അനധികൃത ഹോട്ടൽ നിർമാണം; നടൻ സോനു സൂദിന് വീണ്ടും നോട്ടീസ്
|താമസിക്കാനാണെന്ന് പറഞ്ഞ് നിർമിച്ച ആറുനില കെട്ടിടം കോർപറേഷന്റെ അനുമതിയില്ലാതെ വ്യാപാര ആവശ്യത്തിനായുള്ള ഹോട്ടലാക്കി മാറ്റുകയായിരുന്നു
ചട്ടങ്ങൾ ലംഘിച്ച് അനധികൃതനിർമാണം നടത്തിയ നടൻ സോനു സൂദിന് ബ്രിഹൻ മുംബൈ മുൻസിപ്പൽ കോർപറേഷൻ വീണ്ടും നോട്ടീസ് അയച്ചു. താമസിക്കാനാണെന്ന് പറഞ്ഞ് നിർമിച്ച ആറുനില കെട്ടിടം കോർപറേഷന്റെ അനുമതിയില്ലാതെ വ്യാപാര ആവശ്യത്തിനായുള്ള ഹോട്ടലാക്കി മാറ്റി എന്നതാണ് പരാതി. ഇതുസംബന്ധിച്ച് കോർപറേഷൻ നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ നോട്ടീസ് അയച്ച ശേഷവും യാതൊരു മാറ്റവും വരുത്താത്തതിനെ തുടർന്നാണ് സോനുവിനെതിരെ വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്.
ഹോട്ടലായി മാറ്റിയ കെട്ടിടം പാർപ്പിടയോഗ്യമാക്കുമെന്നും അതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്നും സോനു ജൂലൈയിൽ കോർപറേഷന് ഉറപ്പു നൽകിയിരുന്നു. എന്നാൽ ഒക്ടോബർ 20 ന് കോർപറേഷൻ അധികൃതർ നിർദിഷ്ട സ്ഥലത്ത് പരിശോധന നടത്തിയപ്പോൾ ഈ ഉറപ്പ് പാലിച്ചില്ലെന്നും കെട്ടിടം പഴയ പോലയാണെന്ന് കണ്ടെത്തുകയായിരുന്നുവെന്നും കോർപറേഷൻ അയച്ച നോട്ടീസിൽ പറയുന്നു.
തനിക്കെതിരെ നഗരസഭ നൽകിയ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഈ വർഷമാദ്യം ബോംബൈ ഹൈകോടതിയിൽ സോനു ഹരജി നൽകിയിരുന്നു. എന്നാൽ പിന്നീട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി പിൻവലിക്കുകയും അനധികൃതമായി നിർമിച്ച ഹോട്ടൽ തിരിച്ച് പാർപ്പിടസമുച്ചയമാക്കുമെന്നും സോനു ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ നിയമപ്രകാരം പാർപ്പിടയോഗ്യമായ കെട്ടിടമാക്കിയിട്ടുണ്ടെന്നും അനധികൃതമായി നിർമാണം നടത്തിയിട്ടില്ലെന്നും ഇക്കാര്യം ബ്രിഹൻ മുംബൈ മുൻസിപ്പൽ കോർപറേഷനെ അറിയിച്ചിട്ടുണ്ടെന്നുമാണ് സോനുവിനോടടുത്ത വൃത്തങ്ങൾ പറയുന്നത്.