India
അമിത് ഷായ്ക്ക് വെജിറ്റേറിയൻ വിരുന്നൊരുക്കി ഗാംഗുലി; രാഷ്ട്രീയം കാണേണ്ടെന്ന് വിശദീകരണം
India

അമിത് ഷായ്ക്ക് 'വെജിറ്റേറിയൻ' വിരുന്നൊരുക്കി ഗാംഗുലി; രാഷ്ട്രീയം കാണേണ്ടെന്ന് വിശദീകരണം

Web Desk
|
6 May 2022 3:33 PM GMT

അമിത് ഷായെ ഒരു പതിറ്റാണ്ടായി നേരിട്ടറിയാമെന്നും നിരവധി തവണ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ബി.സി.സി.ഐ അധ്യക്ഷൻ സൗരവ് ഗാംഗുലി

കൊൽക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് വിരുന്നൊരുക്കി ബി.സി.സി.ഐ അധ്യക്ഷനും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനുമായ സൗരവ് ഗാംഗുലി. കൊൽക്കത്തയിലെ ഗാംഗുലിയുടെ വസതിയിലായിരുന്നു ഇന്ന് വൈകീട്ട് വിരുന്ന് നടന്നത്.

സന്ദർശന വിവരം നേരത്തെ അറിഞ്ഞ് നിരവധി പേർ അമിത് ഷായെ കാണാൻ ഗാംഗുലിയുടെ വീടിനു പരിസരത്ത് തടിച്ചുകൂടിയിരുന്നു. വെളുത്ത എസ്.യു.വി കാറിലെത്തിയ മന്ത്രി നാട്ടുകാരെ അഭിവാദ്യം ചെയ്ത ശേഷമാണ് ഗാംഗുലിയുടെ വീട്ടിലെത്തിയത്

അതേസമയം, സന്ദർശനത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് സൗരവ് ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞു. അമിത് ഷായെ ഒരു പതിറ്റാണ്ടായി അറിയാമെന്നും നിരവധി തവണ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.


''ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ സംസാരിക്കാനുണ്ട്. 2008 മുതൽ അദ്ദേഹത്തെ എനിക്ക് പരിചയമുണ്ട്. കളിക്കുന്ന സമയത്ത് ഞങ്ങൾ കണ്ടിരുന്നു. എന്നാൽ, മിക്ക സമയത്തും ഓരോ പര്യടനങ്ങളിലായതിനാൽ അധികം കാണാനായിട്ടില്ല. ഇപ്പോൾ അദ്ദേഹത്തിന്റെ മകനൊപ്പം ജോലി ചെയ്യുകയും ചെയ്യുന്നു.''- ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞു.

എന്തു സ്‌പെഷൽ വിഭവമാണ് കേന്ദ്ര ആഭ്യന്തര മന്ത്രിക്കായി ഒരുക്കിയിട്ടുള്ളതെന്ന ചോദ്യത്തിന് അദ്ദേഹമൊരു വെജിറ്റേറിയനാണെന്നായിരുന്നു ഗാംഗുലിയുടെ മറുപടി. വീട്ടിൽ പോയിനോക്കട്ടെ, എന്നാലേ അറിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതാദ്യമായല്ല അമിത് ഷായും സൗരവ് ഗാംഗുലിയും തമ്മിലുള്ള കൂടിക്കാഴ്ച വാർത്തകളിൽ നിറയുന്നത്. കഴിഞ്ഞ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ഇരുവരും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഗാംഗുലി ബി.ജെ.പി അംഗത്വം സ്വീകരിക്കുമെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു. മമത ബാനർജിക്കെതിരെ ഗാംഗുലിയെ മുന്നിൽനിർത്തിയാകും ബി.ജെ.പിയുടെ പോരാട്ടമെന്നായിരുന്നു പ്രചാരണം. എന്നാൽ, ബി.ജെ.പിയിൽ ചേരുന്നതായുള്ള വാർത്തകൾ തള്ളി ഗാംഗുലി തന്നെ രംഗത്തെത്തുകയായിരുന്നു.

Summary: Home Minister Amit Shah had dinner at BCCI chief and former cricketer Sourav Ganguly's home at Kolkata

Similar Posts