India
നടക്കാനാവാതെ സൊണാലി; താങ്ങിപ്പിടിച്ച് പ്രതി; മരണത്തിന് തൊട്ടുമുമ്പുള്ള ബി.ജെ.പി നേതാവിന്റെ നിർ‍ണായക ദൃശ്യങ്ങൾ പുറത്ത്
India

നടക്കാനാവാതെ സൊണാലി; താങ്ങിപ്പിടിച്ച് പ്രതി; മരണത്തിന് തൊട്ടുമുമ്പുള്ള ബി.ജെ.പി നേതാവിന്റെ നിർ‍ണായക ദൃശ്യങ്ങൾ പുറത്ത്

Web Desk
|
26 Aug 2022 2:15 PM GMT

സുധീർ സങ്‌വാന്‍ സൊണാലിക്ക് രാസപദാർഥം കലർത്തിയ വെള്ളംകുടിക്കാൻ കൊടുത്തെന്നും ഇതിന്റെ ദൃശ്യങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും പൊലീസ് പറയുന്നു.

പനാജി: കൊല്ലപ്പെട്ട ബി.ജെ.പി നേതാവ് സൊണാലി ഫോ​ഗട്ട് മരണത്തിന് തൊട്ടുമുമ്പ് നടക്കാനാവാതെ ​ഗോവയിലെ റസ്റ്റോറന്റിൽ നിന്നിറങ്ങുന്ന നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളിൽ ഒരാളായ സുധീർ സാങ്‌വാനൊപ്പമാണ്‌ സൊണാലി പോവുന്നത്.

സുധീർ സങ്‌വാന്‍ സൊണാലിക്ക് രാസപദാർഥം കലർത്തിയ വെള്ളംകുടിക്കാൻ കൊടുത്തെന്നും ഇതിന്റെ ദൃശ്യങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും പൊലീസ് പറയുന്നു. തുടർന്ന് അവശയായ സൊണാലിയെ മരിക്കുന്നതിന് മുമ്പ് പ്രതികൾ അവരെല്ലാം താമസിച്ചിരുന്ന ഗ്രാൻഡ് ലിയോനി ഹോട്ടലിലേക്ക് കൊണ്ടുപോയതായും പൊലീസ് പറയുന്നു.

പ്രതികളിൽ രണ്ടാമനായ സുഖ്‌വീന്ദര്‍ സിങ് തിങ്കളാഴ്ച രാത്രി അഞ്ജുന ബീച്ചിലെ കർലീസ് റെസ്റ്റോറന്റിൽ നിന്ന് അവർ താമസിച്ചിരുന്ന ഹോട്ടലിലേക്ക് പോകുമ്പോൾ സൊണാലിയും ഒപ്പമുണ്ടായിരുന്നു. പിറ്റേന്ന് രാവിലെ മരിച്ച നിലയിൽ സെന്റ് ആന്റണീസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കുന്നു.

അതേസമയം, ആന്തരാവയവങ്ങളുടെ രാസപരിശോധനയ്ക്കും മറ്റ് പരിശോധനകൾക്കും ശേഷമേ മരണകാരണം കണ്ടെത്താനാകൂ എന്നും അതിന് കുറച്ച് സമയമെടുക്കുമെന്നും പൊലീസ് പറഞ്ഞു. കുടുംബത്തിന്റെ ആവശ്യപ്രകാരം ഗോവയ്ക്ക് പുറമെ ചണ്ഡീഗഡിലെ ലാബിലും ആന്തരാവയവങ്ങൾ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച സുധീറിനും സുഖ്‌വിന്ദറിനും ഒപ്പമാണ് സൊണാലി ഗോവയിലെത്തിയത്. അഞ്ജുനയിലെ ഹോട്ടലിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ മരണം കൊലപാതകമാണെന്ന സംശയവുമായി സഹോദരൻ റിങ്കു ധാക്ക അഞ്ജുന പൊലീസിൽ പരാതി നൽകി.

തുടർന്ന് കുടുംബത്തിന്റെ അനുമതിയോടെ ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു. മരണം കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പോസ്റ്റ്മോർട്ടത്തിലൂടെ ലഭിച്ചു. ശരീരത്തിൽ നിരവധി മുറിവുകളുണ്ടെന്ന് പുറത്തുവന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിനു പിന്നാലെ സൊണാലിയുടെ സഹായിക്കും സുഹൃത്തിനുമെതിരെ ഗോവ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി.

സൊണാലിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് സുധീർ സങ്‌വാന്‍, സുഹൃത്ത് സുഖ്‌വീന്ദർ സിങ് എന്നിവരെയാണ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി ബലാത്സംഗം ചെയ്ത് ദൃശ്യം വിഡിയോയിൽ പകർത്തി ബ്ലാക്‌മെയിൽ ചെയ്യുകയായിരുന്നുവെന്നാണ് സഹോദരൻ പരാതിയിൽ പറയുന്നത്. ഇതിനു പിന്നാലെയാണ് കൊല നടന്നതെന്ന് സംശയമുണ്ടെന്നും റിങ്കു ധാക്ക ആരോപിച്ചു. കൊലയ്ക്കു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉള്ളതായും ഇവർ ആരോപിച്ചു.

എന്നാൽ ബലാത്സം​ഗം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. അതേസമയം കേസന്വേഷണം സിബിഐയ്ക്ക് കൈമാറാൻ തയാറാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ അറിയിച്ചു.

2008ലാണ് സൊണാലി ബി.ജെ.പിയിൽ ചേർന്നത്. അധികം വൈകാതെത്തന്നെ പാർട്ടിയുടെ ദേശീയ പ്രവർത്തക സമിതി അംഗമായി. പിന്നീട് ബി.ജെ.പി മഹിളാ മോർച്ച ദേശീയ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. 2019ൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 2016ൽ സൊണാലിയുടെ ഭർത്താവ് സഞ്ജയ് ഫോഗട്ടിനെ ഹരിയാനയിലെ ഹിസാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

Similar Posts