India
സോണിയ ഗാന്ധി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചു; തൃണമൂല്‍ കോണ്‍ഗ്രസിനു ക്ഷണമില്ല
India

സോണിയ ഗാന്ധി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചു; തൃണമൂല്‍ കോണ്‍ഗ്രസിനു ക്ഷണമില്ല

Web Desk
|
14 Dec 2021 2:12 PM GMT

എന്‍സിപി, ഡിഎംകെ, ശിവസേന, സിപിഎം തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കളെയാണ് യോഗത്തിലേക്ക് വിളിച്ചത്

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചു. 12 എംപിമാരെ രാജ്യസഭയില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ ഭാവിപരിപാടികള്‍ തീരുമാനിക്കാനായിരുന്നു യോഗം. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ നേതാക്കളെയാരും യോഗത്തിലേക്ക് വിളിച്ചില്ല. സോണിയ ഗാന്ധിയുടെ വസതിയിലായിരുന്നു യോഗം.

എന്‍സിപി, ഡിഎംകെ, ശിവസേന, സിപിഎം തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കളെയാണ് യോഗത്തിലേക്ക് വിളിച്ചത്. ശരദ് പവാര്‍, സഞ്ജയ് റാവത്ത്, ടി ആര്‍ ബാലു, സീതാറാം യെച്ചൂരി, ഫാറൂഖ് അബ്ദുല്ല തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയും യോഗത്തിലുണ്ട്.

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളത്തിലെ സംഭവങ്ങളുടെ പേരിലാണ് 12 എംപിമാരെ ശീതകാല സമ്മേളനത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. മാപ്പ് പറഞ്ഞാല്‍ മാത്രമേ സസ്പെന്‍ഷന്‍ പിന്‍വലിക്കൂ എന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി എംപിമാര്‍ പാര്‍ലമെന്‍റിനു പുറത്തെ ഗാന്ധി പ്രതിമയ്ക്ക് സമീപം സമരത്തിലാണ്. നവംബര്‍ 29ന് തുടങ്ങിയ പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം ഡിസംബര്‍ 23നാണ് അവസാനിക്കുക.

പാർലമെന്റിൽ ചോദ്യങ്ങളുയർത്താൻ പ്രതിപക്ഷത്തെ അനുവദിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രണ്ടാഴ്ചയായി എംപിമാരെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. എംപിമാർ തെറ്റൊന്നും ചെയ്തിട്ടില്ല. ഭരണപക്ഷം ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ്. ചർച്ചയില്ലാതെ ബില്ലുകൾ പാസാക്കുന്നതിനെതിരെയാണ് എംപിമാർ പ്രതിഷേധിച്ചത്. ജനാധിപത്യ പ്രക്രിയ കൊണ്ടുപോകേണ്ടത് ഈ രീതിയിൽ അല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ കോൺഗ്രസിനെതിരെ മമത ബാനർജി ആഞ്ഞടിച്ചിരുന്നു. ബിജെപിക്കെതിരെ അവർ ഒന്നും ചെയ്യുന്നില്ല. ഞങ്ങൾ ഗോവയിൽ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, മറ്റ് നാലഞ്ചു പാർട്ടികളെയും ചേർത്ത് ഒരു സഖ്യമുണ്ടാക്കിയിട്ടുണ്ട്. ഇതൊരു ബദൽ പാർട്ടിയാണ്. കോൺഗ്രസിന് വേണമെങ്കിൽ ഇതിൽ ഞങ്ങളോടൊപ്പം ചേരാം. നിങ്ങൾ ചേർന്നില്ലെങ്കിൽ മറ്റാരും ചേരില്ല എന്ന് കരുതുന്നത് ശരിയല്ലെന്നും മമത ബാനര്‍ജി പറയുകയുണ്ടായി. പിന്നാലെയാണ് തൃണമൂല്‍ നേതാക്കളെ യോഗത്തിലേക്ക് വിളിക്കാതിരുന്നത്.


Similar Posts