ വച്ച് ആതിഖ് ഗൂഢാലോചന നടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.