രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ സോണിയാ ഗാന്ധി പങ്കെടുത്തേക്കും: ദിഗ്‌വിജയ് സിങ്
|പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം വളരെ പോസിറ്റീവായാണ് സോണിയ കാണുന്നതെന്ന് ദിഗ്‌വിജയ് സിങ് പറഞ്ഞു.
ന്യൂഡൽഹി: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ സോണിയാ ഗാന്ധി പങ്കെടുത്തേക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണം സോണിയാ ഗാന്ധി സ്വീകരിച്ചു. സോണിയ അല്ലെങ്കിൽ അവരുടെ പ്രതിനിധിസംഘം ചടങ്ങിൽ പങ്കെടുക്കും. പോസ്റ്റീവായാണ് സോണിയ ക്ഷണത്തെ കാണുന്നതെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു.
സോണിയക്ക് പുറമെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, എന്നിവർക്കും ക്ഷണക്കത്ത് അയച്ചതായി ട്രസ്റ്റ് അധികൃതർ അറിയിച്ചിരുന്നു. രാമക്ഷേത്രം പൊതുസ്വത്താണെന്നും പ്രതിഷ്ഠാ ചടങ്ങ് ഒരു പാർട്ടിയുടെ പരിപാടിയായി കാണേണ്ടതില്ലെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു.
ജനുവരി 22നാണ് പ്രതിഷ്ഠാ ചടങ്ങ്. മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, മുൻ രാഷ്ട്പതി രാംനാഥ് കോവിന്ദ്, മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ തുടങ്ങിയവർക്കും ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. ആരോഗ്യപരമായ കാരണങ്ങളാൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.