'രാഷ്ട്രീയ നേട്ടത്തിനായി വിദ്വേഷം വളർത്തി': മോദിയെയും ബി.ജെ.പിയെയും കടന്നാക്രമിച്ച് സോണിയ ഗാന്ധി
|കോൺഗ്രസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് പ്രതികരണം
ന്യൂഡൽഹി: രാജ്യത്തെ ദുരിതപൂർണമായ അന്തരീക്ഷത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയുമാണ് കാരണമെന്നാരോപിച്ച് മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാഷ്ട്രീയ നേട്ടത്തിനായി ബിജെപി രാജ്യത്ത് വിദ്വേഷം വളർത്തുകയാണെന്നും എന്തുവില കൊടുത്തും അധികാരം നേടുന്നതിൽ മാത്രമാണ് മോദിയുടെയും ബി.ജെ.പിയുടെയും ശ്രദ്ധയെന്നും സോണിയ പ്രതികരിച്ചു. കോൺഗ്രസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് പ്രതികരണം.
ഇന്ന് രാജ്യത്തിന്റെ എല്ലാ കോണുകളിലും യുവാക്കൾ തൊഴിലില്ലായ്മ നേരിടുന്നു. സ്ത്രീകൾ അതിക്രമങ്ങൾ നേരിടുന്നു. ദലിതർ, ആദിവാസികൾ, പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവർ ഭയാനകമായ വിവേചനം നേരിടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയുമാണ് ഈ അന്തരീക്ഷത്തിന് കാരണം. രാഷ്ട്രീയ നേട്ടത്തിനായി ബി.ജെ.പി രാജ്യത്ത് വിദ്വേഷം വളർത്തുകയാണെന്നും സോണിയ ഗാന്ധി ആരോപിച്ചു.
എല്ലാവരുടെയും പുരോഗതിക്ക് വേണ്ടിയാണ് കോൺഗ്രസ് പാർട്ടിയും താനും പോരാടുന്നത്. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ കോൺഗ്രസും ഇൻഡ്യ സഖ്യവും പ്രതിജ്ഞാബദ്ധമാണ്. എല്ലാവരുടെയും പുരോഗതിക്കും രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനുമായി കോൺഗ്രസ് പാർട്ടി എല്ലായ്പ്പോഴും പോരാടിയിട്ടുണ്ടെന്നും നല്ലൊരു ഭാവിക്കായി കോൺഗ്രസിന് വോട്ട് ചെയ്യൂവെന്നും സോണിയ ഗാന്ധി പറഞ്ഞു.
രാജ്യത്തെ ഒരുമയോടെ നിലനിർത്തുന്നതിനും പാവപ്പെട്ടവർക്കും സ്ത്രീകൾക്കും കർഷകർക്കും തൊഴിലാളികൾക്കും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കും കരുത്ത് പകരുന്നതിനും കൂടിയാണ് കോൺഗ്രസ് പ്രകടനപത്രികയായ ന്യായപത്രവും ലക്ഷ്യമിടുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.