India
അധിറിനെ നീക്കും, ലോക്‌സഭയിൽ കോൺഗ്രസിന് പുതിയ നേതാവ്; തരൂർ പരിഗണനയിൽ
India

അധിറിനെ നീക്കും, ലോക്‌സഭയിൽ കോൺഗ്രസിന് പുതിയ നേതാവ്; തരൂർ പരിഗണനയിൽ

abs
|
4 July 2021 5:52 AM GMT

പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് കോണ്‍ഗ്രസ് നീക്കം

ന്യൂഡൽഹി: അധിർ രഞ്ജൻ ചൗധരിയെ ലോക്‌സഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്ന് മാറ്റാൻ കോൺഗ്രസില്‍ ആലോചന. പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ നീക്കം. കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ബഹറാംപൂരിൽ നിന്നുള്ള എംപിയായ അധിർ ചൗധരി പശ്ചിമബംഗാൾ കോൺഗ്രസ് അധ്യക്ഷനാണ്. കോൺഗ്രസ് നേതൃത്വത്തിനെതിരെ കത്തെഴുതിയ ജി-23 സംഘത്തിനെതിരെ ശക്തമായ നിലപാടെടുത്ത നേതാവു കൂടിയാണ് ഇദ്ദേഹം. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാനുമാണ്.

പാർലമെന്റിന് അകത്തും പുറത്തും തൃണമൂൽ കോൺഗ്രസുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിന്റെ ഭാഗമായാണ് കോൺഗ്രസിന്റെ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. ബംഗാളിൽ ഇടതുമായി ചേർന്ന് തൃണമൂലിനെതിരെ മത്സരിച്ചെങ്കിലും മുഖ്യമന്ത്രി മമത ബാനർജിയെ വിമർശിക്കുന്നതിൽ നിന്ന് കേന്ദ്രനേതൃത്വം വിട്ടുനിന്നിരുന്നു. മമതയുടെ വിജയത്തെ ഹൈക്കമാൻഡ് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.

ചൗധരി പോകുമ്പോൾ ആരു പകരം വരുമെന്നതാണ് കൗതുകകരമായ ചോദ്യം. തിരുവനന്തപുരം എംപി ശശി തരൂർ, അനന്ദ്പൂർ സാഹിബ് എംപി മനീഷ് തിവാരി എന്നിവരുടെ പേരാണ് സജീവ പരിഗണനയിലുള്ളത്. പാർട്ടിയിൽ അഴിച്ചുപണി വേണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ ജി-23 സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇവർ. രാഹുൽ ഗാന്ധി നേതൃസ്ഥാനം ഏറ്റെടുക്കാൻ സാധ്യതയില്ല. മനീഷ് തിവാരിയെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ, പാർലമെന്റിന്റെ മൺസൂൺ സെഷൻ ജൂലൈ 19ന് ആരംഭിക്കും. ഓഗസ്റ്റ് 13 വരെയാണ് സമ്മേളനം.

Similar Posts