ക്രൂരമായി പെരുമാറിയതിന് എന്റെ സഹോദരിമാര്‍ ക്ഷമിക്കണം; എന്‍ജിനിയറിംഗ് വിദ്യാര്‍ഥി ഹോസ്റ്റലിന്റെ 12ാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു
|ശിവയുടെ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പും മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്
ഹൈദരാബാദില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബാച്ചുപള്ളിയിലെ വിഎൻആർ വിജ്ഞാന ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ക്യാമ്പസ് ഹോസ്റ്റലില്‍ വ്യാഴാഴ്ചയാണ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നാഗർകുർണൂൽ ജില്ലക്കാരനായ ശിവ നാഗു (18) എന്ന വിദ്യാർഥിയാണ് മരിച്ചത്. 12 നിലകളുള്ള ഹോസ്റ്റൽ കെട്ടിടത്തിന്റെ ടെറസിൽ നിന്നാണ് ശിവ ചാടിയതെന്ന് ബാച്ചുപള്ളി എസ്.ഐ ശിവശങ്കർ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ശിവ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. വ്യാഴാഴ്ച രാവിലെ 6.30ന് ശിവ മുറിയില്‍ നിന്നും തനിച്ചുപോകുന്നത് സിസി ടിവിയില്‍ ദൃശ്യമാണ്. ശിവയുടെ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പും മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മുന്‍പ് പലവട്ടം ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്ന് കുറിപ്പില്‍ പറയുന്നു. 9,10 ക്ലാസുകളില്‍ പഠിക്കുമ്പോള്‍ പല കാരണങ്ങളാല്‍ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സഹോദരിമാരോട് പല അവസരങ്ങളിലും മോശമായി പെരുമാറിയതിൽ ഞാൻ ഖേദിക്കുന്നു. അച്ഛാ, അമ്മേ ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു'' എന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. കുറിപ്പ് പരിശോധനക്കായി ഫോറൻസിക് സയന്റിഫിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്
ശിവയുടെ പിതാവ് സി.ആർ.പി.എഫിലെ ഹെഡ് കോൺസ്റ്റബിളാണ്. അതിനിടെ ശിവയുടെ ആത്മഹത്യയിൽ കോളേജ് മാനേജ്മെന്റിനെ കുറ്റപ്പെടുത്തി വിദ്യാർഥി സംഘടനകളും കുടുംബാംഗങ്ങളും കോളേജിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.പൊലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തി വീശുകയും ചെയ്തു. മാനേജ്മെന്റിന്റെ പീഡനവും സമ്മർദ്ദവും മൂലമാണ് ശിവ ജീവിതം അവസാനിപ്പിച്ചതെന്നാണ് ആരോപണം.