India
തെരഞ്ഞെടുപ്പ് തോൽവി; അഞ്ച് പിസിസി പ്രസിഡന്റുമാരോട് രാജി ആവശ്യപ്പെട്ട് സോണിയ
India

തെരഞ്ഞെടുപ്പ് തോൽവി; അഞ്ച് പിസിസി പ്രസിഡന്റുമാരോട് രാജി ആവശ്യപ്പെട്ട് സോണിയ

Web Desk
|
15 March 2022 2:32 PM GMT

യുപി,പഞ്ചാബ്,ഗോവ,ഉത്തരാഖണ്ഡ്,മണിപ്പൂർ പിസിസി അധ്യക്ഷന്മാരോടാണ് രാജി ആവശ്യപ്പെട്ടത്

അഞ്ചു സംസ്ഥാനങ്ങളിലെ തോൽവിയെ തുടർന്ന് കടുത്ത് നടപടികളുമായി കോൺഗ്രസ്. തോറ്റ സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷൻമാരോട് രാജി വെക്കാൻ നിർദേശം നൽകി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. യുപി,പഞ്ചാബ്,ഗോവ,ഉത്തരാഖണ്ഡ്,മണിപ്പൂർ പിസിസി അധ്യക്ഷന്മാരോടാണ് രാജി ആവശ്യപ്പെട്ടത്

പാർട്ടി പുനഃസംഘടന സുഗമമാക്കുന്നതിനാണ് രാജി ആവശ്യപ്പെട്ടതെന്ന് കോൺഗ്രസ് വാക്താവ് രൺദീപ് സിങ് സുർജെവാല പറഞ്ഞു. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ സിദ്ദുവടക്കമുള്ളവർക്ക് ഇതോടെ സ്ഥാനം നഷ്ടമാകും. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഭരണംനിലനിന്നിരുന്ന ഏക സംസ്ഥാനമായ പഞ്ചാബിൽ നാണംകെട്ട തോൽവിയാണ് ഏറ്റുവാങ്ങിയിരുന്നത്. പിസിസി അധ്യക്ഷൻ സിദ്ദുവും മുഖ്യമന്ത്രി ആയിരുന്ന ചരൺജിത് സിങ് ചന്നി അടക്കമുള്ളവർ തോറ്റിരുന്നു.

കോൺഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി തുടരുമെന്നും സംഘടനാപരമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ അവർക്ക് അധികാരമുണ്ടെന്നും കോൺഗ്രസ് വർക്കിങ് കമ്മിറ്റി പറഞ്ഞു.

അതേസമയം, കോൺഗ്രസ് നേതാവ് കപിൽ സിബലിനെതിരെ രൂക്ഷ വിമർശനവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്തെത്തി. കപിൽ സിബൽ കോൺഗ്രസ് പാരമ്പര്യമുളള നേതാവെല്ലെന്നായിരുന്നു ഗെഹ്ലോട്ടിന്റെ പ്രസ്താവന. കോൺഗ്രസിന്റെ എ.ബി.സി.ഡി അറിയാത്ത ഒരാളിൽ നിന്നും ഇത്തരമൊരു പ്രസ്താവന പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

Similar Posts