സൊണാലി കേസിലെ പ്രതികളെല്ലാം പിടിയിൽ; ആവശ്യമെങ്കിൽ സിബിഐക്ക് കൈമാറുമെന്ന് ഗോവ മുഖ്യമന്ത്രി
|കേസന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹരിയാന അധികൃതർ രംഗത്തെത്തിയതിന് പിന്നാലെയാണ് നടപടി.
പനാജി: നടിയും ബിജെപി നേതാവുമായ സൊണാലി ഫോഗട്ട് കൊലക്കേസിലെ അന്വേഷണം ആവശ്യമെങ്കിൽ സിബിഐക്ക് കൈമാറുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കേസിലെ പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തുവെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സാവന്ത് പറഞ്ഞു. കേസന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹരിയാന അധികൃതർ രംഗത്തെത്തിയതിന് പിന്നാലെയാണ് നടപടി.
ഹരിയാന മുഖ്യമന്ത്രിയുമായി ചർച്ച നടത്തുകയും അന്വേഷണവിവരം അറിയിക്കുകയും ചെയ്തു. എല്ലാ റിപ്പോർട്ടുകളും ഹരിയാന ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. സിബിഐയെ ഉൾപ്പെടുത്തണമെന്ന് പിന്നീട് തോന്നിയാൽ അതിന്റെ നടപടികൾ തുടങ്ങുമെന്നും പ്രമോദ് സാവന്ത് അറിയിച്ചു.
ആഗസ്റ്റ് 23ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ച നിലയിൽ സൊണാലിയെ സഹായിയും സുഹൃത്തും ആശുപത്രിയിൽ എത്തിക്കുന്നത്. എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൊണാലിയുടെ ശരീരത്തിൽ മൂർച്ചയുള്ള മുറിവ് കണ്ടെത്തി. തുടർന്ന് ഗോവ പോലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇതിനു പിന്നാലെ സൊണാലിയുടെ സഹായി സുധീർ സാങ്‌വാൻ, സുഹൃത്ത് സുഖ്‌വീന്ദർ സിങ് എന്നിവരെ ഗോവ പൊലീസ് കൊലപാതക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. സൊണാലിയെ കൂട്ടാളികൾ നിർബന്ധിച്ച് മാരകമായ ലഹരിമരുന്ന് കലർത്തിയ പാനീയം കുടിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് നൽകുന്ന വിവരം.