സോണിയ ഗാന്ധി ഇനി രാജ്യസഭയിൽ; എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
|ആദ്യമായാണ് സോണിയ രാജ്യസഭയിലെത്തുന്നത്
ന്യൂഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാഗാന്ധി ഇനി രാജ്യസഭയിൽ. ആദ്യമായാണ് സോണിയ രാജ്യസഭയിലെത്തുന്നത്. രാജസ്ഥാനിൽ നിന്ന് എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞതോടെ സോണിയ ഗാന്ധിയെ തെരെഞ്ഞെടുത്തതായി പ്രഖ്യാപിക്കപ്പെടുകയായിരുന്നു.
23 വർഷം നീണ്ട പാർലമെന്ററി ജീവിതത്തിൽ ആദ്യമായിട്ടാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് എത്തുന്നത്. കർണാടക , തെലുങ്കാന പിസിസികൾ ഈ സംസ്ഥാനങ്ങൾ വഴി രാജ്യസഭയിൽ എത്തണമെന്ന് സോണിയ ഗാന്ധിയോട് അഭ്യർത്ഥിച്ചിരുന്നു .
ഹിന്ദി ഹൃദയഭൂമി എന്നത് പരിഗണിച്ചാണ് തട്ടകമായി രാജസ്ഥാൻ തെരെഞ്ഞെടുത്തത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ , മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ കർണാടക ,കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നും പാർലമെന്റ് അംഗങ്ങളായിരിക്കെ , പ്രാദേശിക സന്തുലനം കൂടി കണക്കിലെടുത്തായിരുന്നു തീരുമാനം.
ലോക്സഭയിൽ നിന്നാണ് ഇതുവരെ സോണിയഗാന്ധി പാർലമെന്റിൽ എത്തിയിരുന്നത്.കർണാടകയിലെ ബെല്ലാരിയിൽ വിജയിച്ചെങ്കിലും പിന്നീട് ഈ മണ്ഡലം ഒഴിവാക്കി രാജീവ് ഗാന്ധിയുടെ മണ്ഡലമായ അമേതി,സോണിയ സ്വന്തം മണ്ഡലമാക്കി. 2004 മുതൽ, യുപിയിലെ റായ്ബറേലി എംപിയാണ്.. 36 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണു , കോൺഗ്രസ് നേതാവായ ഒരു നെഹ്‌റു കുടുംബാംഗം രാജ്യസഭയിൽ എത്തുന്നത്.