India
സോണിയ ഗാന്ധി എം.പി ഫണ്ടിന്‍റെ 70 ശതമാനത്തിലേറെയും നൽകിയത് ന്യൂനപക്ഷങ്ങൾക്ക്; വിദ്വേഷ പ്രസംഗം തുടർന്ന് അമിത് ഷാ
India

'സോണിയ ഗാന്ധി എം.പി ഫണ്ടിന്‍റെ 70 ശതമാനത്തിലേറെയും നൽകിയത് ന്യൂനപക്ഷങ്ങൾക്ക്'; വിദ്വേഷ പ്രസംഗം തുടർന്ന് അമിത് ഷാ

Web Desk
|
12 May 2024 1:37 PM GMT

ഗാന്ധി കുടുംബം കള്ളം പറയുന്നതിൽ മിടുക്കരാണെന്ന് അമിത് ഷാ

ലഖ്‌നൗ: തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിഷ്‌ക്രിയത്വത്തിൽ പരാതി ശക്തമാകുമ്പോഴും വിദ്വേഷ പ്രസംഗം തുടർന്ന് ബി.ജെ.പി നേതാക്കൾ. ഇത്തവണ സോണിയ ഗാന്ധിയെ മുന്നിൽനിർത്തിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ന്യൂനപക്ഷങ്ങൾക്കെതിരെ തിരിഞ്ഞിരിക്കുന്നത്. സോണിയയുടെ എം.പി ഫണ്ടിന്റെ 70 ശതമാനത്തിലേറെയും ന്യൂനപക്ഷങ്ങൾക്കാണു നൽകിയതെന്നാണ് ഷായുടെ പുതിയ ആരോപണം.

റായ്ബറേലിയിൽ ബി.ജെ.പി തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. ''വർഷങ്ങളോളം നിങ്ങൾ ഗാന്ധി കുടുംബത്തിന് അവസരം നൽകി. എന്നാൽ, ഒരു വികസനപ്രവർത്തനവും നടന്നില്ല. നിങ്ങളുടെ ദുഃഖത്തിലും സങ്കടങ്ങളിൽ പോലും അവർ കൂട്ടിനെത്തിയില്ല. റായ്ബറേലിയെ നമ്മൾ മോദിയുടെ വികസനയാത്രയുമായി ബന്ധിപ്പിക്കും.''-ഷാ പറഞ്ഞു.

''രാജകുമാരൻ(രാഹുൽ ഗാന്ധി) ഇവിടെ വോട്ട് ചോദിച്ചുവന്നിരുന്നു. നിങ്ങൾ ഒരുപാട് കാലമായി അവർക്കു വോട്ട് ചെയ്യുന്നുണ്ട്. എം.പി ഫണ്ടിൽനിന്ന് നിങ്ങൾക്ക് എന്തെങ്കിലും കിട്ടിയോ? ഇല്ലെങ്കിൽ എങ്ങോട്ടാണ് അതു പോകുന്നത്? അവരുടെ വോട്ട് ബാങ്കിലേക്കാണ് അതു പോകുന്നത്. സോണിയ ഗാന്ധി എം.പി ഫണ്ടിന്റെ 70 ശതമാനവും ന്യൂനപക്ഷങ്ങൾക്കു വേണ്ടിയാണു ചെലവാക്കിയത്.''

ഗാന്ധി കുടുംബം കള്ളം പറയുന്നതിൽ വിദഗ്ധരാണെന്നും അമിത് ഷാ വിമർശിച്ചു. എല്ലാ സ്ത്രീകൾക്കും ഒരു ലക്ഷം രൂപ വീതം നൽകുമെന്നാണ് അവരുടെ വാഗ്ദാനം. തെലങ്കാന (നിയമസഭ) തെരഞ്ഞെടുപ്പിൽ എല്ലാ സ്ത്രീകൾക്കും 15,000 രൂപ നൽകുമെന്നായിരുന്നു അവർ പറഞ്ഞത്. അവിടത്തെ സ്ത്രീകൾ അവരെ തെരഞ്ഞെടുത്ത ശേഷം 15,000 രൂപ പോയിട്ട് 1,500 രൂപ പോലും അവർ നൽകിയിട്ടില്ലെന്നും ബി.ജെ.പി നേതാവ് ആരോപിച്ചു.

''ഇത് കുടുംബ സീറ്റാണെന്നാണു പലരും എന്നോടു പറഞ്ഞത്. അതു ശരിയുമാണ്. റായ്ബറേലിക്കാർ നെഹ്‌റു-ഗാന്ധി കുടുംബത്തെ വർഷങ്ങളോളം ജയിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇവിടെനിന്ന് ജയിച്ച ശേഷം സോണിയയും കുടുംബവും എത്ര തവണ ഇവിടെ വന്നു? സോണിയയ്ക്ക് അത്ര ആരോഗ്യമില്ലെന്നു വയ്ക്കാം. എന്നാൽ, രാഹുൽ ബാബയും സഹോദരി പ്രിയങ്കയും ഇവിടെ വന്നിട്ടുണ്ടോ?''

മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യറുടെ വിവാദ ആണവ ബോംബ് പരാമർശത്തെ കുറിച്ചും പ്രസംഗത്തിൽ അമിത് ഷാ പ്രതികരിച്ചു. താങ്കൾക്ക് ആണവ ബോംബിനെ ഭയമായിരിക്കും, പക്ഷേ ഞങ്ങൾക്ക് പേടിയില്ലെന്ന് രാഹുൽ ഗാന്ധിയെ അഭിസംബോധന ചെയ്ത് ഷാ പറഞ്ഞു. പാക് അധിനിവിഷ്ട കശ്മീർ ഇന്ത്യയുടെ ഭാഗമാണ്. അത് ഞങ്ങൾ തിരിച്ചുപിടിക്കുമെന്നും അമിത് ഷാ പറഞ്ഞു.

കഴിഞ്ഞ തവണ സോണിയ ഗാന്ധിക്കെതിരെ മത്സരിച്ച ദിനേശ് പ്രതാപ് സിങ് ആണ് ബി.ജെ.പി സ്ഥാനാർഥി. മേയ് 20നു നാലാംഘട്ടത്തിലാണു മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.

Summary: Sonia Gandhi spent more than 70 per cent of MP funds on minorities: Amit Shah in Rae Bareli

Similar Posts