സോണിയ ഗാന്ധി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി
|ദ്രൗപദി മുർമു രാഷ്ട്രപതി ആയതിന് ശേഷം ആദ്യമായാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്.
ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതി ഭവനിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. ദ്രൗപദി മുർമു രാഷ്ട്രപതി ആയതിന് ശേഷം ആദ്യമായാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്.
ഉച്ചയോടെയായിരുന്നു കൂടിക്കാഴ്ച. ഇതൊരു സൗഹൃദ കൂടിക്കാഴ്ച മാത്രമാണെന്നാണ് ഇരുവർക്കുമടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ രാഷ്ട്രപതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കു വയ്ക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യമുൾപ്പടെ കൂടിക്കാഴ്ചയിൽ ചർച്ചയായിട്ടുണ്ടാകാം എന്നാണ് കരുതുന്നത്. നേരത്തേ രാഷ്ട്രപത്നി വിവാദവുമായി ബന്ധപ്പെട്ട് ലോക്സഭയിൽ വലിയ വിവാദങ്ങളുണ്ടായ ഘട്ടത്തിലും ഇരുവരുടെയും കൂടിക്കാഴ്ച നടന്നിരുന്നില്ല.
രാഷ്ട്രപതിയായി ദ്രൗപദി മുർമു സ്ഥാനമേറ്റതിന് ശേഷം കൂടിക്കാഴ്ച വൈകുന്നുവെന്നും വിമർശനമുയർന്നിരുന്നു. വിമർശനങ്ങളെയെല്ലാം തള്ളിയാണ് നിലവിൽ ഇരുവരുടെയും കൂടിക്കാഴ്ച സാധ്യമായിരിക്കുന്നത്. രാഷ്ട്രപതിക്ക് എല്ലാവിധ പിന്തുണയും സോണിയ ഗാന്ധി വാഗ്ദാനം ചെയ്തതായാണ് വിവരം.